ഏഷ്യകപ്പ് സൂപ്പര്‍ഫോറില്‍ ഞായറാഴ്ച ഇന്ത്യ-പാകിസ്താന്‍ നിര്‍ണായക മത്സരം നടക്കാനിരിക്കെ ഒരു ദിവസം റിസര്‍വ് ഡേ പ്രഖ്യാപിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് (എസ്എല്‍സി). നേരത്തേ, ഏഷ്യകപ്പിലെ ഇന്ത്യ-പാക് മത്സരം മഴമൂലം റദ്ദാക്കിയിരുന്നു. ഇതു വിമര്‍ശനത്തിനിടാക്കിയ സാഹചര്യത്തിലാണ് ഞായറാഴ്ച മഴ മൂലം കളി തടസപ്പെട്ടാല്‍ തിങ്കളാഴ്ച റിസര്‍വ് ദിനമായി പ്രഖ്യാപിച്ചത്.
മഴയുടെ സീസണില്‍ ശ്രീലങ്കയില്‍ മത്സരങ്ങള്‍ നടത്തിയതിനെ ചോദ്യം ചെയ്ത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊളംബോയിലെ ആര്‍. പ്രേമദാസ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് റിസര്‍വ് ദിനം ഉള്‍പ്പെടുത്തിയത്.
ശ്രീലങ്കന്‍ ക്രിക്കറ്റ് (എസ്എല്‍സി) പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനിടെ പ്രതികൂല കാലാവസ്ഥ മൂലം കളി നിര്‍ത്തിയാല്‍, മത്സരം താല്‍ക്കാലികമായി നിര്‍ത്തിവച്ചിടത്തു നിന്ന് സെപ്റ്റംബര്‍ 11 ന് (തിങ്കള്‍) മത്സരം തുടരും.
അത്തരമൊരു സാഹചര്യത്തില്‍, ടിക്കറ്റ് ഉടമകള്‍ അവരുടെ മാച്ച് ടിക്കറ്റുകള്‍ കൈവശം വയ്ക്കണമെന്നും അടുത്ത ദിവസം അവ തന്നെ ഉപയോഗിക്കാമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.