2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പുതുക്കിയ ഫിക്‌സ്ചര്‍ പുറത്ത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടമുള്‍പ്പടെ ഒമ്പതു മത്സരങ്ങളുടെ തീയതിയില്‍ മാറ്റം വരുത്തിയാണ് പുതിയ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചത്. നവരാത്രി ഉത്സവകാലമായതിനാലും സുരക്ഷാ കാരണങ്ങളാലുമാണ് ഫിക്‌സ്ചറില്‍ മാറ്റം വരുത്താന്‍ ഐസിസിയും ബിസിസിഐയും തീരുമാനിച്ചത്.
അഹമ്മദാബാദില്‍ ഒക്‌ടോബര്‍ 15-ന് നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ഒരു ദിവസം മുമ്പേ 14-ലേക്കു മാറ്റിയാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. നവരാത്രി ആഘോഷങ്ങളെത്തുടര്‍ന്നാണിത്. ഇതിനു പുറമേ ഇന്ത്യയുടെ മറ്റൊരു മത്സരത്തിന്റെ തീയതിയും മാറ്റിയിട്ടുണ്ട്. നവംബര്‍ 11-ന് ബംഗളുരുവില്‍ നടത്താന്‍ നിശ്ചിയിച്ചിരുന്ന നെതര്‍ലന്‍ഡ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരം 12-ലേക്കാണ് മാറ്റിയത്.
ഇതുകൂടാതെ മറ്റ് ഏഴു മത്സരങ്ങളുടെ തീയതികളിലും മാറ്റമുണ്ട്. ഒക്‌ടോബര്‍ 12-ന് ഹൈദരാബാദില്‍ നടക്കാനിരുന്ന പാകിസ്താന്‍-ശ്രീലങ്ക മത്സരം ഒക്‌ടോബര്‍ പത്തിലേക്കും 13-ന് ലക്‌നൗവില്‍ നടക്കാനിരുന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മത്സരം 12-ലേക്കും 14-ന് ഡല്‍ഹിയില്‍ നടക്കാനിരുന്ന ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാന്‍ മത്സരം 15-ലേക്കും മാറ്റിയിട്ടുണ്ട്.
അതേസമയം 14-ന് ചെന്നൈ വേദിയാകാന്‍ നിശ്ചയിച്ചിരുന്ന ന്യൂസിലന്‍ഡ്-ബംഗ്ലാദേശ് മത്സരം ഒരു ദിവസം മുമ്പേയാക്കി 13-ലേക്കു മാറ്റി. ഇതിനു പുറമേ ഡബിള്‍ഹെഡ്ഡര്‍ ദിനമായിരുന്ന നവംബര്‍ 12-ന് നിശ്ചയിച്ചിരുന്ന കൊല്‍ക്കത്തയില്‍ നടക്കേണ്ട ഇംഗ്ലണ്ട്-പാകിസ്താന്‍ മത്സരവും പുനെയില്‍ നടക്കേണ്ട ഓസ്‌ട്രേലിയ-ബംഗ്ലാദേശ് മത്സരവും ഒരുദിനം മുന്നേയാക്കി. പുതുക്കിയ ഫിക്‌സ്ചര്‍ പ്രകാരം ഇതോടെ 12-ന് പകരം നവംബര്‍ 11- ആയിരിക്കും ഡബിള്‍ ഹെഡ്ഡര്‍ ദിനം.
കൂടാതെ ഒക്‌ടോബര്‍ 10-ന് ധരംശാലയില്‍ പകലും രാത്രിയുമായി നടത്താന്‍ നിശ്ചയിച്ച ഇംഗ്ലണ്ട് ബംഗ്ലാദേശ് മത്സരത്തിന്റെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡേ നൈറ്റ് മത്സരത്തിനു പകരം പുതിയ ഫിക്‌സ്ചര്‍ പ്രകാരം ഇത് ഡേ മത്സരമായായിരിക്കും സംഘടിപ്പിക്കുക. മത്സരം രാവിലെ 10:30-ന് ആരംഭിച്ച് 6:30-ന് അവസാനിക്കുന്ന തരരത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.
ഒക്‌ടോബര്‍ അഞ്ചിന് നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മില്‍ അഹമ്മദാബാദില്‍ ഏറ്റുമുട്ടുന്നതോടെയാണ് ലോകകപ്പിന് തുടക്കമാകുക. നവംബര്‍ 19-ന് ഇതേ വേദിയിലാണ് ഫൈനലും. ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന ഈമാസം 25-ന് ആരംഭിക്കുമെന്നും ഐസിസി വൃത്തങ്ങള്‍ അറിയിച്ചു.
ആരാധകരുടെ തിരക്ക് പ്രമാണിച്ച് ഘട്ടംഘട്ടമായുള്ള ടിക്കറ്റ് വില്‍പ്പനയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ അല്ലാത്ത ലോകകപ്പ് മത്സരങ്ങളുടെയും സന്നാഹ മത്സരങ്ങളുടെയും ടിക്കറ്റ് വില്‍പ്പനയാണ് ഈ മാസം 25-ന് ആരംഭിക്കുക. ഗുവാഹത്തിയിലും തിരുവനന്തപുരത്തുമായി നടക്കുന്ന ഇന്ത്യയുടെ സന്നാഹ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ഓഗസ്റ്റ് 30-ന് തുടങ്ങും.
ചെന്നൈ, ഡല്‍ഹി, പുനെ എന്നിവിടങ്ങളില്‍ നടക്കുന്ന ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന ഓഗസ്റ്റ് 31-നും ധരംശാല, ലക്‌നൗ, മുംബൈ എന്നിവിടങ്ങളില്‍ നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് സെപ്റ്റംബര്‍ ഒന്നിനും ബംഗളുരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ മത്സരങ്ങളുടെ ടിക്കറ്റ് സെപ്റ്റംബര്‍ രണ്ടിനും വില്‍പന ആരംഭിക്കും. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരമുള്‍പ്പടെ അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന സെപ്റ്റംബര്‍ മൂന്നു മുതലാണ്. സെമിഫൈനലുകളുടെയും ഫൈനലിന്റെയും ടിക്കറ്റ് സെപ്റ്റംബര്‍ 15 മുതല്‍ ലഭ്യമാകും.