സെപ്റ്റംബർ 28 ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരത്തിനുള്ള ടിക്കറ്റുകളുടെ വില്പന നാളെ ആരംഭിക്കും. നാളെ വൈകീട്ട് 6.30ന് തിരുവനന്തപുരത്തെ ഹോട്ടൽ താജ് വിവാന്തയിൽ നടക്കുന്ന ചടങ്ങില്‍ നടൻ സുരേഷ് ഗോപിയാണ് ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്യുന്നത്. വൈകിട്ട് 7.30 മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റ് ലഭ്യമാകും.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സജന്‍ കെ വര്‍ഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇന്ത്യന്‍ താരം സഞ്ജു സാംസണെ ആദരിക്കും. ടി-20 മത്സരത്തിന്റെ ടീസര്‍ വിഡിയോയുടെ പ്രകാശനം മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വഹിക്കും. മത്സരത്തിന്റെ ബാങ്കിങ് പാട്ണറായ ഫെഡറല്‍ ബാങ്കുമായും ടിക്കറ്റിങ് പാട്ണറായ പേടിഎം ഇന്‍സൈഡറുമായും മെഡിക്കല്‍ പാട്ണറായ അനന്തപുരി ഹോസ്പിറ്റലുമായുമുള്ള ധാരണാ പത്രങ്ങളും ചടങ്ങില്‍വെച്ചു കൈമാറുമെന്ന് സംഘാടക സമിതി അറിയിച്ചു. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ ശ്രീജിത്ത് വി നായര്‍, ജോയിന്റ് സെക്രട്ടറി അഡ്വ രജിത് രാജേന്ദ്രന്‍, ടി20 മത്സരത്തിന്റെ ജനറല്‍ കണ്‍വീനര്‍ വിനോദ് എസ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും.
ട്വന്റി20 ലോകകപ്പിന് മുന്നോടിയായിട്ടുള്ള ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള ട്വന്റി-20 പരമ്പരയും മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയുമാണ് പര്യടനത്തിലുള്ളത്. രണ്ടാം ട്വന്റി-ട്വന്റി ഒക്ടോബർ രണ്ടിന് ഗുവഹത്തിയിലും മൂന്നാം മത്സരം ഒക്ടോബർ നാലിന് ഇൻഡോറിലുമാണ്.
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ട്വന്റി-20 മത്സരമായിരുന്നു അവസാനമായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടന്നത്. 2019 ഡിസംബർ എട്ടിനായിരുന്നു ഈ മത്സരം. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വെസ്റ്റ് ഇൻഡീസ്- ഇന്ത്യ മത്സരം വീണ്ടും നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മൂന്നാം തരംഗം മൂലം അവസരം നഷ്ടമാവുകയായിരുന്നു. ഇതുവരെ മൂന്ന് രാജ്യാന്തര മത്സരങ്ങളാണ് ഗ്രീന്‍ഫീല്‍ഡില്‍ നടന്നിട്ടുള്ളത്.