വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര പിടിക്കാന്‍ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ആദ്യ മത്സരം നടന്ന ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവല്‍ സ്‌റ്റേഡിയം തന്നെയാണ് പോരാട്ടവേദി. ഇന്ത്യന്‍ സമയം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. കഴിഞ്ഞ മത്സരത്തിലെ അഞ്ച് വിക്കറ്റ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുക.
കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ബൗളിങ് നിരയുടെ പ്രകടനം ബാര്‍ബഡോസയില്‍ ഇന്നും ഇന്ത്യയ്ക്ക് നിര്‍ണായകമാകും
കഴിഞ്ഞ മത്സരത്തില്‍ ഏറെ മാറ്റങ്ങളുമായാണ് രോഹിത് ശര്‍മയും സംഘവും കളത്തിലിറങ്ങിയത്. ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 114 റണ്‍സിലൊതുക്കിയ ഇന്ത്യ 22.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നിരുന്നു. ബൗളിങ് നിരയുടെ പ്രകടനം ബാര്‍ബഡോസയില്‍ ഇന്നും ഇന്ത്യയ്ക്ക് നിര്‍ണായകമാകും. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അര്‍ദ്ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷാനും ഇന്ത്യന്‍ വിജയത്തിന് വഴി തെളിച്ചു. എന്നാല്‍ വളരെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ടിട്ടും ഇന്ത്യയ്ക്ക് ലക്ഷ്യത്തിലേക്കെത്താന്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തേണ്ടി വന്നു. അതുകൊണ്ട് തന്നെ ഇത്തവണ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തുമ്പോള്‍ രോഹിത് ശര്‍മ കാര്യമായി ശ്രദ്ധിക്കേണ്ടി വരും.
കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഏഴാം സ്ഥാനത്താണ് ബാറ്റിങ്ങിനിറങ്ങിയത്. വിരാട് കോഹ്‌ലിക്ക് ബാറ്റ് ചെയ്യാന്‍ പോലും അവസരം ലഭിച്ചിരുന്നില്ല. ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്. ബാറ്റിങ് നിരയിലെ പരീക്ഷണങ്ങള്‍ വരുന്ന മത്സരങ്ങളിലും തുടരുമെന്ന് രോഹിത് വ്യക്തമാക്കിയിരുന്നു. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് ടീം ശ്രമിക്കുന്നത്. ടീമില്‍ അഴിച്ചുപണി നടത്തുമെന്ന് ക്യാപ്റ്റന്‍ പറഞ്ഞതിനാല്‍ മലയാളി താരം സഞ്ജു സാംസണ് ഇന്ന് അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സൂര്യകുമാര്‍ യാദവ് മികച്ച പ്രകടനം നടത്താതിരുന്നിട്ടും തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നതില്‍ നിരവധിപേര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.