വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര 2-1ന് സ്വന്തമാക്കി ഇന്ത്യ. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പടുത്തുയർത്തിയ 351 റണ്‍സ് മറികടക്കാൻ വെസ്റ്റിന്‍ഡീസിന് ആയില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് 35.3 ഓവറിൽ 151 റൺസ് എടുക്കാനെ സാധിച്ചിളളൂ. ശുഭ്മാന്‍ ഗില്‍ മത്സരത്തിലെ താരമായി. ഇഷാന്‍ കിഷനാണ് പ്ലെയര്‍ ഓഫ് ദ സീരീസ്.
കൂറ്റൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റിന്‍ഡീസിന് പവർപ്ലേയിൽ തന്നെ കാര്യങ്ങൾ പിഴക്കുകയായിരുന്നു. വലം കയ്യൻ മീഡിയം പേസർ മുകേഷ് കുമാറിന്റെ ബൗളിങ്ങിന് മുന്നിൽ വിൻഡീസ് മുൻനിര തകർന്നടിയുകയായിരുന്നു. മൂന്ന് വിക്കറ്റ് മുകേഷ് കുമാർ സ്വന്തമാക്കിയപ്പോൾ 37 റൺസ് വിട്ടുനൽകി നാല് വിക്കറ്റുകൾ എടുത്ത ഷാർദുൽ താക്കൂറും 2 വിക്കറ്റുകൾ നേടി കുൽദീപ് യാദവും ഒരു വിക്കറ്റുമായി ജയ്‌ദേവ് ഉനദ്‌കട്ടും ഇന്ത്യയ്ക്കായി തിളങ്ങി.
ആദ്യ ഓവറില്‍ തന്നെ ബ്രന്‍ഡന്‍ കിങ് റണ്ണൊന്നുമെടുക്കാതെ മടങ്ങി. അവിടെ തുടങ്ങിയ തകര്‍ച്ചയില്‍ നിന്ന് വിന്‍ഡീസിന് പിന്നെ കരകയറാനായില്ല. ആദ്യ ഏഴ് പേരില്‍ അലിക്ക് അതാന്‍സെ (32) മാത്രമാണ് രണ്ടക്കം കടന്നത്. കെയ്ല്‍ മെയേഴ്‌സ് (4), ഷായ് ഹോപ് (5), കീസി കാര്‍ട്ടി (6), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (4), റൊമാരിയോ ഷെഫേര്‍ഡ് (8) എന്നിവരും പ്രതീക്ഷ കാത്തില്ല. യാന്നിക് കറിയ (19), അല്‍സാരി ജോസഫ് (26), ഗുഡകേഷ് മോട്ടീ (പുറത്താവാത 39) എന്നിവരുടെ ഇന്നിങ്സ് ആണ് ടീമിനെ 151 റൺസിലേക്ക് എത്തിച്ചത്.
ലോകകപ്പിനോട് അനുബന്ധിച്ച്, തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നായകന്‍ രോഹിത് ശര്‍മയ്ക്കും മുന്‍ നായകന്‍ വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ, അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ,സഞ്ജു സാംസണ്‍ എന്നിവരുടെ പ്രകടനമികവിലാണ് 351 റൺസിലേക്ക് എത്തിയത്. 92 പന്തിൽ 85 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 64 പന്തുകളില്‍ നിന്ന് 77 റണ്‍സ് നേടിയ ഇഷാൻ കിഷനും മികച്ച ഓപ്പണിങ് ആണ് ഇന്ത്യയ്ക്ക് നൽകിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 19.4 ഓവറില്‍ 143 റണ്‍സ് അടിച്ചുകൂട്ടിയത്.
പിന്നാലെ വന്ന ഗെയക്ക്‌വാദിന് കാര്യമായി ഒന്നും ചെയ്യാനായില്ല. സഞ്ജു സാംസൺ 41 പന്തിൽ 51 റൺസ് നേടി. മികച്ച ഇൻ-ഔട്ട് ഷോട്ടുകൾ കളിച്ച സഞ്ജു രണ്ടു ബൗണ്ടറികളും നാലു സിക്‌സറുകളും അടിച്ചാണ് അർധസെഞ്ചുറി തികച്ചത്. 30 പന്തിൽ 35 റൺസ് എടുത്ത് സൂര്യകുമാർ യാദവും 52 പന്തിൽ 4 ബൗണ്ടറിയും അഞ്ച് സിക്സറും സഹിതം 70 റൺസെടുത്ത നായകൻ ഹാർദിക് പാണ്ഡ്യയുടെയും മികവിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 351 റൺസ് എടുത്തത്.