വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ട്വന്റി20യും ജയിച്ച് 4-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ അവസാന മത്സരത്തിനിറങ്ങിയ ഇന്ത്യ, 88 റണ്‍സിനാണ് വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ രണ്ടാമത്തെ മത്സരം മാത്രമാണ് വിന്‍ഡീസിന് ജയിക്കാനായത്. അവസാന അങ്കത്തില്‍ അക്‌സര്‍ പട്ടേല്‍ കളിയിലെ താരമായപ്പോള്‍, അര്‍ഷ്ദീപ് സിങ് പരമ്പരയുടെ താരമായി. വിന്‍ഡീസ് പര്യടനത്തിലെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
മൂന്ന് മത്സരങ്ങള്‍ ജയിച്ച് പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ അഞ്ചാം മത്സരത്തിനിറങ്ങിയത്. ഫ്‌ലോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് സ്‌റ്റേഡിയത്തില്‍, ശ്രേയസ് അയ്യര്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. 40 പന്തില്‍ 64 റണ്‍സാണ് അയ്യര്‍ അടിച്ചെടുത്തത്. ഇഷാന്‍ കിഷാന്‍ (11), സഞ്ജു സാംസണ്‍ (15), ദീപക് ഹൂഡ (38), ഹാര്‍ദിക് പാണ്ഡ്യ (പുറത്താകാതെ 28), ദിനേശ് കാര്‍ത്തിക് (12) എന്നിവരുടെ പ്രകടനത്തില്‍, ഇന്ത്യ ഏഴ് വിക്കറ്റിന് 188 റണ്‍സെടുത്തു.
189 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.19.4 ഓവറില്‍ 100 റണ്‍സ് മാത്രം എടുത്ത് വെസ്റ്റ് ഇന്‍ഡീസ് പുറത്തായി. മികച്ച ഫോമില്‍ കളത്തിലിറങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ വിന്‍ഡീസ് ബാറ്റര്‍മാരെ നിലം തൊടീച്ചില്ല. 35 പന്തില്‍ 56 റണ്‍സ് എടുത്ത ഹെറ്റ്‌മെയെര്‍ ഒഴികെ ആര്‍ക്കും സ്‌കോര്‍ 15ന് മുകളിലേക്ക് ഉയര്‍ത്താന്‍ സാധിച്ചില്ല. ബിഷ്‌ണോയിയുടെ പന്തില്‍ ഹെറ്റ്‌മെയെറും പുറത്തായതോടെ വെസ്റ്റ് ഇന്‍ഡീസ് നിലംപരിശായി.
രവി ബിഷ്‌ണോയ് നാല് വിക്കറ്റും അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി. 15 റണ്‍സ് മാത്രം വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് ആയി.