ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ അവസാനത്തെയും നിര്‍ണായകവുമായ മത്സരത്തില്‍ ഇന്ത്യക്ക് ആദ്യം ബൗളിങ് ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മൂന്നു മത്സര പരമ്പരയില്‍ ഓരോ ജയങ്ങളുമായി ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇന്നത്തെ വിജയികള്‍ കിരീടം ചൂടുമെന്നതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഫൈനല്‍ ആവേശത്തിലാണ് ഹൈദരാബാദ്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ മൊഹാലിയില്‍ ഓസ്‌ട്രേലിയ ആറു വിക്കറ്റിന്റെ ജയം നേടിയപ്പോള്‍ കഴിഞ്ഞ ദിവസം നാഗ്പ്പൂരില്‍ മഴയെത്തുടര്‍ന്ന് എട്ടോവറാക്കി ചുരുക്കിയ രണ്ടാം മത്സരത്തില്‍ ആറു വിക്കറ്റ് ജയം നേടി ഇന്ത്യ തിരിച്ചടിച്ചിരുന്നു. ഇതോടെയാണ് ഇന്നത്തെ മത്സരം നിര്‍ണായകമായത്.
നിര്‍ണായക മത്സരത്തിനിറങ്ങുമ്പോള്‍ ഡെത്ത് ഓവര്‍ ബൗളിങ്ങാണ് ഇന്ത്യക്കും ഓസ്‌ട്രേലിയയ്ക്കും തലവേദനയാകുന്നത്. പരുക്കില്‍ നിന്നു മുക്തനായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തിയിട്ടും ഇന്ത്യയുടെ ആശങ്ക ഒഴിയുന്നില്ല. ബുംറയ്ക്ക് മികച്ച പിന്തുണ നല്‍കാന്‍ മറ്റു ബൗളര്‍മാര്‍ക്ക് കഴിയാതെ പോകുന്നതാണ് പ്രശ്‌നം.
മറ്റൊരു പ്രധാന ബൗളറായ ഭുവനേശ്വര്‍ കുമാറിന് അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് തടയാനാകാത്തതും മികച്ച മൂന്നാം ബൗളറുടെ അഭാവവുമാണ് ഇന്ത്യയെ വലയ്ക്കുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ ഹര്‍ഷല്‍ പട്ടേലാണ് മൂന്നാം പേസറുടെ റോള്‍ നിര്‍വഹിച്ചത്. എന്നാല്‍ ഓസീസ് ബാറ്റര്‍മാര്‍ കണക്കിന് ശിക്ഷിച്ചിരുന്നു. സ്പിന്‍ വിഭാഗത്തില്‍ അക്‌സര്‍ പട്ടേല്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ട്വന്റി 20 ലോകകപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ഈ പ്രതിസന്ധിക്കു പരിഹാരം കാണുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
മറുവശത്ത് ഓസ്‌ട്രേലിയയും സമാന പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഡെത്ത് ഓവര്‍ പ്രതിസന്ധിക്കു പുറമേ മധ്യനിര ബാറ്റര്‍മാരും ഫോമിലേക്ക് ഉയരാത്തത് അവര്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. നായകനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച്, മധ്യനിര താരം മാത്യു വേഡ്, സ്പിന്നര്‍ ആദം സാംപ എന്നിവരുടെ ഫോം മാത്രമാണ് അവര്‍ക്കു പ്രതീക്ഷ നല്‍കുന്നത്.
കഴിഞ്ഞ മത്സരത്തില്‍ ആവേശജയം നേടിയ ഇലവനില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. യുവവിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു പകരം പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തി. ഓസ്‌ട്രേലിയന്‍ നിരയിലും ഒരു മാറ്റമുണ്ട്. പേസര്‍ സീന്‍ അബോട്ടിനു പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇന്‍ഗ്ലിസ് ആദ്യ ഇലവനില്‍ ഇടംപിടിച്ചു.