വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ആക്ഷേപവുമായി ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യ. ഇന്ത്യന്‍ താരങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും സാധിച്ചു തരുന്നതില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പരാജയപ്പെട്ടെന്ന് താരം വിമര്‍ശിച്ചു. അടുത്ത തവണ വിന്‍ഡീസില്‍ കളിക്കാന്‍ വരുമ്പോള്‍ ടീമിന് അടിസ്ഥാന സൗകര്യങ്ങളെങ്കിലും സാധിച്ചു തരാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് താരം തുറന്നടിച്ചു. വിന്‍ഡീസുമായുള്ള പരമ്പര 2-1 ന് സ്വന്തമാക്കിയതിന് ശേഷം സമ്മാനദാനച്ചടങ്ങിനിടെയാണ് ഹാര്‍ദിക്കിന്റെ പ്രതികരണം. രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദ്ദിക്കാണ് അവസാന രണ്ട് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചത്.
''ഞങ്ങള്‍ കളിച്ചതില്‍വച്ച് ഏറ്റവും മികച്ച ഗ്രൗണ്ടുകളിലൊന്നാണിത്. പക്ഷേ അടുത്ത തവണ ഞങ്ങള്‍ വിന്‍ഡീസിനെതിരെ കളിക്കാന്‍ വരുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ അധികൃതര്‍ കുറച്ചുകൂടി ശ്രദ്ധിക്കണം. യാത്രയിലടക്കം ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായി. കഴിഞ്ഞ വര്‍ഷവും ഇങ്ങനെ സംഭവിച്ചിരുന്നു. ഞങ്ങള്‍ക്ക് ആഡംബരം ആവശ്യമില്ല, പക്ഷേ അടിസ്ഥാന ആവശ്യങ്ങളെങ്കിലും സാധിച്ചു തരണം.'' ഹാര്‍ദ്ദിക് ചൂണ്ടിക്കാട്ടി. ഇത്തരം ചില ബുദ്ധിമുട്ടുകള്‍ ഒഴിച്ചാല്‍ ഇവിടെ വന്നതും കളിച്ചതും നന്നായി ആസ്വദിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. ആദ്യ ഏകദിനത്തിന് മുന്‍പ് ബാര്‍ബഡോസിലേക്കുള്ള വിമാനം വൈകിയതില്‍ താരങ്ങള്‍ അതൃപ്തി അറിയിച്ചിരുന്നു.
യാത്രയിലടക്കം ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായി. കഴിഞ്ഞ വര്‍ഷവും ഇങ്ങനെ സംഭവിച്ചിരുന്നു
എന്നാല്‍ ഹാര്‍ദ്ദിക്കിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. താരം വെസ്റ്റ് ഇന്‍ഡീസിനെ കുറ്റപ്പെടുത്തിയത് ശരിയായില്ലെന്നും അത് വന്ന വഴി മറക്കുന്നതിന് തുല്യമാണെന്നും വിമര്‍ശനമുയര്‍ന്നു. കാലങ്ങളായി ഇന്ത്യയോട് സൗഹൃദം പുലര്‍ത്തുന്ന രാജ്യമാണ് വിന്‍ഡീസ്. അവിടുത്തെ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് അറിയാമായിരുന്നിട്ടും ഹാര്‍ദ്ദിക് ആക്ഷേപിക്കുകയാണെന്ന് കുറ്റപ്പെടുത്തലുകളും ഉയര്‍ന്നുവരുന്നുണ്ട്.
മൂന്നാം ഏകദിനത്തില്‍ വിന്‍ഡീസിനെ 200 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മത്സരത്തില്‍ ക്യാപ്റ്റനായിറങ്ങിയ ഹാര്‍ദ്ദിക് വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടത്തിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 352 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുപിടിച്ച വിന്‍ഡീസ് വെറും 151 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.