2023ലെ ഐസിസി ഏകദിന പുരുഷ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഏകദിന ലോകകപ്പിനുള്ള താത്ക്കാലിക പട്ടിക വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. 15 അംഗ ടീമിനെ അന്തിമമാക്കാൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയും പരിശീലകൻ രാഹുൽ ദ്രാവിഡിനെയും കാണാൻ ബിസിസിഐയുടെ സെലക്ഷൻ കമ്മിറ്റി മേധാവിയായ അജിത് അഗാർക്കർ ശനിയാഴ്ച ശ്രീലങ്കയിലേക്ക് പോയിരുന്നു.
ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് ലോകകപ്പ് ടീമുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ടീം മാനേജ്മെന്റുമായി കൂടിയാലോചിച്ച ശേഷമാണ് ലോകകപ്പിനുളള ടീമിനെ പ്രഖ്യാപിക്കുന്നത്. 2023ലെ വരാനിരിക്കുന്ന ഐസിസി ലോകകപ്പിനായി അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് 15 പേരടങ്ങുന്ന ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തത്. പ്രധാന മത്സരത്തിനുള്ള താത്കാലിക പട്ടിക സെപ്റ്റംബർ 5-നകം സമർപ്പിക്കണം. എന്നാൽ, സെപ്റ്റംബർ 28 വരെ ടീമിൽ മാറ്റങ്ങൾ വരുത്താൻ അനുമതിയുണ്ട്.
ലോകകപ്പിനുവേണ്ടിയുള്ള 15 അംഗ സ്‌ക്വാഡിൽ കെ എൽ രാഹുൽ സ്ഥാനമുറപ്പിച്ചതായാണ് റിപ്പോർട്ടുകൾ. കെഎൽ രാഹുലിന്റെ ഫിറ്റ്നസ് നിലയെച്ചൊല്ലി നേരത്തെ ആശങ്കകൾ ഉണ്ടായിരുന്നു. 2023ലെ ഏഷ്യാ കപ്പിന്റെ സ്കോടിൽ രാഹുൽ ഇടം പിടിച്ചെങ്കിലും പാക്കിസ്ഥാനുമായുളള മത്സരത്തിൽ താരം ഇറങ്ങിയിരുന്നില്ല. രാഹുലിന് പകരം ഇഷാന്‍ കിഷനാണ് കളിച്ചിരുന്നത്. എന്നാൽ, ഏഷ്യാ കപ്പിന്റെ സൂപ്പർ 4 ഘട്ടത്തിൽ താരത്തിന് അവസരം ലഭിക്കുമെന്നാണ് സൂചനകൾ. അതേസമയം, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ ലോകകപ്പിനുള്ള സ്‌ക്വാഡിൽ ഇടം പിടിച്ചിട്ടില്ല. ഏഷ്യ കപ്പിന്റെ 17 അംഗ ടീമിലുള്ള തിലക് വർമയ്ക്കും പ്രസീദ് കൃഷ്ണയ്ക്കും സ്ഥാനം നഷ്ടമായി. രാഹുലിന് പുറമെ, ശ്രേയസ് അയ്യരും സൂര്യകുമാർ യാദവും ടീമിൽ ഇടം പിടിച്ചു.
ഏകദിന ലോകകപ്പിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യയുടെ ഏഷ്യാകപ്പിലെ പ്രകടനം വലിയ വിമർശനങ്ങൾ വഴിവച്ചിട്ടുണ്ട്. 2023 ലെ ഏഷ്യാ കപ്പിൽ പാകിസ്താനെതിരായ ബാറ്റിംഗ് പ്രകടനം ശരാശരിയിലും താഴെയാണ്. മുൻനിര താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ അടക്കമുളള താരങ്ങൾ പാകിസ്താൻ പേസർമാർക്ക് മുന്നിൽ മുട്ടിടിക്കുന്ന കാഴ്ചയാണ് കാണാനിടയായത്. ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയ്ക്കും മാത്രമാണ് അസാധാരണമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്. ഒടുവിൽ മഴ കളി തടസ്സപ്പെടുത്തിയതോടെ ഇന്ത്യ-പാകിസ്ഥാൻ മത്സരവും ഉപേക്ഷിക്കാനിടയായി. ഇരു ടീമുകളും ഒരോ പോയിന്റ് വീതം പങ്കിടുകയും ചെയ്തു. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത പാകിസ്താന്‍ ഇതോടെ സൂപ്പര്‍ ഫോര്‍ ബെര്‍ത്തും ഉറപ്പാക്കി.
പാകിസ്താതാനുമായുളള മത്സരത്തിലെ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കറും പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ പ്രകടനത്തിൽ തനിക്ക് വലിയ ആശങ്കകൾ ഇല്ലെന്നായിരുന്നു ഗവാസ്കറിന്റെ പ്രതികരണം. ടോപ്പ് ഓർഡറിന്റെ മോശം പ്രകടനത്തെക്കുറിച്ചാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. രോഹിതും വിരാടും ഗില്ലും വിക്കറ്റുകൾ നഷ്ടപ്പെടുത്തിയപ്പോഴും 260ന് മുകളിൽ സ്കോർ പടുത്തുയർത്താനുളള മധ്യനിരതാരങ്ങൾ ഇന്ത്യയ്ക്കുണ്ടെന്നായിരുന്നു ഗവാസ്കർ പറഞ്ഞത്. രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും പോലുള്ള മുൻനിര താരങ്ങൾക്ക് മോശം ദിനങ്ങൾ ഉണ്ടാകുമെന്നും അതേസമയം, മധ്യനിരയിൽ മികച്ച താരങ്ങൾ ടീമിനായി ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ താൽക്കാലിക സ്ക്വാഡ്: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ