ലോകകപ്പ് സന്നാഹ മത്സരത്തിനായി ടീം ഇന്ത്യ തിരുവനന്തപുരത്ത്. ഇന്നലെ വൈകുന്നേരം നാലിന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഗുവാഹത്തിയിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് ടീം ഇന്ത്യ എത്തിച്ചേർന്നത്. നെതർലൻഡഡ്സിനെതിരായ രണ്ടാം സന്നാഹ മത്സരത്തിന് മുന്നോടിയായിട്ടാണ് കനത്ത മഴയ്ക്ക് ഇടയിലും ഇന്ത്യൻ ടീം ഇന്നലെ തലസ്ഥാനത്ത് എത്തിച്ചേർന്നത്.
എന്നാല്‍, വിരാട് കോഹ്ലി ടീമിനൊപ്പം ഉണ്ടായിരുന്നില്ല. വ്യക്തിപരമായ അടിയന്തരാവശ്യത്തെ തുടര്‍ന്ന് ഗുവാഹത്തിയില്‍ നിന്ന് കോഹ്ലി മുംബൈക്ക് തിരികെ പറക്കുകയായിരുന്നു. വിരാടും അനുഷ്‌കയും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തിലാണ് കോഹ്ലി അടിയന്തരമായി മുംബൈയിലേക്ക് പോയതെന്നാണ് സൂചന. സന്നാഹ മത്സരത്തിന് മുന്‍പായി കോഹ്ലി എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ട. അടുത്തിടെ നടന്ന പരമ്പരയില്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ഏകദിനങ്ങളില്‍ ഒന്നില്‍ മാത്രമാണ് കോഹ്ലി ഗ്രൗണ്ടിലിറങ്ങിയത്. ഗുവാഹത്തിയില്‍ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
നെതർലൻഡഡ്സ് ടീം ഇന്നലെ മുതൽ പരിശീലനം ആരംഭിച്ചു. ഇന്നുച്ച കഴിഞ്ഞ് രണ്ടു മണി മുതൽ അഞ്ചു മണി വരെ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങും. ഇംഗ്ലണ്ടിനെതിരായ ഗുവാഹത്തിയിലെ ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. മഴ ചതിച്ചില്ലെങ്കിൽ നാളെ ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് ഇന്ത്യ നെതർലൻഡഡ്സ് സന്നാഹ മത്സരം നടക്കും. ഓസ്ട്രേലിയൻ ടീമിനെ കീഴടക്കിയ ആത്മബലത്തിലാകും നാളെ നെതർലൻഡഡ്സ് കളത്തിലിറങ്ങുക.