CRICKET

വാങ്ക്ഡെയില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം; വനിത ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയെ കീഴടക്കുന്നത് ആദ്യം

ഇതിന് മുന്‍പ് പത്ത് തവണയാണ് ഓസ്ട്രേലിയയും ഇന്ത്യയും ടെസ്റ്റ് ക്രിക്കറ്റില്‍ നേർക്കുനേർ വന്നത്. നാല് തവണ ഓസിസ് വിജയിക്കുകയും ആറ് മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയുമായിരുന്നു

വെബ് ഡെസ്ക്

വനിത ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ചരിത്ര ജയവുമായി ഇന്ത്യ. വാങ്ക്ഡെയില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതാദ്യമായാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയെ ഇന്ത്യ കീഴടക്കുന്നത്. ഇതിന് മുന്‍പ് പത്ത് തവണ ഏറ്റുമുട്ടിയപ്പോള്‍ നാല് മത്സരങ്ങളില്‍ ഓസിസ് വിജയിക്കുകയും ആറെണ്ണം സമനിലയില്‍ കലാശിക്കുകയുമായിരുന്നു

രണ്ടാം ഇന്നിങ്സില്‍ 75 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ ജയം ഉറപ്പാക്കിയത് സ്മ്യതി മന്ദനയും (38) ജെമിമ റോഡ്രിഗസും (12) ചേർന്നായിരുന്നു. ഷഫാലി വർമ (4), റിച്ച ഘോഷ് (13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

നേരത്തെ പൂജ വസ്ത്രാക്കറിന്റേയും (നാല് വിക്കറ്റ്) സ്നെ റാണയുടേയും (മൂന്ന് വിക്കറ്റ്) മികവില്‍ ഓസ്ട്രേലിയയെ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 219 റണ്‍സിന് പുറത്താക്കിയിരുന്നു. തഹ്‌ലിയ മഗ്രാത്തും (50) ബെത്ത് മൂണിയുമായിരുന്നു (40) ഓസിസിനായി തിളങ്ങിയത്.

മറുപടി ബാറ്റിങ്ങില്‍ 187 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടിയാണ് ഇന്ത്യ മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചത്. ദീപ്തി ശർമ (78), സ്മൃതി മന്ദന (74), ജെമിമ റോഡ്രിഗസ് (73), റിച്ച ഘോഷ് (52) എന്നിവർ അർധ സെഞ്ചുറി നേടിയപ്പോള്‍ ഇന്ത്യന്‍ സ്കോർ അനായാസം 400 കടന്നു (406). നാല് വിക്കറ്റെടുത്ത ആഷ്‍ലി ഗാർഡനറായിരുന്നു ഓസിസിനായി കൂടുതല്‍ വിക്കറ്റെടുത്തത്.

രണ്ട് ദിവസം ശേഷിക്കെ 187 റണ്‍സിന്റെ ലീഡ് വഴങ്ങിയതിന് ശേഷം സമനില പിടിക്കാനുള്ള ശ്രമങ്ങളായിരുന്നു ഓസ്ട്രേലിയ നടത്തിയത്. എന്നാല്‍ ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ സാധിച്ച ഓസ്ട്രേലിയെ മികച്ച ലീഡിലേക്ക് എത്താന്‍ ഇന്ത്യന്‍ ബൗളർമാർ അനുവദിച്ചില്ല. രണ്ടാം ഇന്നിങ്സില്‍ 261 റണ്‍സിനാണ് ഓസ്ട്രേലിയ വീണത്.

തെഹ്‌ലിയ മഗ്രാത്തും (73) എലിസെ പെറിയും (45) ചെറുത്തു നില്‍പ്പ് നടത്തിയെങ്കിലും തകർച്ചയില്‍ നിന്ന് കരകയറ്റാനായില്ല. എലിസ ഹീലിയും (101 പന്തില്‍ 32), അന്നബല്‍ സതർലന്‍ഡും (102 പന്തില്‍ 27) സമനിലയ്ക്കായി പൊരുതി. നാല് വിക്കറ്റെടുത്ത സ്നെ റാണയാണ് രണ്ടാം ഇന്നിങ്സിലും ഓസിസ് ബാറ്റിങ് നിരയെ വീഴ്ത്തിയത്. രാജേശ്വരി ഗെയ്ക്വാദും ഹർമന്‍പ്രീത് കൗറും രണ്ട് വിക്കറ്റ് വീതം നേടി.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി