CRICKET

സ്മൃതി-ഷെഫാലി മാസ്റ്റർക്ലാസ്; ആദ്യ ട്വന്റി20യില്‍ ഓസിസിനെ അനായാസം കീഴടക്കി ഇന്ത്യ

വെബ് ഡെസ്ക്

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒന്‍പത് വിക്കറ്റ് ജയം. സന്ദർശകർ ഉയർത്തിയ 142 റണ്‍സ് വിജയലക്ഷ്യം. 14 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. നീലപ്പടയ്ക്കായി ഓപ്പണർമാരായ സ്മൃതി മന്ദനയും (54) ഷെഫാലി വെർമയും (64*) അർധ സെഞ്ചുറി നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

ഡ്യുവിന്റെ സാന്നിധ്യം ഓസീസ് ബൗളിങ് നിരയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തിയപ്പോള്‍ ഇന്ത്യന്‍ ഓപ്പണർമാരുടെ ബാറ്റില്‍ നിന്ന് അനായാസം റണ്‍സ് പിറന്നു. സ്മൃതി മന്ദന തുടക്കത്തില്‍ റൺസ് കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടിയെങ്കിലും ഷെഫാലി ഫീല്‍ഡിലെ വിള്ളലുകള്‍ കൃത്യമായി ഉപയോഗിച്ചു. ഷെഫാലി സ്കോറിങ്ങിന്റെ വേഗത വർധിപ്പിച്ചതോടെ സ്മൃതിയും ട്രാക്കിലേക്കെത്തി.

32 പന്തില്‍ നിന്നായിരുന്നു ട്വന്റി20 കരിയറിലെ തന്റെ എട്ടാം അർധ സെഞ്ചുറി ഷെഫാലി പിന്നിട്ടത്. സ്മൃതി 50 പന്തുകള്‍ നേരിട്ടു സമാന നേട്ടത്തിലേക്ക് എത്താന്‍. അർധ സെഞ്ചുറിക്ക് പിന്നാലെ തന്നെ സ്മൃതി മടങ്ങി. 52 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 54 റണ്‍സാണ് ഇടം കയ്യന്‍ ബാറ്റർ നേടിയത്. 44 പന്തില്‍ 64 റണ്‍സെടുത്ത് ഷെഫാലി പുറത്താകാതെ നിന്നു. ആറ് ഫോറും മൂന്ന് സിക്സുമാണ് ഷെഫാലിയുടെ ഇന്നിങ്സില്‍ പിറന്നത്.

ഓസ്ട്രേലിയ 141/10

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗറിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം. നാലാം ഓവറില്‍ ബെത്ത് മൂണിയെ (17) മടക്കി തിതാസ് സദ്ധുവാണ് ഓസ്ട്രേലിയയുടെ ബാറ്റിങ് തകർച്ചയ്ക്ക് തുടക്കമിട്ടത്. പവർപ്ലെയ്ക്കുള്ളില്‍ തന്നെ എലിസ ഹീലി (18), തഹ്‌ലിയ മഗ്രാത്ത് (0), ആഷ്‌ലി ഗാർഡനർ (0) എന്നിവർ പവലിയനിലെത്തിയിരുന്നു.

എലിസെ പെറി (37), ഫീബി ലിച്ച്ഫീല്‍ഡ് (49) എന്നിവരുടെ കൂട്ടുകെട്ടായിരുന്നു ഓസിസിനെ തകർച്ചയില്‍ നിന്ന് കരകയറ്റിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും 79 റണ്‍സ് ചേർത്തു. ഫീബിയെ പുറത്താക്കി അമന്‍ജോതായിരുന്നു കൂട്ടുകെട്ട് പൊളിച്ചത്.

പിന്നീട് ഓസ്ട്രേലിയയുടെ കൂട്ടത്തകർച്ചയ്ക്കായിരുന്നു ഡി വൈ പാട്ടീല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അവസാന ആറ് വിക്കറ്റുകള്‍ വീണത് കേവലം 29 റണ്‍സിനായിരുന്നു. നാല് വിക്കറ്റെടുത്ത തിതാസ് സദ്ധുവാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ശ്രെയങ്ക പാട്ടീലും ദീപ്തി ശർമയും രണ്ട് വിക്കറ്റ് വീതം നേടി.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം