CRICKET

കേരളത്തിനായി കെസിഎ എന്തു ചെയ്തു? മന്ത്രിയുടെ ചോദ്യവും അതിന്റെ ഉത്തരവും

രണ്ടായിരാമാണ്ടിന്റെ മധ്യം മുതല്‍ കേരളത്തില്‍ ക്രിക്കറ്റ് മാത്രമല്ല മറ്റു കായികയിനങ്ങളുടെ ഉന്നമനത്തിനും കെസിഎ ശ്രദ്ധ ചെലുത്തുന്നുണ്ട്.

ശ്യാം ശശീന്ദ്രന്‍

സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ക്രിക്കറ്റ് കളിച്ച പിച്ചില്‍ ഒരിക്കലെങ്കിലും ഒന്നു ബാറ്റ് ചെയ്യാനാകുമോ? ജവഗല്‍ ശ്രീനാഥും വെങ്കിടേഷ് പ്രസാദും റണ്ണപ്പ് ഏരിയ മാര്‍ക്ക് ചെയ്തിടത്തുനിന്ന് ഒന്നു ബൗളിങ് തുടങ്ങാന്‍ കഴിയുമോ? 2000-ന്റെ തുടക്കത്തില്‍ പോലും ഒരു ശരാശരി മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇത് വെറുമൊരു സ്വപ്‌നം മാത്രമായി അവശേഷിച്ചിരുന്നു.

എന്നാല്‍ കാലം ക്രിക്കറ്റ് പന്ത് പോലെ നോക്കിയ ഫോണില്‍ കുത്തി ഉയര്‍ന്ന് സാംസങ്ങില്‍ ടച്ച് ചെയ്ത് വിര്‍ച്വല്‍ ലൈവിലേക്ക് ഉയര്‍ന്ന ഈ കാലഘട്ടത്തില്‍ വിരാട് കോഹ്ലി സെഞ്ചുറി നേടിയ അതേ 'മാണ്ഡ്യ' പിച്ചില്‍ അതിനും മുമ്പേ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും കുറിച്ച കുഞ്ഞുപൈതങ്ങളുണ്ട് ഇന്ന് ഈ കേരളത്തില്‍.

ഒരിക്കല്‍ ഒരുതലമുറ സ്വപ്‌നം മാത്രമെന്നു കരുതിയ ആ അവസരത്തിന് പുതിയ തലമുറയെ പ്രാപ്തരാക്കിയത് 'ഓട്ടോണമസ് സ്‌പോര്‍ട്‌സ് ബോഡി' ആയ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തിരുന്നവരുടെ ദീര്‍ഘവീക്ഷണമാണ്. അതിനെയാണ് കഴിഞ്ഞ ദിവസം കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ചോദ്യം ചെയ്തത്.

മന്ത്രിയുടെ ചോദ്യം പരോക്ഷമായിട്ട് ഇതായിരുന്നു. ''സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം സൗജന്യമായി അനുവദിച്ചിട്ടും, വലിയ ടിക്കറ്റ് നിരക്ക് ഈടാക്കി കളി നടത്തുന്നവര്‍ വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം പോലും കേരളത്തിലെ കായിക വികസനത്തിന് ചെലവഴിക്കുന്നില്ല എന്ന പരാതിയും പറഞ്ഞിരുന്നു. നമുക്ക് നാളെ നല്ല ക്രിക്കറ്റര്‍മാരും മറ്റു താരങ്ങളും വേണമെങ്കില്‍ നല്ല മൈതാനങ്ങളും മറ്റും വ്യാപകമാകണം. പാവപ്പെട്ടവര്‍ക്ക് ഇത്തരം പിന്തുണയില്ലെങ്കില്‍ കായികരംഗത്ത് വളര്‍ന്നു വരാന്‍ കഴിയില്ല''. ഉന്നം കേരളാ ക്രിക്കറ്റ് അസോസിയേഷ(കെ.സി.എ)നായിരുന്നുവെന്നു വ്യക്തം.

പക്ഷേ മന്ത്രി പറഞ്ഞതില്‍ എത്രത്തോളം വാസ്തവമുണ്ട്. കെ.സി.എ. സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് വികസനത്തിന് എന്തു നല്‍കി? അതിലേക്ക് ഒരന്വേഷണം.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം.

നരച്ച ഗ്രൗണ്ടുകളില്‍ നിന്ന് പച്ചപ്പിലേക്ക്

1990-കള്‍ മുതല്‍ ശരാശരി ക്രിക്കറ്റ് പ്രേമികള്‍ക്ക് തോന്നിത്തുടങ്ങിയ അപകര്‍ഷതാബോധം മനസിലാക്കി ബി.സി.സി.ഐ. നടപ്പിലാക്കിയ പദ്ധതിയാണ് കെ.സി.എ. ഇന്നും പിന്തുടരുന്നത്. 90-കളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിദേശത്ത് കളിക്കാന്‍ പോകുന്നത് ടെലിവിഷനില്‍ കണ്ടിട്ടുള്ളവര്‍ ആശ്ചര്യപ്പെട്ടത് അവിടങ്ങളിലെ ഗ്രൗണ്ടിന്റെ പച്ചപ്പും നിലവാരവുമാണ്. വിദേശമണ്ണില്‍ പോയി പുല്ലുതിന്നു വരുന്ന പുലികള്‍ എന്ന പരിഹാസവും അന്ന് ഇന്ത്യന്‍ ടീമിന് ചാര്‍ത്തിക്കൊടുത്തിരുന്നു ചില വിരുതന്മാര്‍.

അതില്‍ നിന്നു മാറ്റം വരുത്താന്‍ ജഗ്‌മോഹന്‍ ഡാല്‍മിയ അടക്കമുള്ളവര്‍ നടത്തിയ ശ്രമഫലമായാണ് ഇന്ന് ഇന്ത്യയില്‍ വിദേശ നിലവാരമുള്ള ഗ്രൗണ്ടുകള്‍ വളരാന്‍ കാരണം. പക്ഷേ തുടക്കത്തില്‍ അത് മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ബംഗളുരു എന്നിവിടങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചുനിന്നു.

90-കളുടെ അവസാനം കേരളത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന മത്സരം എത്തുമ്പോള്‍ ഇന്നത്തെ കൊച്ചി കലൂര്‍ സ്‌റ്റേഡിയവും പുല്ലിനു മീതേ ഗ്രാവല്‍ തെളിഞ്ഞു 'നരച്ച' അവസ്ഥയിലായിരുന്നു. പക്ഷേ ആ ഒരു മത്സരത്തിനു ശേഷം കൂടുതല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ച കെ.സി.എ. നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി സ്വന്തമായി സ്‌റ്റേഡിയം ഇല്ലെന്നതായിരുന്നു.

അതിനുള്ള ശ്രമം ഇന്നും പൂര്‍ണ വിജയത്തിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തെ 14 ജില്ലകളിലായി രാജ്യാന്തര നിലവാരമുള്ള 12 ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ കെസിഎയ്ക്കു കഴിഞ്ഞിട്ടുണ്ട്. അണ്ടര്‍ 14 വിഭാഗം സ്‌കൂള്‍ കുട്ടികള്‍ക്കു മുതല്‍ ഇവിടെ കളിച്ചു പരിശീലിക്കാന്‍ സൗജന്യ അവസരവുമുണ്ട്.

വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയം.

പ്രതിമാസം 35-40 ലക്ഷം രൂപ

നിലവില്‍ സംസ്ഥാനത്ത് സീനിയര്‍ രാജ്യാന്തര മത്സരം നടക്കുന്ന ഏക വേദി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയമാണ്. സ്വന്തം സ്‌റ്റേഡിയം അല്ലെങ്കില്‍ കൂടി കരാര്‍പ്രകാരം ഗ്രൗണ്ട് പരിപാലനം മാത്രം ചെയ്താല്‍ മതിയെന്നിരിക്കെ ആ സ്‌പോര്‍ട്‌സ് ഹബ്ബിന്റെ മുഴുവന്‍ അറ്റകുറ്റപ്പണികളും ഇന്നു നിര്‍വഹിക്കുന്നത് കെ.സി.എയാണ്.

ഗ്രീന്‍ഫീല്‍ഡിനു പുറമേ വയനാട് കൃഷ്ണഗിരിയിലുള്ള സ്‌റ്റേഡിയവും കെ.സി.എയുടെ മറ്റൊരു അഭിമാന പദ്ധതിയാണ്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളുടെ എ ടീമുകള്‍ ഇവിടെ മത്സരിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. ആര്‍ക്കും ഇന്നും വരെ പരാതിയോ പരിഭവമോ ഇല്ല. അത്രകണ്ട് മികച്ച രീതിയിലാണ് പരിപാലനം.

രാജ്യാന്തര നിലവാരം പുലര്‍ത്താന്‍ ബെര്‍മുഡ ഗ്രാസും മികച്ച പിച്ചുകളുമൊക്കെയായാണ് ഈ സ്‌റ്റേഡിയങ്ങള്‍ കെ.സി.എ നിലനിര്‍ത്തിപ്പോരുന്നത്. ഇതിനു പുറമേയാണ് വിവിധ ജില്ലകളിലായി കെ.സി.എ. പരിപാലിക്കുന്ന പത്തോളം ക്രിക്കറ്റ് ഗ്രൗണ്ടുകള്‍. ഗ്രീന്‍ഫീല്‍ഡിന്റെയും കൃഷ്ണഗിരിയുടെയും പിച്ചിന്റെയും ഗ്രൗണ്ടിന്റെയും അതേനിലവാരത്തിലാണ് ഇവയും പരിപാലിക്കുന്നത്. ഏകദേശം 350 ഓളം ജീവനക്കാര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു. പ്രതിമാസം 30 മുതല്‍ 45 ലക്ഷം രൂപവരെയാണ് ഈ ഗ്രൗണ്ടുകള്‍ പരിചരിക്കാന്‍ കെ.സി.എ. ചിലവിടുന്നത്.

തലശേരി ക്രിക്കറ്റ് സ്‌റ്റേഡിയം.

സാധാരണക്കാര്‍ക്ക് പ്രാപ്യമോ?

ഒരു നയാപൈസ ഫീസ് ഇനത്തില്‍ വാങ്ങാതെയാണ് സംസ്ഥാനത്തെ 14 ജില്ലകളിലും അതത് ജില്ലാ അസോസിയേഷന്‍ മുഖേന കെസിഎ ക്രിക്കറ്റ് ക്യാമ്പുകളും പരിശീലന കളരികളും അക്കാഡമികളും നടത്തുന്നത്. രണ്ടും മൂന്നും ജില്ലകള്‍ക്കായി ഒന്നിച്ച് ഒരു ക്കാഡമി രൂപീകരിച്ചു കുട്ടികള്‍ക്ക് താമസസൗകര്യമുള്‍പ്പടെ നല്‍കിയാണ് പരിശീലനം.

ഇവര്‍ക്ക് മികച്ച ഗ്രൗണ്ട് ക്വാളിറ്റിയില്‍ പരിശീലനം നടത്താനാണ് രാജ്യാന്തര നിലവാരത്തില്‍ പിച്ചും ഗ്രൗണ്ടും പരിപാലിക്കുന്നത്. തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡിനു പുറമേ ഇപ്പോള്‍ രഞ്ജി മത്സരങ്ങള്‍ നടക്കുന്ന സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ട്, മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ട്, ഇടുക്കി തൊടുപുഴയിലെ ഇരട്ട ക്രിക്കറ്റ് സ്‌റ്റേഡിയം, എറണാകുളം രാജഗിരി-സെന്റ് പോള്‍സ് ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, മലപ്പുറം പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്‌റ്റേഡിയം, തലശേരി ക്രിക്കറ്റ് സ്‌റ്റേഡിയം, കാസര്‍ഗോഡ് കെസിഎ ക്രിക്കറ്റ് സ്‌റ്റേഡിയം എന്നിവയൊക്കെ സാധാരണക്കാര്‍ക്ക് സൗജന്യ പരിശീലനം നല്‍കാന്‍ കെ.സി.എ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ തയാറാക്കിയ സ്‌റ്റേഡിയങ്ങളാണ്. കൊല്ലം ജില്ലയില്‍ പുതിയ സ്‌റ്റേഡിയത്തിനായി വാങ്ങിയ സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

പുരുഷ ക്രിക്കറ്റിനു പുറമേ വനിതാ ക്രിക്കറ്റിനും കെ.സി.എ. പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. നിലവില്‍ വയനാട്ടില്‍ മാത്രമാണ് വനിതാ ക്രിക്കറ്റ് അക്കാഡമി ഉള്ളതെങ്കിലും വരും വര്‍ഷങ്ങളില്‍ അത് കൂടുതല്‍ ജില്ലകളിലേക്കു വ്യാപിപ്പിക്കുമെന്നു കെ.സി.എ. സെക്രട്ടറി വിനോദ് എസ്. കുമാര്‍ ഫോര്‍ത്ത് ന്യൂസിനോടു പറഞ്ഞു.

വയനാട് വനിതാ ക്രിക്കറ്റ് അക്കാദമിയില താമസിച്ചു പഠിച്ച് പെരിന്തല്‍മണ്ണയില്‍ പരിശീലനം നേടിയ മലപ്പുറത്തു നിന്നുള്ള യുവതാരം സി.എം.സി. നഗില ഇപ്പോള്‍ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിലെ അംഗമാണെന്നത് കെ.സി.എയ്ക്ക് അഭിമാന നേട്ടമാണ്.

ക്രിക്കറ്റിനു പുറത്തേക്കും സഹായം

രണ്ടായിരാമാണ്ടിന്റെ മധ്യം മുതല്‍ കേരളത്തില്‍ ക്രിക്കറ്റ് മാത്രമല്ല മറ്റു കായികയിനങ്ങളുടെ ഉന്നമനത്തിനും കെസിഎ ശ്രദ്ധ ചെലുത്തുന്നുണ്ട്. 'ഗോള്‍ഡ് പ്രോജക്ട്' എന്ന പേരില്‍ 2000-ങ്ങളുടെ ആദ്യപകുതിയില്‍ അത്‌ലറ്റിക്‌സ് താരങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്ന പദ്ധതിയും കെ.സി.എ. ആവിഷ്‌കരിച്ചിരുന്നു.

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങളെ കണ്ടെത്തി അവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് അടക്കം നല്‍കുന്ന പദ്ധതിയായിരുന്നു അത്. ഏതാനും വര്‍ഷം അത്തരത്തില്‍ മികച്ച താരങ്ങള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാനും മികച്ച പരിശീലന സൗകര്യങ്ങള്‍ ഒരുക്കാനും കെ.സി.എയ്ക്കു സാധിച്ചു. എന്നാല്‍ ഇപ്പോള്‍ ആ പദ്ധതി നിലച്ചിരിക്കുകയാണ്.

ബി.സി.സി.ഐയിലെ വിവാദങ്ങളെത്തുടര്‍ന്ന് സുപ്രീം കോടതി ഇടപെട്ട് ബൈലോ തിരുത്തി ബി.സി.സി.ഐയുടെയും സംസ്ഥാന ക്രിക്കറ്റ് അസോസിയഷനുകളുടെയും വരുമാനം ക്രിക്കറ്റിനു മാത്രമായി വിനിയോഗിച്ചാല്‍ മതിയെന്ന ഭേദഗതി വന്നതോടെയാണ് കെ.സി.എയ്ക്ക് ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നത്.

തുമ്പ സെന്റ് സേവ്യേഴ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയം.

'നരപ്പ്' മാറിയിട്ടും

കേരളാ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ട് ഏറിയാല്‍ ഒന്നര പതിറ്റാണ്ട് ആകുന്നതേയുള്ളു. ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി താരമായി വാഴ്ത്തപ്പെടുന്ന സഞ്ജു സാംസണ്‍ പോലും ഈ രാജ്യാന്തര സൗകര്യങ്ങള്‍ അനുഭവിച്ചല്ല വളര്‍ന്നു വന്നത്. സഞ്ജുവിന്റെ തുടക്കകാലത്ത് പരിശീലനവും ആദ്യ കാല മത്സരങ്ങളും നടന്നിരുന്നത് കെ.സി.എ. വാടകയ്ക്ക് എടുക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ ഗ്രാവല്‍ തെളിഞ്ഞ 'നരച്ച' ക്രിക്കറ്റ് ഗ്രൗണ്ടുകളിലായിരുന്നു.

സഞ്ജുവിന് മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍ 300-ലേറെ വിക്കറ്റുകള്‍ നേടിയ കെ.എന്‍ അനന്തപദ്മനാഭന്‍, സുനില്‍ ഒയാസിസ് തുടങ്ങി ഒട്ടേറെ ക്രിക്കറ്റ് താരങ്ങളെ വളര്‍ത്തിയെടുക്കാനും കെ.സി.എ. അന്നത്തെ പരിമിത സൗകര്യങ്ങളാണ് ഉപയോഗപ്പെടുത്തിയത്. ഇപ്പോള്‍ ക്രിക്കറ്റും അസോസിയേഷനും വളര്‍ന്നപ്പോള്‍ അതിനനുസരിച്ച് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും കെ.സി.എ. തയാറാകുന്നു. പക്ഷേ വര്‍ധിച്ച സൗകര്യങ്ങള്‍ക്കനുസരിച്ച് പണപ്പിരിവ് നടത്താതെയാണെന്നു മാത്രം.

ഇവിടെ മന്ത്രിയുടെ ചോദ്യം വീണ്ടും പ്രസക്തമാകുകയാണ്. സംസ്ഥാനത്ത് ക്രിക്കറ്റിനും മുമ്പേ ഏറെ പ്രചാരമുണ്ടായിരുന്ന ഫുട്‌ബോളും അത്‌ലറ്റിക്‌സുമൊക്കെ ചരമഗീതം പാടുന്ന അവസ്ഥയിലാണ്. അത്തരമൊരു അവസ്ഥയിലേക്കു പോകാതെ ക്രിക്കറ്റിനെ കൈപിടിച്ചു നിര്‍ത്തിയ കെ.സി.എ. എന്തു ചെയ്തുവെന്നു ആരായുമ്പോള്‍ മന്ത്രിയുടെ വകുപ്പും അതിനു കീഴിലുള്ള മറ്റു കായിക സംഘടനകളും എന്തു ചെയ്യുന്നു എന്നു കൂടി ആരായേണ്ടതല്ലേയെന്നാണ് സ്‌പോര്‍ട്‌സ് പ്രേമികളുടെ ചോദ്യം.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം