IPL 2023

അച്ഛന് സാധിക്കാത്തത് നേടിയെടുത്ത് അര്‍ജുന്‍ തെണ്ടുല്‍ക്കര്‍

വെബ് ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ താരമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഒരു തലമുറയെ ക്രിക്കറ്റ് കാണാനും കളിക്കാനും പ്രേരിപ്പിച്ച നാമത്തിനുടമ. രണ്ടര പതിറ്റാണ്ടിനു മേല്‍ നീണ്ട ആ ക്രിക്കറ്റ് കരിയറിന്റെ ആറു വര്‍ഷങ്ങളിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഗ്ലാമര്‍ ക്രിക്കറ്റ് ലീഗിന്റെ പിറവി.

ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലുമൊക്കെ റെക്കോഡുകള്‍ സ്വന്തം പേരിലെഴുതി റെക്കോഡിട്ട സച്ചിന്‍ ഐ.പി.എല്ലിലും പതിവ് തെറ്റിച്ചില്ല. ഐ.പി.എല്ലില്‍ ഓറഞ്ച് ക്യാപ് നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ തുടങ്ങി ഒട്ടേറെ റെക്കോഡുകള്‍ സച്ചിന്‍ സ്വന്തം പേരിലാക്കി.

എന്നാല്‍ ഒരു നേട്ടം മാത്രം സച്ചിന് ഐ.പി.എല്ലില്‍ വരുതിയിലായില്ല. ബൗളര്‍ എന്ന നിലയില്‍ ഐ.പി.എല്ലില്‍ ഒരു വിക്കറ്റ്. 2008 മുതല്‍ ആറു സീസണുകള്‍ കളിച്ചിട്ടും സച്ചിന് ഐ.പി.എല്‍. വിക്കറ്റ് ലഭിച്ചില്ല. രാജ്യാന്തര ക്രിക്കറ്റില്‍ 30,000-ലേറെ റണ്‍സും 200 വിക്കറ്റുകളും നേടിയ താരമായിട്ടും സച്ചിന് ഐ.പി.എല്ലില്‍ വിക്കറ്റ് നേടാന്‍ കഴിയാത്തത് അദ്ഭുതമായി തോന്നാം.

എന്നാല്‍ കളിച്ച ആറു സീസണുകളില്‍ കേവലം ഒരു സീസണില്‍ മാത്രമാണ് സച്ചിന്‍ ഐ.പി.എല്ലില്‍ ബൗര്‍ ചെയ്തത്. 2009-ല്‍. അതും ആറ് ഓവര്‍ മാത്രം. 9.67 എക്കണോമിയില്‍ 56 റണ്‍സ് വഴങ്ങിയ സച്ചിന് ആ സീസണില്‍ വിക്കറ്റൊന്നും ലഭിച്ചില്ല. പിന്നീട് 2013 വരെ ഐ.പി.എല്ലിന്റെ ഭാഗമായിരുന്നിട്ടും ബൗള്‍ ചെയ്തതുമില്ല.

ഇപ്പോള്‍ സച്ചിന് സാധിക്കാത്തത് തന്റെ രണ്ടാം ഐ.പി.എല്‍. മത്സരത്തില്‍ തന്നെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ നേടിയെടുത്തു. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ ഇന്ത്യന്‍സിനായി അവസാന ഓവര്‍ എറിഞ്ഞ അര്‍ജുന്‍ ഭുവനേശ്വര്‍ കുമാറിനെ മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ കൈകളില്‍ എത്തിച്ച് ആദ്യ ഐ.പി.എല്‍. വിക്കറ്റ് സ്വന്തമാക്കി. അതിനു സാക്ഷിയായി സച്ചിനും സ്‌റ്റേഡിയത്തിലുണ്ടായിരുന്നു.

മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു അര്‍ജുന്റേത്. 3.5 ഓവറില്‍ 6.35 എക്കണോമിയില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങിയാണ് അര്‍ജുന്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയത്. അവസാന ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ 20 റണ്‍സ് വേണമെന്ന നിലയിലാണ് രോഹിത് പന്ത് അര്‍ജുനെ ഏല്‍പിക്കുന്നത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ യുവതാരം വെറും അഞ്ചു റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലൂടെയാണ് അര്‍ജുന്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. വെറും രണ്ട് ഓവര്‍ മാത്രമാണ് എറിയാന്‍ അവസരം ലഭിച്ചതെങ്കിലും ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കാന്‍ താരത്തിനായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഇതുവരെ 11 ടി20 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. 13 വിക്കറ്റുകളും നേടിയിട്ടുണ്ട്. 6.68 ആണ് എക്കണോമി. 10 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴത്തിയതാണ് മികച്ച പ്രകടനം.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും