ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ലീഗിലെ ഡബിള്‍ ഹെഡ്ഡര്‍ ദിനമായ ഇന്ന് നടന്ന ആദ്യ പോരാട്ടത്തില്‍ അവര്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനോടാണ് പരാജയം രുചിച്ചത്. ബംഗളുരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 23 റണ്‍സിനാണ് ആതിഥേയര്‍ ഡല്‍ഹിയെ തുരത്തിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചലഞ്ചേഴ്‌സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടെ പോരാട്ടം ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സിലൊതുങ്ങി. നാലോവറില്‍ വെറും 20 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ കര്‍ണാടക യുവതാരം വിജയകുമാര്‍ വൈശാഖാണ് ഡല്‍ഹിയെ തകര്‍ത്തത്. രണ്ടു വിക്കറ്റുകളുമായി മുഹമ്മദ് സിറാജും ഓരോ വിക്കറ്റുകളുമായി വെയ്ന്‍ പാര്‍ണല്‍, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളുമായി മികച്ച പിന്തുണ നല്‍കി.
റണ്ണൊഴുകുന്ന ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹിക്ക് ബാറ്റിങ് പിഴയ്ക്കുകയായിരുന്നു. മൂന്നോവര്‍ പൂര്‍ത്തിയാകും മുമ്പേ രണ്ടു റണ്‍സിന് മൂന്നു വിക്കറ്റ് നഷ്ടമായ അവര്‍ക്കു പിന്നീട് തിരിച്ചുവരാനായില്ല. അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം മനീഷ് പാണ്ഡെയ്ക്കു മാത്രമാണ് ഡല്‍ഹി നിരയില്‍ പിടിച്ചു നില്‍ക്കാനായത്.
38 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 50 റണ്‍സാണ് പാണ്ഡെ നേടിയത്. 14 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 23 റണ്‍സ് നേടിയ വാലറ്റക്കാരന്‍ ആന്റിച്ച് നോര്‍ക്യെ, 14 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 21 റണ്‍സ് നേടിയ അക്‌സര്‍ പട്ടേല്‍, 13 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 19 റണ്‍സ് നേടിയ നായകന്‍ ഡേവിഡ് വാര്‍ണര്‍, 10 പന്തുകളില്‍ നിന്ന് ഓരോ ഫോറും സിക്‌സും സഹിതം 18 റണ്‍സ് നേടിയ അമാന്‍ ഖാന്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. ഓപ്പണര്‍ പൃഥ്വി ഷാ(0), ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്(0), മധ്യനിര താരങ്ങളായ യാഷ് ദുള്‍(1), അഭിഷേക് പോറല്‍(5), ലളിത് യാദവ്(4) തുടങ്ങിയവര്‍ നിരാശപ്പെടുത്തി.
നേരത്തെ മുന്‍ നായകനും ഓപ്പണറുമായ വിരാട് കോഹ്ലിയുടെ അര്‍ധസെഞ്ചുറിയാണ് അവരെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്. 34 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 50 റണ്‍സാണ് കോഹ്ലി നേടിയത്. 18 പന്തുകളില്‍ നിന്ന് രണ്ടു സിക്‌സറുകളോടെ 26 റണ്‍സ് നേടിയ യുവതാരം മഹിപാല്‍ ലോംറോര്‍, 14 പന്തുകളില്‍ നിന്ന് മൂന്നു സിക്‌സറുകളോടെ 24 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, 16 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 22 റണ്‍സ് നേടിയ നായകന്‍ ഫാഫ് ഡുപ്ലീസിസ്, 12 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 20 റണ്‍സ് നേടി പുറത്താകാതെ നിന്ന ഷഹബാസ് അഹമ്മദ് എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ഒരു മെയ്ഡനടക്കം നാലോവറില്‍ വെറും 23 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ചലഞ്ചേഴ്‌സിനു കടിഞ്ഞാണിട്ടത്. രണ്ടു വിക്കറ്റുകളുമായി മിച്ചല്‍ മാര്‍ഷും ഓരോ വിക്കറ്റുമായി അക്‌സര്‍ പട്ടേല്‍, ലളിത് യാദവ് എന്നിവരും കുല്‍ദീപിന് മികച്ച പിന്തുണ നല്‍കി.
ടോസ് നേടിയ ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണര്‍ ചലഞ്ചേഴ്‌സിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മികച്ച തുടക്കമാണ് ആതിഥേയര്‍ക്കു ലഭിച്ചത്. ആദ്യ നാലോവറില്‍ 40 റണ്‍സ് അടിച്ചുകൂട്ടിയ കോഹ്ലി-ഡുപ്ലീസിസ് സഖ്യം ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുമെന്നു തോന്നിപ്പിച്ചു. എന്നാല്‍ ഡുപ്ലീസിസിനെ വീഴ്ത്തി മിച്ചല്‍ മാര്‍ഷ് ബ്രേക്ക് ത്രൂ സമ്മാനിച്ചതോടെ ഡല്‍ഹി മത്സരത്തിലേക്ക് തിരികെയെത്തി. പിന്നീട് നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഡല്‍ഹി ബൗളര്‍മാര്‍ കൂറ്റന്‍ സ്‌കോര്‍ എന്ന ബംഗളുരു ലക്ഷ്യം തകര്‍ക്കുകയും ചെയ്തു.