ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സിന് മികച്ച സ്കോർ. ആറ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് ടീം നേടിയത്. നായകൻ ഫാഫ് ഡൂപ്ലസിയുടെയും ഗ്രെൻ മാക്സ് വെല്ലിന്റെയും അർധശതകമാണ് മികച്ച സ്കോറിലേക്ക് ടീമിനെ നയിച്ചത്.
ടോസ് നേടിയ മുബൈ ഇന്ത്യൻസ് നായകൻ രോഹിത്, ആർസിബിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ കോഹ്ലിയെ ബാംഗ്ലൂരിന് നഷ്ടമായി. ജേസൺ ബെഹ്രെൻഡോർഫിനെ നേരിട്ട കോഹ്ലി നാല് പന്തിൽ ഒരു റണ്ണെടുത്ത് മടങ്ങി. ജേസണിന്റെ മൂന്നാമത്തെ ഓവറിൽ അനൂജ് റാവത്തും പുറത്തായി. ആറ് റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം.
പവർ പ്ലേ അവസാനിക്കുമ്പോൾ ബാംഗ്ലൂർ 56 റൺസുമായി ഭേദപ്പെട്ട സ്കോറിൽ എത്തിയിരുന്നു. മിഡ് ഓവറുകൾ ആക്രമിച്ച് കളിക്കുന്ന രീതിയാണ് ബാംഗ്ലൂർ നടത്തിയത്. നായകൻ ഫാഫ് ഡൂപ്ലസിയുടെയും മാക്സവെല്ലിന്റെയും അർധശതകത്തോടെ ടീം മെച്ചപ്പെട്ട സ്കോറിലെത്തി. ജേസണിന്റെ അവസാനത്ത ഓവറിലാണ് ഇരുവരുടെയും കൂട്ടുകെട്ട് തകർന്നത്. 33 പന്തിൽ 68 റൺസായിരുന്നു ഗ്ലെൻ മാക്സ്വെൽ നേടിയത്. ഡൂപ്ലസി 41 പന്തിൽ 65 റണ്ണെടുത്തു. 62 പന്തിൽ 120 റൺസാണ് ഇരുവരുടെയും കൂട്ടുകെട്ട്
തൊട്ടുപിന്നാലെ ഇറങ്ങിയ മഹിപാൽ ലോംറോറിന് അധികനേരം നിൽക്കാൻ കഴിഞ്ഞില്ല. നേരിട്ട മൂന്ന് പന്തിൽ ഒരു റണ്ണുമായി താരത്തിന്റെ പോക്കറ്റിൽ വീണത്. കുമാർ കാർത്തികേയയുടെ സ്പിന്നിൽ കുടുങ്ങിയാണ് മഹിപാൽ പുറത്തായത്. പതിനഞ്ചാമത്തെ ഓവറിൽ നായകൻ ഡൂപ്ലസിയെ ബാംഗ്ലൂരിന് നഷ്ടമായി. ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിന്റെ വിഷ്ണു വിനോദിന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു.
പതിനേഴാമത്തെ ഓവറിൽ ക്രിസ് ജോർദാന്റെ പന്തിൽ ലോങ് ഷോട്ടിന് ശ്രമിച്ച കാർത്തിക്കിനെ മടക്കാനുള്ള അവസരം ഗ്രീൻ നഷ്ടപ്പെടുത്തി. ജീവൻ തിരിച്ചുകിട്ടിയ ദിനേശ് കാർത്തിക് കാർത്തികേയയുടെ തൊട്ടടുത്ത ഓവറിൽ രണ്ട് ഫോറും ഒരു സിക്സും ഉൾപ്പെടെ 15 റൺസ് നേട. 19-മത്തെ ഓവറിൽ ക്രിസ് ജോർദാന്റെ പന്തിൽ താരം പുറത്തായി. 18 പന്തിൽ 30 റൺസാണ് കാർത്തിക്ക് നേടിയത്. അവസാന ഓവറുകളിൽ, ഇംപാക്ട് പ്ലയറായി ടീമിൽ ഇടം പിടിച്ച കേദർ ജാദവിനും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.
നാല് ഓവറുകൾ എറിഞ്ഞ ജേസൺ 36 റൺസ് വിട്ട് കൊടുത്തെങ്കിലും നിർണായകമായ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. ബുമ്രയ്ക്ക് പകരമെത്തിയ ജോഫ്രാ ആർച്ചർ പരുക്ക് മൂലം പുറത്ത് പോയപ്പോൾ പകരം ടീമിലെത്തിയ ഓൾറൗണ്ടർ ക്രിസ് ജോർദാനും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. നാല് ഓവറിൽ 48 റൺസ് വിട്ട് നൽകി ഒരു വിക്കാറ്റാണ് ജോർദാൻ നേടിയത്.