IPL 2023

ഉയര്‍ത്തെഴുന്നേല്‍പ്പിന് ഒരുങ്ങി വമ്പന്മാര്‍; ഐപിഎല്‍ 2023 ലെ മുംബൈയും ചെന്നൈയും

ഇരുടീമുകളും വന്‍ തിരിച്ചുവരവിന് ഒരുങ്ങുമ്പോള്‍ മുംബൈയുടെയും ചെന്നൈയുടെയും ടീമുകളിലൂടെ ഒന്ന് കടന്ന് ചെല്ലാം

വെബ് ഡെസ്ക്

ലോകത്തിലെ ഏറ്റവും വലിയ ലീഗുകളിലൊന്നായ ഐപിഎല്‍ പോരാട്ടം ആരംഭിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ഈ മാസം 31 ന് തുടങ്ങും. ടീമുകളെല്ലാം അവസാനഘട്ട പരിശീലനങ്ങളുടെ കോലാഹലങ്ങളിലേക്ക് കടന്നിരിക്കുന്നു. തങ്ങളുടെ പ്രീയപ്പെട്ട ടീമിന്റെ പ്രകടനങ്ങള്‍ കാണാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇടവേളയ്ക്ക് ശേഷം ഹോം ഗ്രൗണ്ട് മത്സരങ്ങള്‍ തിരിച്ചു വരുന്നു എന്നൊരു കൗതുകവും ഈ സീസണിലുണ്ട്.

കഴിഞ്ഞ സീസണ്‍ അപ്രതീക്ഷിതമായ പലമുന്നേറ്റങ്ങളും കാണിച്ചു. ഗുജറാത്ത് ടൈറ്റന്‍സ് അവരുടെ അരങ്ങേറ്റ സീസണില്‍ തന്നെ കപ്പില്‍ മുത്തമിട്ടപ്പോള്‍ ഐപിഎല്ലിലെ ശക്തികളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍കിങ്‌സും അടി പതറുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്. എന്നാല്‍ ഇത്തവണ ഇരു ടീമുകളും വിജയം മാത്രം മുന്നില്‍ കണ്ട് കച്ചകെട്ടി ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഇരു ടീമുകളും വന്‍ തിരിച്ചുവരവിന് ഒരുങ്ങുമ്പോള്‍ മുംബൈയുടെയും ചെന്നൈയുടെയും ടീമുകളിലൂടെ ഒന്ന് കടന്ന് ചെല്ലാം

മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കപ്പുയര്‍ത്തിയ ടീമാണ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. 2013 ല്‍ രോഹിത് നായകപദവി ഏറ്റെടുത്തതിന് ശേഷം മുംബൈയ്ക്ക് സുവര്‍ണ കാലഘട്ടമായിരുന്നു. ഹിറ്റമാന്റെ നേതൃത്വത്തില്‍ അഞ്ച് കിരീടങ്ങളാണ് (2013,2017,2019,2020) മുംബൈ സ്വന്തമാക്കിയത്. രോഹിത് മുംബൈയുടെ ചുമതല ഏറ്റെടുത്തതിന് ശേഷം ടൂര്‍ണമെന്റിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ടീമുകളിലൊന്നായി അവര്‍ മാറി. കിരീടം നേടാന്‍ കഴിയാതെ പോയ വര്‍ഷങ്ങളില്‍ പോലും അവര്‍ പോയിന്റ് പട്ടികയുടെ ആദ്യ പകുതിക്കുള്ളില്‍ തന്നെ ഫിനിഷ് ചെയ്തു.

ഒരുകാലത്ത് ലസിത് മല്ലിംഗ, കിറോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക് പാണ്ഡ്യ, കൃണാല്‍ പാണ്ഡ്യ അങ്ങനെ കരുത്തന്മാരായ കളിക്കാരെക്കൊണ്ട് സമ്പന്നമായിരുന്നു രോഹിത്തിന്റെ മുംബൈ. ടീമിന്റെ നട്ടെല്ലായിരുന്ന കളിക്കാര്‍ വിരമിക്കുകയോ കളം മാറ്റിച്ചവിട്ടുകയും ചെയ്തപ്പോള്‍ മുംബൈ വലിയ തകര്‍ച്ച നേരിട്ടു. അതിനാണ് 2022 ഐപിഎല്‍ സാക്ഷ്യം വഹിച്ചത്. ഒരു ദശാബ്ദത്തോളം കാലം ടൂര്‍ണമെന്റില്‍ ആധിപത്യം പുലര്‍ത്തിയ മുംബൈയുടെ വീഴ്ച്ച ചെറിയ രീതിയിലുള്ളതായിരുന്നില്ല. കഴിഞ്ഞ വര്‍ഷം പോയിന്റ് പട്ടികയുടെ ഏറ്റവും അവസാനമാണ് മുംബൈ യാത്ര അവസാനിപ്പിച്ചത്.

കളിക്കാർ വ്യക്തിഗത പ്രകടനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും അനുഭവസമ്പത്തിന്റെ അഭാവം മുംബൈയ്ക്ക് തിരിച്ചടിയാകും

ഈ സീസണില്‍ മുന്നോട്ടുള്ള യാത്രയ്ക്ക് മുംബൈ ഏറെ പണിപ്പെടേണ്ടതുണ്ട്. ടീം ഉടമകള്‍ ലേലത്തില്‍ പണം ഒഴുക്കിയെങ്കിലും എതിരാളികളുടെ മനസില്‍ ഭയം വളര്‍ത്താന്‍ കഴിയുന്ന ഒരു ടീമിനെ കൂട്ടിച്ചേര്‍ക്കാന്‍ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞോ എന്നതില്‍ സംശയമാണ്. ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന്റെ സാന്നിധ്യം മുംബൈയ്ക്ക് ഊര്‍ജം നല്‍കുന്നുണ്ട്. ഇഷാന്‍ കിഷാന്റെയും സൂര്യകുമാര്‍ യാദവിന്റെയും ഫോം സംശയത്തിന്റെ നിഴലിലാണെങ്കിലും ടി20യില്‍ ഇരുവരും മികവ് പുലര്‍ത്തുമെന്നാണ് പ്രതീക്ഷ. അനുഭവസമ്പത്തുള്ള ഒരു മധ്യനിരയെ സൃഷ്ടിക്കാന്‍ മുംബൈയ്ക്ക് കഴിഞ്ഞിട്ടില്ല. തിലക് വര്‍മ, ഡെവാള്‍ഡ് ബ്രേവിസ്, ടിസ്റ്റണ്‍ സ്റ്റബ്‌സ് തുടങ്ങിയ താരങ്ങളാണ് മധ്യനിരയില്‍ ഉള്ളത്. കളിക്കാർ വ്യക്തിഗത പ്രകടനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും അനുഭവസമ്പത്തിന്റെ അഭാവം മുംബൈയ്ക്ക് തിരിച്ചടിയാകും.

നായകന്‍ രോഹിത് ശര്‍മ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ടീമിനായി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടില്ല. ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യ പരാജയം ഏറ്റുവാങ്ങി. മുംബൈയ്ക്കായി ബാറ്റിങ്ങില്‍ കാഴ്ച വച്ച പ്രകടനങ്ങളേക്കാളേറെ ശ്രദ്ധിക്കപ്പെട്ടത് നേതൃത്വം ആണ്. കനത്ത തോല്‍വികള്‍ മുന്നില്‍ കണ്ട അവസരങ്ങളില്‍ പോലും തിരിച്ചുവന്ന ചരിത്രം മുംബൈയ്ക്ക് പറയാനുണ്ട്. എന്നാല്‍ നിലവില്‍ രോഹിതിന്റെ കൈകളില്‍ മുംബൈ എത്രത്തോളം സുരക്ഷിതമാണെന്നത് ചിന്തിക്കേണ്ട കാര്യമാണ്. ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ സമയ ക്യാപ്റ്റനായി രോഹിത് ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ സീസണായിരുന്നു 2022. വലിയ മുന്നേറ്റം പ്രതീക്ഷിച്ച ആരാധകര്‍ക്ക് പോയിന്റ് ടേബിളില്‍ ഏറ്റവും താഴെയുള്ള മുംബൈയെ കണ്ട് നിരാശപ്പെടേണ്ടി വന്നു.

മുംബൈ ഇന്ത്യന്‍സിന്റെ കരുത്തനായ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവം ടീമിനെ അലട്ടുമെന്ന് ഉറപ്പാണ്. നടുവിന് പരുക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നതിനാല്‍ ബുംറയ്ക്ക് 2023 സീസണില്‍ നിന്നും പിന്മാറേണ്ടി വന്നു. പവര്‍ പ്ലേകളിലും ഡെത്ത് ഓവറുകളിലും മുംബൈയുടെ മൂര്‍ച്ചയേറിയ ആയുധമായിരുന്നു ബുംറ. ഇംഗ്ലീഷ് താരം ജോഫ്ര ആര്‍ച്ചര്‍ പേസ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കാന്‍ മുന്നിലുണ്ടെന്നതാണ് മുംബൈയുടെ ആശ്വാസം.

പവര്‍ പ്ലേകളിലും ഡെത്ത് ഓവറുകളിലും മുംബൈയുടെ മൂര്‍ച്ചയേറിയ ആയുധമായിരുന്നു ബുംറ

ഹൃതിക് ഷോകീന്‍, കുമാര്‍ കാര്‍ത്തികേയ, ഷംസ് മുലാനി എന്നിവരാവും സ്പിന്‍ ആക്രമണത്തിന് മുന്നില്‍. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഈ തവണ 12 വ്യത്യസ്ത വേദികളിലാണ് കളി നടക്കുക. അതുകൊണ്ട് തന്നെ ഇവര്‍ക്ക് സ്പിന്നിങ് പിച്ചുകള്‍ കൂടാതെ വ്യത്യസ്ത പിച്ചുകള്‍ കൈകാര്യം ചെയ്യേണ്ടി വരും.ടീം യുവതാരങ്ങളാല്‍ സമ്പന്നമാണ്. എങ്കിലും കളിക്കാരുടെ പ്രകടനത്തില്‍ ഇനിയും ഒരുപാട് മാറ്റം വരുത്തിയാലേ മുംബൈ ഇന്ത്യന്‍സിന് മുന്നേറാന്‍ കഴിയൂ.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടസാധ്യത നിലനിര്‍ത്തുന്ന ടീമാണ്. നാല് തവണ ഐപിഎല്‍ കിരീടം ചൂടിയ സി എസ് കെ ഐപിഎല്‍ കിരീട നേട്ടത്തില്‍ രണ്ടാമതാണ്. ഇത്തവണ കിരീടമുയര്‍ത്താന്‍ ഒരുങ്ങിയാണ് ചെന്നൈ ഇറങ്ങുന്നത്. 2023 സീസണില്‍ ചെറിയ മാറ്റങ്ങളുമായി ശക്തമായ ടീമുമായാണ് മഞ്ഞപ്പട കളം പിടിക്കുക.

മൂന്ന് വര്‍ഷം മുന്‍പ് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച ധോണി സിഎസ്‌കെക്കായി തുടര്‍ന്നും ബാറ്റ് പിടിക്കുകയും 2021 ല്‍ കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.വിരമിക്കന്നതിനെ കുറിച്ച് ക്യാപ്റ്റന്‍കൂള്‍ അറിയിച്ചിട്ടില്ലെങ്കിലും ഈ സീസണ്‍ അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയറിന്റെ അവസാന അധ്യായമായിരിക്കുമെന്നാണ് സൂചന. ഇത്തവണ ഹോം മത്സരങ്ങള്‍ ഉണ്ടെന്നുള്ളതും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൂറ്റന്‍ ബാറ്റിങ്ങിനേക്കാള്‍ ആരാധകര്‍ കാത്തിരിക്കുന്നത് അദ്ദേഹം ചെന്നൈയെ നയിക്കുന്നത് കാണാനാണ്.

ദീപക് ചഹര്‍, ഡെവോണ്‍ കോണ്‍വേ, ഋതുരാജ് ഗെയ്ക്വാദ്, മൊയിന്‍ അലി തുടങ്ങി കരുത്തുറ്റ കളിക്കാരെ ചെന്നൈ നിലനിര്‍ത്തിയിട്ടുണ്ട്

വളരെ സൂക്ഷ്മതയോടെയാണ് സിഎസ്‌കെയുടെ ടീം സെലക്ഷന്‍. രവീന്ദ്ര ജഡേജയെ നിലനിര്‍ത്തിയപ്പോള്‍ മറ്റൊരു ഓള്‍റൗണ്ടറായ ഡ്വെയ്ന്‍ ബ്രാവോയെ പുറത്തിറക്കി. പകരം 16.25 കോടിക്ക് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ ടീമിലെത്തിച്ചു. ദീപക് ചഹര്‍, ഡെവോണ്‍ കോണ്‍വേ, ഋതുരാജ് ഗെയ്ക്വാദ്, മൊയിന്‍ അലി തുടങ്ങി കരുത്തുറ്റ കളിക്കാരെ ചെന്നൈ നിലനിര്‍ത്തിയിട്ടുണ്ട്. ബ്രാവോയുടെ കൂടെ പുറത്തിറക്കിയ മറ്റൊരു കളിക്കാരന്‍ റോബിന്‍ ഉത്തപ്പയാണ് ഇരുവരും അതേ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ബ്രാവോ അതിനുശേഷം സിഎസ്‌കെയുടെ ബൗളിങ് പരിശീലകനായി ചുമതലയേറ്റു.

സ്‌റ്റോക്‌സിന് പരുക്ക് ആശങ്കയുണ്ടെങ്കിലും ഐപിഎല്‍ കളിക്കുമെന്ന് താരം സ്ഥിരീകരിച്ചു. ദീപക് ചഹറിന്റെ തിരിച്ചുവരവും ചെന്നൈയ്ക്ക് ഊര്‍ജം പകരുന്നു. ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടറായ കെയ്ല്‍ ജെമിസണിനെ പുറത്തിറക്കിയെങ്കിലും അതിന് പകരക്കാരനായി സൗത്ത് ആഫ്രിക്കന്‍ പേസര്‍ സിസാന്‍ഡ മഗാലയെ വാങ്ങി. ഇത് കൂടാതെ അജിങ്ക്യ രഹാനെയുടെ വരവ് അംബാടി റായിഡുവിനൊപ്പം മധ്യ നിരയെ ശക്തിപ്പെടുത്തും.

മൊയീന്‍ അലിക്കൊപ്പം പരുക്കിന് ശേഷം പീക്ക് ഫോമിലേക്ക് മടങ്ങിയെത്തിയ ജഡേജയുടെ സാന്നിധ്യം സിഎസ്‌കെ ക്ക് നിര്‍ണായകമാകും

ഇത്തവണയും ധോണിയുടെ ട്രംപ് കാര്‍ഡുകള്‍ മൊയീന്‍ അലിയും ജഡേജയും തന്നെയാണ്. സ്പിന്നര്‍മാരെ വാഴ്ത്തുന്ന എം എ ചിദംബരം ഓഡിറ്റോറിയം വര്‍ഷങ്ങളായി സിഎസ്‌കെയുടെ കോട്ടയാണ്. അവിടെ ആദ്യ മത്സരത്തില്‍ ജഡേജയുടെയും അലിയുടേയും പ്രകടനം എതിരാളികളുടെ ബാറ്റിങ്ങിനെ ദുഷ്‌കരമാക്കും. മൊയീന്‍ അലിക്കൊപ്പം പരുക്കിന് ശേഷം പീക്ക് ഫോമിലേക്ക് മടങ്ങിയെത്തിയ ജഡേജയുടെ സാന്നിധ്യം സിഎസ്‌കെ ക്ക് നിര്‍ണായകമാകും. ബാറ്റിങ്ങിലും ഇരുവരും മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചെന്നൈയുടെ മറ്റ് ഓള്‍റൗണ്ടര്‍ ഓപ്ഷനുകള്‍ ശിവം ഡ്യൂബ്, ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവരാണ്. ഋതുരാജ് ഗെയ്ക്വാദും ചെന്നൈയുടെ പ്രതീക്ഷയാണ്. കളിക്കാരുടെ പരിചയസമ്പത്തും ചെന്നൈയ്ക്ക് തുണയാകും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ