ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ഇംഗ്ലീഷ് യുവതാരം ഹാരി ബ്രൂക്കിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ അവര്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ കൂറ്റന്‍ സ്‌കോര്‍ അടിച്ചു കൂട്ടി.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അവര്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണള നേടിയത്. തകര്‍പ്പന്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ബ്രൂക്കാണ് സണ്‍റൈസേഴ്‌സ് ഇന്നിങ്‌സിന്റെ നട്ടെല്ല്.
55 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതമാണ് ബ്രൂക് സെഞ്ചുറി തികച്ചത്. ഇംഗ്ലീഷ് താരത്തിനെ കൂടാതെ അര്‍ധസെഞ്ചുറി നേടിയ നായകന്‍ എയ്ഡന്‍ മര്‍ക്രം, വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച അഭിഷേക് ശര്‍മ, ഹെന്റ്‌റിച്ച് ക്ലാസന്‍ എന്നിവരും സണ്‍റൈസേഴ്‌സ് നിരയില്‍ തിളങ്ങി.
മര്‍ക്രം 26 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 50 റണ്‍സ് നേടിയപ്പോള്‍ അഭിഷേകിന്റെ സമ്പാദ്യം 17 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 32 റണ്‍സാണ്. അതേസമയം ഓപ്പണര്‍ മായജ്ക് അഗര്‍വാള്‍(9), മധ്യനിര താരം രാഹുല്‍ ത്രിപാഠി എന്നിവര്‍ നിരാശപ്പെടുത്തി. കൊല്‍ക്കത്തയ്ക്കു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസലാണ് തിളങ്ങിയത്. യുവതാരം വരുണ്‍ ചക്രവര്‍ത്തിക്കാണ് ഒരു വിക്കറ്റ്.