ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ 16-ന്റെ പ്ലേ ഓഫ് റൗണ്ടിന് ഇന്നു തുടക്കം. ഇന്ന് ചെന്നൈയില്‍ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും നാലു തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടുമ്പോള്‍ അത് തുല്യശക്തികളുടെ പോരാട്ടമാകും.
14-ല്‍ 10 മത്സരങ്ങളും ജയിച്ച് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായാണ് ഗുജറാത്ത് പ്ലേ ഓഫില്‍ കടന്നതെങ്കില്‍ എട്ടു ജയങ്ങളടക്കം 17 പോയിന്റുമായി രണ്ടാമന്മാരാണ് ചെന്നൈ. മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് ഗുജറാത്ത് ഈ സീസണില്‍ കാഴ്ചവച്ചത്. ടീം മികവിലായിരുന്നു ജയങ്ങളെല്ലാം. അതേസമയം ഓപ്പണിങ് ജോഡിയുടെ മികച്ച ഫോമിലാണ് ചെന്നൈ കുതിച്ചു കയറിയത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ മികവാണ് ഗുജറാത്ത് കാഴ്ചവയ്ക്കുന്നത്. ബാറ്റിങ്‌നിരയില്‍ യുവതാരം ശുഭ്മാന്‍ ഗില്‍ നല്‍കുന്ന മികച്ച തുടക്കവും പിന്നീട് അതിനെ വലിയ സ്‌കോറിലേക്കു നയിക്കാന്‍ കെല്‍പ്പുള്ള ആഴമേറിയ ബാറ്റിങ് നിരയും ഗുജറാത്തിന് കരുത്തു പകരുന്നു.
ബൗളിങ് നിരയും മിന്നുന്ന ഫോമിലാണ്. ന്യൂബോളില്‍ മികച്ച നേട്ടം കൊയ്യുന്ന പേസര്‍ മുഹമ്മദ് ഷമിയും വിക്കറ്റ് വേട്ടയില്‍ തലപ്പത്തുള്ള സ്പിന്നര്‍ റാഷിദ് ഖാനുമാണ് അവരുടെ ബൗളിങ് തുറുപ്പ് ചീട്ടുകള്‍. ചെന്നൈയ്‌ക്കെതിരേ മികച്ച റെക്കോഡാണ് അവര്‍ക്കുള്ളത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഇതുവരെ അവര്‍ ചെന്നൈയോടു തോറ്റിട്ടില്ല. കളിച്ച മൂന്നു മത്സരങ്ങളിലും മികച്ച ജയമാണ് കൊയ്തത്.
മറുവശത്ത് ഓപ്പണിങ് ജോഡികളായ റുതുരാജ് ഗെയ്ക്ക്‌വാദ്-ഡെവണ്‍ കോണ്‍വേ സഖ്യത്തിന്റെ മികച്ച ബാറ്റിങ്ങും ബൗളിങ്ങില്‍ മതീഷ പതിരണ, തുഷാര്‍ ദേശ്പാണ്ഡെ, രവീന്ദ്ര ജഡേജ എന്നിവരുടെ മികച്ച ബൗളിങ്ങുമാണ് ചെന്നൈയ്ക്ക് ഇതുവരെ കരുത്തായത്. മത്സരം സ്വന്തം ഗ്രൗണ്ടിലാണെന്നത് അവര്‍ക്ക് ആത്മവിശ്വാസം പകരും. നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ നേതൃപാടവവും ഹോം ഗ്രൗണ്ട് ആനുകൂല്യവും ജയത്തിനു കരുത്താകുമെന്നാണ് ചെന്നൈ ആരാധകരുടെ പ്രതീക്ഷ.