ഐ.പി.എല്ലില്‍ ആദ്യപാദ മത്സരത്തിലേറ്റ തോല്‍വിക്ക് കണക്കുതീര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. രാജസ്ഥാന് റോയല്‍സിനെ ഒമ്പതു വിക്കറ്റിനു തകര്‍ത്ത് ഒന്നാം സ്ഥാനം ഭദ്രമാക്കി. ഇന്നു രാജസ്ഥാന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 17.5 ഓവില് വെറും 118 റണ്‍സിന് പുറത്തായി. തുടര്‍ന്നു മറുപടി ബാറ്റിങ് ആരംഭിച്ച ടൈറ്റന്‍സ് 6.1 ഓവര്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
34 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറിളോടെ 41 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയും 15 പന്തുകളില്‍ നിന്ന് മൂന്നു വീതം സിക്സറുകളും ബൗണ്ടറികളും സഹിതം 39 റണ്‍സ് അടിച്ചു കൂട്ടിയ നായകന് ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ടൈറ്റന്‍സിന്റെ ചേസിങ് അനായാസമാക്കിയത്.
35 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 36 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് പുറത്തായ ഗുജറാത്ത് ബാറ്റര്‍. സ്പിന്നര്‍ യൂസ്വേന്ദ്ര ചഹാലിന്റെ പന്തില്‍ ഗില്ലിനെ സഞ്ജു സാംസണ് സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ സാഹയ്ക്കൊപ്പം 71 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഗില്‍ മടങ്ങിയത്.
ജയത്തോടെ 10 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഭദ്രമാക്കാന്‍ ടൈറ്റന്‍സിന് കഴിഞ്ഞപ്പോള്‍ തുടര്‍ തോല്‍വികളുമായി രാജസ്ഥാന് നാലാം സ്ഥാനത്തു തുടരുകയാണ്.
നേരത്തെ മിന്നുന്ന ബൗളിങ് പ്രകടനവുമായി സ്പിന്‍വല നെയ്ത അഫ്ഗാനിസ്ഥാന് സ്പിന്നര്‍ റാഷിദ് ഖാനാണ് രാജസ്ഥാനെ തകര്‍ത്തത്. നാലോവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകളാണ് റാഷിദ് വീഴ്ത്തിയത്.
രാജസ്ഥാന് നിരയില്‍ 20 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്സറും സഹിതം 30 റണ്‍സ് നേടിയ നായകന് സഞ്ജു സാംസണു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. സഞ്ജുവിനു പുറമേ 14 റണ്‍സ് നേടിയ ഓപ്പണര്‍ യശ്വസി ജയ്സ്വാള്‍, 12 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കല്‍, 15 റണ്‍സ് നേടിയ വാലറ്റതാരം ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്.
ഓപ്പണര്‍ ജോസ് ബട്ലര്(8), മധ്യനിര താരങ്ങളായ രവിചന്ദ്രന്‍ അശ്വിന്(2), റയാന് പരാഗ്(4), ഷിംറോണ്‍ ഹെറ്റ്മയര്‍(7), ധ്രൂവ് ജൂറല്‍(9) എന്നിവര്‍ നിരാശപ്പെടുത്തി. ടൈറ്റന്‍സിനു വേണ്ടി റാഷിദിനു പുറമേ രണ്ടു വിക്കറ്റുകളുമായി നൂര്‍ അഹമ്മദും ഓരോ വിക്കറ്റുകളുമായി മുഹമ്മദ് ഷമി, ഹാര്‍ദ്ദിക് പാണ്ഡ്യ, ജോഷ് ലിറ്റില്‍ എന്നിവരും തിളങ്ങി.