IPL 2023

ഇംപാക്ട് പ്ലെയറും മറ്റ് നിയമങ്ങളും; ഐപിഎല്ലിൽ ഇനി കളി കളറാവും

ഐപിഎല്‍ 2023 സീസണില്‍ പ്രധാനമായും രണ്ട് നിയമങ്ങളിലാണ് ബിസിസിഐ മാറ്റം കൊണ്ടുവന്നിട്ടുള്ളത്

വെബ് ഡെസ്ക്

ഐപിഎല്ലിന്റെ പതിനാറാം പതിപ്പിന് മാര്‍ച്ച് 31 നു കൊടിയേറാനിരിക്കെ ആരാധകരെ കാത്ത് ആവേശം പകരാനുതകുന്ന മാറ്റങ്ങൾ. പ്രധാനമായും രണ്ട് നിയമങ്ങളിലാണ് ബിസിസിഐ മാറ്റം കൊണ്ടുവന്നിട്ടുള്ളത്. ഒന്നാമത്തേത് ടീമുകള്‍ക്ക് 'ഇംപാക്ട് പ്ലെയറെ' തിരഞ്ഞെടുക്കാനുള്ള അവസരമാണ്. അത്തരമൊന്ന് പ്രാബല്യത്തിൽ വരുന്ന ആദ്യ സീസണാണിത്. ടോസിന് ശേഷം പ്ലേയിങ് ഇലവനെ പ്രഖ്യാപിക്കാന്‍ ക്യാപ്റ്റന്‍മാര്‍ക്ക് അവസരം നല്‍കുന്നതാണ് രണ്ടാമത്തെ മാറ്റം.

കഴിഞ്ഞ സീസണ്‍ വരെ ടോസിന് മുന്‍പ് കളിക്കാരുടെ പട്ടിക കൈമാറണമായിരുന്നു. ഇതിൽ മാറ്റം വരുന്നതോടെ ടോസിനനുസരിച്ച് ബാറ്റിങ്ങിനും ബൗളിങ്ങിനും അനുയോജ്യമായ ടീമിനെ തിരഞ്ഞെടുക്കാന്‍ സാധിക്കും.

ബാറ്റിങ്ങിലേക്കും ബൗളിങ്ങിലേക്കും ഒരാള്‍ക്ക് പകരം കൊണ്ടു വരുന്ന കളിക്കാരനാണ് ഇംപാക്ട് പ്ലെയര്‍

ഐപിഎല്‍ ലേലത്തിന് മുന്നോടിയായി ഡിസംബറിലാണ് ഇംപാക്ട് പ്ലെയര്‍ എന്ന ആശയം ബിസിസിഐ കൊണ്ടുവരുന്നത്. ബാറ്റിങ്ങിലേക്കും ബൗളിങ്ങിലേക്കും ഒരാള്‍ക്ക് പകരം കൊണ്ടു വരുന്ന കളിക്കാരനാണ് ഇംപാക്ട് പ്ലെയര്‍. ടീമിലുള്‍പ്പെട്ട മറ്റേതൊരു കളിക്കാരെയും പോലെ ഗെയിമിന്റെ എല്ലാ തലത്തിലും പങ്കെടുക്കാന്‍ ആ വ്യക്തിക്ക് കഴിയുമെന്നതാണ് പുതിയ തീരുമാനത്തിന്റെ പ്രത്യേകത. ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍ തുടങ്ങിയ ഇനങ്ങളില്‍ ഈ നിയമം പ്രാബല്യത്തിലുണ്ട്.

ടീമുകള്‍ ഇംപാക്ട് പ്ലെയറിനെ എങ്ങനെയാണ് തിരഞ്ഞെടുക്കുക?

ടോസ് സമയത്ത് ടീമുകള്‍ അവരുടെ പ്ലേയിങ് ഇലവനൊപ്പം നാല് കളിക്കാരുടെ പേരുകള്‍ കൂടി നല്‍കണം. ഇതില്‍ നിന്നാണ് ഇംപാക്ട് പ്ലെയറെ തിരഞ്ഞെടുക്കേണ്ടത്. ഓരോ കളിയിലും ഒരു ടീമില്‍ ഒരു ഇംപാക്റ്റ് പ്ലെയറെ മാത്രമേ അനുവദിക്കൂ. ഈ കളിക്കാരനെ ഉപയോഗിക്കണോ വേണ്ടയോ എന്നത് ടീമിന്റെ തീരുമാനമാണ്.

ഇംപാക്ട് പ്ലെയര്‍ ആയി വിദേശതാരത്തെ ഉള്‍പ്പെടുത്തുമോ?

ഒരു ടീം അതിന്റെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ വിദേശ താരങ്ങളുടെ എണ്ണം ആശ്രയിച്ചാണ് ഇംപാക്ട് പ്ലെയറിനെ തീരുമാനിക്കുന്നത്. ഒരു ടീമിന്റെ പ്ലെയിങ് ഇലവനില്‍ നാല് വിദേശ താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഒരു ഇന്ത്യന്‍ ഇംപാക്ട് പ്ലെയറെ മാത്രമേ ടീമിലേക്ക് കൊണ്ടുവരാന്‍ കഴിയൂ. എന്നാല്‍ വിദേശ താരങ്ങളുടെ എണ്ണം മൂന്നോ അതില്‍ താഴെയോ ആണെങ്കില്‍ ഇംപാക്ട് പ്ലെയറായി വിദേശ താരത്തെ തിരഞ്ഞെടുക്കാം. ടോസിന് മുന്‍പ് കൊടുത്ത ലിസ്റ്റിലെ നാലില്‍ ഒരാളായിരിക്കണം ഇംപാക്ട് പ്ലെയര്‍. ഒരു ടീമില്‍ നാല് വിദേശ കളിക്കാര്‍ മാത്രമാണ് കളത്തിലിറങ്ങുന്നതെന്ന് ഉറപ്പാക്കാനാണ് ഇങ്ങനെ ഒരു നിയമം. ലീഗിന്റെ ആരംഭം മുതല്‍ സ്ഥിരമായി പിന്തുടരുന്ന നിയമമാണ് ഇത്.

ടോസിന് മുന്‍പ് കൊടുത്ത ലിസ്റ്റിലെ നാലില്‍ ഒരാളായിരിക്കണം ഇംപാക്ട് പ്ലെയര്‍

ഇംപാക്ട് പ്ലെയറെ എപ്പോഴാണ് കളത്തിലിറക്കുന്നത്

ഇന്നിങ്‌സിന്റെ തുടക്കത്തിലോ ഓവറിന്റെ അവസാനമോ ഇംപാക്ട് പ്ലെയറെ കൊണ്ടുവരാം. വിക്കറ്റ് വീഴുന്ന അവസരത്തില്‍ അടുത്ത വിക്കറ്റില്‍ ഇറങ്ങാനുള്ള ബൗളര്‍ക്ക് പകരമായി ബാറ്റ്‌സ്മാനായ ഇംപാക്ട് പ്ലെയറെ ഇറക്കാം. ബൗളിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് അതിന് അനുയോജ്യമായ ആളെ കൊണ്ടുവരാനും സാധിക്കും. ഒരാള്‍ക്ക് പരുക്കേറ്റാലോ അല്ലെങ്കില്‍ വിക്കറ്റായ സമയത്തോ ഇംപാക്ട് പ്ലെയര്‍ ഇറങ്ങുമ്പോള്‍ എറിഞ്ഞുകൊണ്ടിരിക്കുന്ന ഓവര്‍ അവസാനിക്കാതെ ബാറ്റ് ചെയ്യാന്‍ സാധിക്കില്ല. അതിനായി അടുത്ത ഓവര്‍ വരെ കാത്തിരിക്കണം.

കളി നടന്നുകൊണ്ടിരിക്കെ ഏതെങ്കിലും അവസരത്തില്‍ ഇംപാക്ട് പ്ലെയറെ ഇറക്കാന്‍ ടീം തീരുമാനിക്കുകയാണെങ്കില്‍ വിക്കറ്റ് വീഴുന്ന സമയത്തോ ഓവറിനിടയിലുള്ള ഇടവേളകളിലോ അവര്‍ ഫോര്‍ത്ത് അമ്പയറെ അറിയിക്കണം. ഒരു കളിക്കാരന് പകരം ഇംപാക്ട് പ്ലെയറെ ഇറക്കിയാല്‍ ബാക്കിയുള്ള സമയത്ത് മുന്‍ കളിക്കാരന് കളിക്കാന്‍ കഴിയില്ല. പകരം ഫീല്‍ഡറായും ഇറങ്ങാന്‍ സാധിക്കില്ല. ബൗളിങ് ടീമിലെ ഏതെങ്കിലും ഫീല്‍ഡര്‍ക്ക് പരുക്കേറ്റാല്‍ ഓവറിനിടയിലോ ഓവര്‍ കഴിഞ്ഞ ശേഷമോ ഇംപാക്റ്റ് പ്ലെയറെ ഇറക്കാം.

ഒരു കളിക്കാരന് പകരം ഇംപാക്ട് പ്ലെയറെ ഇറക്കിയാല്‍ ബാക്കിയുള്ള സമയത്ത് മുന്‍ കളിക്കാരന് കളിക്കാന്‍ കഴിയില്ല

ഓരോ ഇന്നിങ്‌സിലെയും 14 ഓവറുകള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് ഇംപാക്ട് പ്ലെയറെ ഇറക്കുക. കളികള്‍ 10 ഓവറിലേക്ക് ഒതുങ്ങുന്ന ചില സാഹചര്യങ്ങളില്‍ ഇംപാക്ട് പ്ലെയറെ അനുവദിക്കില്ല. മത്സരം തുടങ്ങിയ ശേഷം കളി 10 ഓവറായി വെട്ടിച്ചുരുക്കുകയും അതിനുമുന്‍പ് ഒരു ടീം ഇംപാക്ട് പ്ലെയറെ ഇറക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ എതിര്‍ ടീമിനും അതിന് അവസരമുണ്ടാകും.

ഇംപാക്ട് പ്ലെയർക്ക് നാല് ഓവർ മുഴുവന്‍ എറിയാന്‍ കഴിയുമോ?

പുറത്തുപോയ ആള്‍ എത്ര ഓവറുകള്‍ എറിഞ്ഞാലും ഇംപാക്ട് പ്ലെയര്‍ക്ക് നാല് ഓവർ മുഴുവനായും എറിയാന്‍ സാധിക്കും. ഇതിനര്‍ത്ഥം പവര്‍ പ്ലേകളില്‍ ഏറ്റവും ഫലപ്രദമായ ബൗളറെ എതിരാളികള്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ പ്രയോഗിക്കാന്‍ കഴിയുമെന്നതാണ്. എന്നാല്‍ ഏതെങ്കിലും നിയമലംഘനത്തിന് ബൗളറെ സസ്‌പെന്‍ഡ് ചെയ്താൽ പകരം ഇംപാക്ട് പ്ലെയറെ ഇറക്കാന്‍ സാധിക്കില്ല.

വിക്കറ്റ് കീപ്പര്‍ അന്യായമായി ചലിച്ചാല്‍ ആ ഡെലിവറി ഡെഡ്‌ബോള്‍ ആയി കണക്കാക്കുകയും എതിര്‍ ടീമിന് അഞ്ച് പെനാല്‍റ്റി റണ്‍സ് അനുവദിക്കുകയും ചെയ്യും

മറ്റു ചില മാറ്റങ്ങള്‍ കൂടി ഈ സീസണിലുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ പന്തെറിഞ്ഞ് ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവശേഷിക്കുന്ന പന്തുകള്‍ക്ക് യാര്‍ഡ് സര്‍ക്കിളിനുള്ളില്‍ നാല് ഫീല്‍ഡര്‍മാരെ മാത്രമാണ് അനുവദിക്കുക. കൂടാതെ പെനാല്‍റ്റി റണ്‍സ് എന്ന രീതിയും കൊണ്ടുവന്നിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ അന്യായമായി ചലിച്ചാല്‍ ആ ഡെലിവറി ഡെഡ്‌ബോള്‍ ആയി കണക്കാക്കുകയും എതിര്‍ ടീമിന് അഞ്ച് പെനാല്‍റ്റി റണ്‍സ് അനുവദിക്കുകയും ചെയ്യും. ഫീല്‍ഡിങ്ങിലെ അന്യായമായ ചലനങ്ങള്‍ക്കും ഇതു തന്നെയാണ് പിഴ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ