മഴക്കുളിരിലും അണയാത്ത ആവേശം അവസാന പന്തു വരെ നീണ്ടപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ചു വിക്കറ്റിന് തോല്‍പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ 2023 ചാമ്പ്യന്മാരായി. ഇന്ന് അഹമ്മദാബാദില്‍ മഴ കളിച്ച മത്സരത്തിനൊടുവില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ മിന്നുന്ന പ്രകടനമാണ് ചെന്നൈയ്ക്ക് തുണയായത്.
ജയപരാജയങ്ങള്‍ ഇരുപക്ഷത്തേക്കു മാറിമറിഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ അവസാന രണ്ടു പന്തില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ 10 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മോഹിത് ശര്‍മ എറിഞ്ഞ ഓവറിന്റെ അവസാന രണ്ടു പന്തുകളില്‍ ഒരു സിക്‌സറും ഫോറും പായിച്ച ജഡേജ ചെന്നൈയെ വിജയതീരമണിയിക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ മൂന്നു പന്ത് നേരിട്ടപ്പോഴേക്കും മഴ വീണ്ടും കളി മുടക്കുകയായിരുന്നു. ഒരു മണിക്കൂറോളം സമയം നിര്‍ത്തിവച്ച മത്സരം പിന്നീട് പുനരാരംഭിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍നിശ്ചയിച്ചു.
ഇതു പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ അവസാന പന്തില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഡെവണ്‍ കോണ്‍വെയും റുതുരാജ് ഗെയ്ക്ക്‌വാദും നല്‍കിയ മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് കരുത്തായത്. ഇരുവരും ചേര്‍ന്ന് 6.3 ഓവറില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്ത് അവര്‍ക്കു മികച്ച തുടക്കം സമ്മാനിച്ചു.
കോണ്‍വെ 25 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 47 റണ്‍സും ഗെയ്ക്ക്‌വാദ് 16 പന്തില്‍ 26 റണ്‍സും നേടി. എന്നാല്‍ നാലു റണ്‍സ് ഇടവേളയില്‍ ഇരുവരും പുറത്തായതോടെ തകര്‍ച്ചയിലേക്കു നീങ്ങിയ അവരെ പിന്നീട് 21 പന്തുകളില്‍ നിന്ന് രണ്ടു സിക്‌സറുകളോടെ 32 ണ്‍സുമായി പുറത്താകാതെ നിന് ശിവം ദുബെ, 13 പന്തുകളില്‍ നിന്ന് രണ്ടു വീതം ഫോറും സിക്‌സും സഹിതം 27 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെ, എട്ടു പന്തില്‍ 19 റണ്‍സ് നേടിയ അമ്പാട്ടി റായിഡു എന്നിവരാണ് ജയത്തിനരികെ എത്തിച്ചത്.
മത്സരം ഫിനിഷ് ചെയ്യാനിറങ്ങിയ നായകന്‍ മഹേന്ദ്ര സിങ് ധോണി നേരിട്ട ആദ്യ പന്തില്‍ പുറത്തായതോടെ ഹതാശരായ ആരാധകരെ ആവേശത്തിലാറാടിച്ച് ഒടുവില്‍ ജഡേജ ചെന്നൈയുടെ വിജയറണ്‍ കുറിക്കുകയായിരുന്നു. ചെന്നൈയുടെ അഞ്ചാം ഐപിഎല്‍ കിരീടമാണിത്. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമെന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പമെത്താനും അവര്‍ക്കായി.
നേരത്തെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ മധ്യനിര താരം സായ് സുദര്‍ശന്റെയും ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയുടെയും മിന്നുന്ന ബാറ്റിങ്ങാണ് ഗുജറാത്തിന് കരുത്തായത്. സുദര്‍ശന്‍ 47 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 96 റണ്‍സ് നേടി ടോപ് സ്‌കോററായി. സാഹ 39 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 54 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. ഇവര്‍ക്കു പുറമേ 20 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 39 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, 12 പന്തുകളില്‍ നിന്ന് രണ്ടു സിക്‌സറുകള്‍ സഹിതം 21 റണ്‍സ് നേടിയ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍.
ചെന്നൈയ്ക്കു വേണ്ടി നാലോവറില്‍ 44 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പേസര്‍ മതീഷ പതിരണയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ഓരോ വിക്കറ്റുകളുമായി ദീപക് ചഹാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ തങ്ങളുടേതായ സംഭാവന നല്‍കി.
മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗില്ലും സാഹയും ചേര്‍ന്നു മികച്ച തുടക്കമാണ് ഗുജറാത്തിന് സമ്മാനിച്ചത്. ഏഴോവറില്‍ 67 റണ്‍സ് നേടിയ ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. മികച്ച ഫോമിലുള്ള ഗില്ലിനെ ജഡേജയുടെ പന്തില്‍ മിന്നല്‍ സ്റ്റംപിങ് നടത്തി പുറത്താക്കിയ ധോണി ബ്രേക്ക് ത്രൂ നേടി.
എന്നാല്‍ ഗില്ലിനു പകരമെത്തിയ സുദര്‍ശന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചതോടെ ചെന്നൈയുടെ പിടി അയയുകയായിരുന്നു. ആദ്യ സാഹയ്‌ക്കൊപ്പം 64 റണ്‍സിന്റെയും പിന്നീട് നായകന്‍ പാണ്ഡ്യയ്‌ക്കൊപ്പം 81 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കിയ സുദര്‍ശനാണ് ടീമിനെ 200 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.