ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ 16-ാമത് സീസണിന്റെ ആദ്യ മത്സരത്തില്‍ തന്നെ പരുക്കേറ്റ് സൂപ്പര്‍ താരം കെയ്ന്‍ വില്യംസണ്‍ പുറത്ത്. ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിനിടെയാണ് താരത്തിനു പരുക്കേറ്റത്.
മത്സരത്തില്‍ ആദ്യ ഇന്നിങ്‌സിന്റെ 13-ാം ഓവറില്‍ ജോഷ് ലിറ്റിലിന്റെ പന്തില്‍ ചെന്നൈ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്‌വാദിന്റെ ഷോട്ടില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് വില്യംസണു പരുക്കേറ്റത്. ഉയര്‍ന്നു ചാടിയുള്ള ഫീല്‍ഡിങ് ശ്രമത്തിനു ശേഷം ലാന്‍ഡിങ്ങിനിടെ കാല്‍മുട്ട് അപകടകരമായ രീതയില്‍ തിരിയുകയായിരുന്നു.
തുടര്‍ന്ന് വേദനകൊണ്ടു പുളഞ്ഞ താരത്തെ മെഡിക്കല്‍ സ്റ്റാഫുകള്‍ തോളിലേറ്റിയാണു കൊണ്ടുപോയത്. പിന്നീട് ഗുജറാത്ത് ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനും താരം ഇറങ്ങിയിരുന്നില്ല. ഇതിനു ശേഷം ഇന്നു രാവിലെ നടന്ന വിദഗ്ധ പരിശോധനകളിലാണ് പരുക്ക് ഗുരുതരമാണെന്നു വ്യക്തമായത്.
പരുക്ക് ഭേദമാകാന്‍ മൂന്നു മാസത്തിലേറെ സമയം വേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തുടര്‍ന്ന് താരത്തെ ഈ സീസണില്‍ നിന്ന് ഒഴിവാക്കാന്‍ ടൈറ്റന്‍സ് നിര്‍ബന്ധിതരാകുകയായിരുന്നു. താരത്തിനു പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടൈറ്റന്‍സ്. വില്യംസണിന്റെ പരുക്ക് ഏകദിന ക്രിക്കറ്റ് ലോകകപ്പിനു തയാറെടുക്കുന്ന ന്യൂസിലന്‍ഡ് ടീമിനും കനത്ത തിരിച്ചടിയായിരിക്കുകയാണ്.