ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് 2023 സൂപ്പര്‍ പ്രകടനവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 81 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് വിജയ ലക്ഷ്യമാണ് ബാംഗ്ലൂരിന് മുന്നില്‍ വച്ചത്. മറുപടി ബാറ്റിങിന് ഇറങ്ങിയ ബാംഗ്ലൂരിന് 17.3 ഓവറില്‍ 123 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. ഷാര്‍ദ്ദൂല്‍ താക്കൂര്‍ ബാറ്റിങ്ങില്‍ മാസ്മരിക പ്രകടനം പുറത്തെടുത്തപ്പോള്‍ വരുണ്‍ ചക്രവർത്തി നാലും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ സുയാഷ് ശർമയും മൂന്ന് വിക്കറ്റും വീഴ്ത്തി.
ഒരു ഘട്ടത്തില്‍ 120 കടക്കുമോയെന്നു സംശയിച്ച കൊല്‍ക്കത്തയെ ഷാര്‍ദ്ദൂല്‍ താക്കൂറിന്റെ വെടിക്കെട്ടു ബാറ്റിങ്ങാണ് കരകയറ്റിയത്. 11.3 ഓവറില്‍ 89 റണ്‍സിന് അഞ്ചു വിക്കറ്റ് എന്ന നിലയില്‍ പതറുമ്പോള്‍ ക്രീസില്‍ എത്തിയ ഷാര്‍ദ്ദൂല്‍ 29 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 68 റണ്‍സാണ് നേടിയത്. ഓപ്പണറായ റങ്മാനുള്ള ഗുര്‍ബാസ് ഇന്നിങ്‌സിന് അടിത്തറയിടാന്‍ ശ്രമിച്ചെങ്കിലും ഒരു വശത്ത് വിക്കറ്റ് വീണത് തിരിച്ചടിയായി. 44 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 57 റണ്‍സാണ് ഗുര്‍ബാസ് നേടിയത്. റിങ്കു സിങ്ങുമായി കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കരണ്‍ ശര്‍മയുടെ പന്തില്‍ പുറത്താവുകയായിരുന്നു.
ആറാം വിക്കറ്റില്‍ റിങ്കു സിങ്ങിനൊപ്പം ഷാര്‍ദ്ദൂല്‍ കൂട്ടിച്ചേര്‍ത്ത 103 റണ്‍സാണ് കൊല്‍ക്കത്ത ഇന്നിങ്സിന്റെ നട്ടെല്ലായത്. റിങ്കു സിങ് 33 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 46 റണ്‍സ് നേടി. ഇവര്‍ മൂവരും മാത്രമാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി രണ്ടക്കം കടന്നത്.
വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരിന്റെ നായകന്‍ ഡുപ്ലസിയും വിരാട് കോഹ്‌ലിയും നല്ല തുടക്കം സമ്മാനിച്ചു. എന്നാല്‍ 18 പന്തില്‍ 21 റണ്‍സെടുത്ത് നിന്ന കോഹ്‌ലിയെ ബൗള്‍ഡാക്കി സുനില്‍ നരേയന്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ഡുപ്ലസി, ഗ്ലെന്‍ മാക്‌സ് വെല്‍ (5) , ഹര്‍ഷല്‍ പട്ടേല്‍ (0) എന്നീ വമ്പന്‍ വിക്കറ്റുകളെ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി ബാംഗ്ലൂര്‍ ടോപ്ഓര്‍ഡറിന് കനത്ത നഷ്ടമുണ്ടാക്കി.
രണ്ട് വീതം സിക്‌സറുകളും ബൗണ്ടറികളുമായി 12 പന്തില്‍ ഡുപ്ലസി 23 റണ്‍സെടുത്തു. 18 പന്തില്‍ 19 റണ്‍സുമായി മധ്യനിരയില്‍ മിച്ചല്‍ ബ്രേസ്വെല്‍ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും ശാര്‍ദ്ദൂല്‍ താക്കൂര്‍ ആ പ്രതീക്ഷയും തകര്‍ത്തു. വാലറ്റത്ത് വേിഡ് വില്ലിയും(20 പന്തില്‍ 20) ആകാശ് ദീപും (7 പന്തില്‍ 17) വിഫലമായ ചെറുത്തുനില്‍പ്പ് നടത്തി.ദിനേഷ് കാര്‍ത്തിക്(9), ഗ്ലെന്‍ മാക്‌സ്വെല്‍(5), ഷഹ്ബാസ് അഹമ്മദ്(1), അനൂജ് റാവത്ത്(1), എന്നിവർ നിരാശപ്പെടുത്തി.
3.4 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയാണ് ഷാര്‍ദൂല്‍ താക്കൂര്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. സുയാഷ് നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി 3 വിക്കറ്റും വീഴ്ത്തി. സുനില്‍ നരേയന്‍ രണ്ടും ഷാര്‍ദൂല്‍ താക്കൂര്‍ ഒരു വിക്കറ്റും വീഴ്ത്തി