IPL 2023

കോഹ്ലിക്ക് അര്‍ധസെഞ്ചുറി; ചലഞ്ചേഴ്‌സിനെ 174-ല്‍ ഒതുക്കി ഡല്‍ഹി

മുന്‍ നായകനും ഓപ്പണറുമായ വിരാട് കോഹ്ലിയുടെ അര്‍ധസെഞ്ചുറിയാണ് ചലഞ്ചേഴ്‌സിനെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്.

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് 175 റണ്‍സ് വിജയലക്ഷ്യം. സ്വന്തം തട്ടകമായ ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചലഞ്ചേഴ്‌സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്.

റണ്ണൊഴുകുന്ന പിച്ചില്‍ ബാറ്റിങ്‌നിര ഉത്തരവാദിത്തം മറന്നപ്പോള്‍ മുന്‍ നായകനും ഓപ്പണറുമായ വിരാട് കോഹ്ലിയുടെ അര്‍ധസെഞ്ചുറിയാണ് അവരെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്. 34 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 50 റണ്‍സാണ് കോഹ്ലി നേടിയത്.

18 പന്തുകളില്‍ നിന്ന് രണ്ടു സിക്‌സറുകളോടെ 26 റണ്‍സ് നേടിയ യുവതാരം മഹിപാല്‍ ലോംറോര്‍, 14 പന്തുകളില്‍ നിന്ന് മൂന്നു സിക്‌സറുകളോടെ 24 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, 16 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 22 റണ്‍സ് നേടിയ നായകന്‍ ഫാഫ് ഡുപ്ലീസിസ്, 12 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 20 റണ്‍സ് നേടി പുറത്താകാതെ നിന്ന ഷഹബാസ് അഹമ്മദ് എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ഒരു മെയ്ഡനടക്കം നാലോവറില്‍ വെറും 23 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ചലഞ്ചേഴ്‌സിനു കടിഞ്ഞാണിട്ടത്. രണ്ടു വിക്കറ്റുകളുമായി മിച്ചല്‍ മാര്‍ഷും ഓരോ വിക്കറ്റുമായി അക്‌സര്‍ പട്ടേല്‍, ലളിത് യാദവ് എന്നിവരും കുല്‍ദീപിന് മികച്ച പിന്തുണ നല്‍കി.

നേരത്തെ ടോസ് നേടിയ ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണര്‍ ചലഞ്ചേഴ്‌സിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മികച്ച തുടക്കമാണ് ആതിഥേയര്‍ക്കു ലഭിച്ചത്. ആദ്യ നാലോവറില്‍ 40 റണ്‍സ് അടിച്ചുകൂട്ടിയ കോഹ്ലി-ഡുപ്ലീസിസ് സഖ്യം ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുമെന്നു തോന്നിപ്പിച്ചു.

എന്നാല്‍ ഡുപ്ലീസിസിനെ വീഴ്ത്തി മിച്ചല്‍ മാര്‍ഷ് ബ്രേക്ക് ത്രൂ സമ്മാനിച്ചതോടെ ഡല്‍ഹി മത്സരത്തിലേക്ക് തിരികെയെത്തി. പിന്നീട് നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഡല്‍ഹി ബൗളര്‍മാര്‍ കൂറ്റന്‍ സ്‌കോര്‍ എന്ന ബംഗളുരു ലക്ഷ്യം തകര്‍ക്കുകയും ചെയ്തു.

ഡല്‍ഹിക്ക് ഈ മത്സരം ഏറെ നിര്‍ണായകമായണ്. സീസണിലെ ആദ്യ നാലു മത്സരങ്ങളും തോറ്റ അവര്‍ അക്കൗട്ട് തുറക്കാനാകാതെ അവസാന സ്ഥാനത്താണ്. ഇന്നു ജയിച്ച് ഒരു തിരിച്ചുവരവിനാണ് അവര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് അവര്‍ ഇറങ്ങിയത്. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ആദ്യ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ വെസ്റ്റിന്‍ഡീസ് താരം റോവ്മാന്‍ പവല്‍ പുറത്തുപോയി.

മറുവശത്ത് കഴിഞ്ഞ കളിയില്‍ കളിച്ച ഇലവനില്‍ നിന്ന് ഒരു മാറ്റവുമായാണ് ബാംഗ്ലൂര്‍ ഇറങ്ങിയത്.. ശ്രീലങ്കന്‍ സൂപ്പര്‍ താരം വാനിന്ദു ഹസരങ്ക സീസണില്‍ ആദ്യമായി ഇന്നു ബംഗളുരു ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ ഡേവിഡ് വില്ലി പുറത്തുപോയി.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ