IPL 2023

മഴ കളിമുടക്കി; പോയിന്റ് പങ്കിട്ട് സൂപ്പര്‍ കിങ്‌സും സൂപ്പര്‍ ജയന്റ്‌സും

ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം വീതിച്ചു നല്‍കി. ഇതോടെ 10 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി ലഖ്‌നൗ രണ്ടാം സ്ഥാനത്തേക്കും ചെന്നൈ മൂന്നാം സ്ഥാനത്തേക്കുമുയര്‍ന്നു.

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മഴയുടെ കളി. ഡബിള്‍ ഹെഡ്ഡര്‍ ദിനമായ ഇന്നത്തെ ആദ്യ മത്സരം മഴയെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാനാകാതെ ഉപേക്ഷിച്ചതോടെ പോയിന്റ് പങ്കിട്ട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും. ലഖ്‌നൗവില്‍ നടന്ന മത്സരത്തില്‍ ആദ്യ ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ ലഖ്‌നൗ ഏഴിന് 125 എന്ന നിലയില്‍ നില്‍ക്കെ മഴ കളിമുടക്കുകയായിരുന്നു.

പിന്നീട് ഏറെ നേരം കാത്തിരുന്ന ശേഷവും മഴ ശമിക്കാതെ വന്നതോടെ മത്സരം ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം വീതിച്ചു നല്‍കി. ഇതോടെ 10 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി ലഖ്‌നൗ രണ്ടാം സ്ഥാനത്തേക്കും ചെന്നൈ മൂന്നാം സ്ഥാനത്തേക്കുമുയര്‍ന്നു.

മത്സരത്തില്‍ നേരത്തെ ടോസ് നേടിയ ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോണി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റു പുറത്തായ നായകന്‍ കെ.എല്‍. രാഹുല്‍ ഇല്ലാതെ ഇറങ്ങിയ ലഖ്‌നൗവിന് തുടക്കം പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് എത്തും മുമ്പേ തന്നെ അവരുടെ ആദ്യ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

സ്പിന്നര്‍മാരായ മൊയീന്‍ അലിയും മഹീഷ് തീക്ഷ്ണയും ചേര്‍ന്നാണ് അവരെ തകര്‍ത്തത്. അലി നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റാണ് വീഴ്ത്തിയത്. തീക്ഷ്ണയും രണ്ടു വിക്കറ്റുക വീഴ്ത്തിയെങ്കിലും 37 റണ്‍സ് വഴങ്ങി. ഓപ്പണര്‍മാരായ മനാന്‍ വോഹ്‌റ(10), കൈല്‍ മേയേഴ്‌സ്(14), കരണ്‍ ശര്‍മ(9), ക്രുണാല്‍ പാണ്ഡ്യ(0), മാര്‍ക്കസ് സ്‌റ്റോയ്‌നിസ്(6) എന്നിര്‍ നിരാശപ്പെടുത്തിയതോടെ അഞ്ചിന് 44 എന്ന നിലയില്‍ തകര്‍ന്ന ലഖ്‌നൗവിന് പിന്നീട് ആയുഷ് ബദോനി-നിക്കോളാസ് പൂരന്‍ സഖ്യമാണ് തുണയായത്.

ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ 100 കടത്തി. 31 പന്തില്‍ 20 റണ്‍സ് നേടിയ പൂരനെ മടക്കി മതീഷ പതരണയാണ് ഒടുവില്‍ ഈ കൂട്ടുകെട്ടു പൊളിച്ചത്. പിന്നീട് കൃഷ്ണപ്പ ഗൗതത്തിനെയും പുറത്താക്കിയ പതിരണ ലഖ്‌നൗവിനെ 19.2 ഓവറില്‍ ഏഴിന് 125 എന്ന നിലയില്‍ എത്തിച്ചപ്പോഴാണ് മഴ കളിമുടക്കിയത്. കളിനിര്‍ത്തിവയ്ക്കുമ്പോള്‍ 33 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 59 റണ്‍സുമായി ബദോനി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി