IPL 2023

ഇഷാന്ത് ശർമയുടെ തിരിച്ചുവരവും വാർണറുടെ ആക്രമണവും

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം ഇഷാന്ത് ശര്‍മയുടെ പ്രൗഢമായ ഒരു ഭൂതകാലത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്വന്തം കളിമുറ്റത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇറങ്ങുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയം നിര്‍ണായകമായിരുന്നു. അഞ്ച് മത്സരങ്ങളിലും പരാജയത്തിന്റെ പടുകുഴിയില്‍ വീണ ക്യാപിറ്റല്‍സ് കൊല്‍ക്കത്തയ്‌ക്കെതിരായ ആറാം മത്സരത്തില്‍ ഇന്നലെ ഈ സീസണിലെ ആദ്യ വിജയം രുചിച്ചു. ബൗളര്‍മാര്‍ അരങ്ങുവാണ പോരാട്ടത്തില്‍ നാല് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ ജയം. വെറ്ററന്‍മാരായ ഇഷാന്ത് ശര്‍മയുടെയും ഡേവിഡ് വാര്‍ണറിന്റെയും മാസ്മരിക പ്രകടനമാണ് ഡല്‍ഹിയെ ആദ്യജയത്തിലേക്ക് നയിച്ചത്. 2021 ന് ശേഷം ആദ്യമായാണ് ഇഷാന്ത് ശര്‍മ ഐപിഎല്ലില്‍ കളിക്കാനിറങ്ങുന്നത്.

ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മ തന്റെ പേസ് ബൗളിങ്ങിലൂടെ കൊല്‍ക്കത്തയുടെ സ്‌കോറിങ്ങിന് തടയിട്ടപ്പോള്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ ആക്രമണ ബാറ്റിങ്ങിലൂടെ ഡല്‍ഹിയെ ആദ്യജയത്തിന്റെ പടവുകള്‍ കയറ്റി. മഴ കളി വൈകിപ്പിച്ച മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തിരഞ്ഞെടുപ്പ് പാഴായില്ല, എറിഞ്ഞ ആദ്യ പന്ത് മുതല്‍ ഇഷാന്ത് കൊല്‍ക്കത്തയുടെമേല്‍ പിടിമുറുക്കി. നാല് ഓവറുകള്‍ എറിഞ്ഞ അദ്ദേഹം വഴങ്ങിയത് 19 റണ്‍സ് മാത്രം, വീഴ്ത്തിയത് കൊല്‍ക്കത്ത നായകന്‍ നിതീഷ് റാണയുടെയും മിസ്റ്ററി സ്പിന്നര്‍ സുനില്‍ നരേയന്റേയും വിലപ്പെട്ട വിക്കറ്റുകള്‍. രണ്ട് വീതം വിക്കറ്റുകളെടുത്ത് അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും ആന്റ്‌റിച്ച് നോര്‍ക്യെയും ഒരു വിക്കറ്റുമായി മുകേഷ് കുമാറും വിക്കറ്റ് വേട്ടയില്‍ ഒപ്പത്തിനൊപ്പം നിന്നതോടെ 127 എന്ന ചെറിയ സ്‌കോറില്‍ കൊല്‍ക്കത്ത പുറത്തായി. നിശ്ചിത ഓവറിലെ അവസാന പന്തിലും വിക്കറ്റ് വീഴ്ത്തി കൊല്‍ക്കത്തയുടെ അവസാന താരത്തെയും ഡല്‍ഹി പുറത്താക്കി.

നാല് ഓവറുകള്‍ എറിഞ്ഞ അദ്ദേഹം വഴങ്ങിയത് 19 റണ്‍സ് മാത്രം, വീഴ്ത്തിയത് കൊല്‍ക്കത്ത നായകന്‍ നിതീഷ് റാണയുടെയും മിസ്റ്ററി സ്പിന്നര്‍ സുനില്‍ നരേയന്റേയും വിലപ്പെട്ട വിക്കറ്റുകള്‍

ബൗളര്‍മാര്‍ തങ്ങളുടെ ഊഴം കൃത്യമായി പൂര്‍ത്തിയാക്കിയതോടെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടെ സ്‌കോറിങ് നേതൃത്വം വാര്‍ണര്‍ തന്നെ ഏറ്റെടുത്തു. വാര്‍ണറുടെ ആക്രമണ ബാറ്റിങ്ങിലേക്കുള്ള തിരിച്ചുവരവായിരുന്നു ഇന്നലെ ഡല്‍ഹിയുടെ തട്ടകത്തില്‍ കണ്ടത്. 11 ബൗണ്ടറികള്‍ പായിച്ച വാര്‍ണര്‍ 41 പന്തില്‍ 57 റണ്‍സെടുത്തു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 25 പന്തില്‍ 45 റണ്‍സിലേക്ക് കുതിച്ച അദ്ദേഹം 33-ാം പന്തിലാണ് അര്‍ദ്ധസെഞ്ചുറി തികച്ചത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും വാര്‍ണര്‍ സ്‌കോര്‍ ചെയ്തിരുന്നെങ്കിലും ഡല്‍ഹിയുടെ തോല്‍വിക്കിടയില്‍ ക്യാപ്റ്റന്റെ പ്രകടനം മങ്ങിപ്പോയി. ഈ സീസണിലെ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 285 റണ്‍സാണ് വാര്‍ണര്‍ ഇതുവരെ നേടിയത്.

പ്രായത്തെ മറികടന്നുള്ള പേസര്‍ ഇഷാന്ത് ശര്‍മയുടെ പ്രകടനം തന്നെയായിരുന്നു ആരാധകരെ കൂടുതല്‍ അത്ഭുതപ്പെടുത്തിയത്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം ഇഷാന്ത് ശര്‍മയുടെ പ്രൗഢമായ ഒരു ഭൂതകാലത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു. 2008 ല്‍ ഐപിഎല്‍ പ്രവേശം നടത്തിയ ഇഷാന്ത് 2014 മുതല്‍ ഒരു സീസണില്‍ അഞ്ചോ അതിലധികമോ മത്സരങ്ങള്‍ കളിച്ചത് രണ്ട് തവണ മാത്രമാണ്. 2019 സീസണില്‍ 13 വിക്കറ്റുകള്‍ വീഴ്ത്തിയ ശേഷം ഇഷാന്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഈ വര്‍ഷത്തെ ലേലത്തില്‍ അദ്ദേഹത്തിന് ആവശ്യക്കാരില്ലായിരുന്നു. അവസാനം ക്യാപിറ്റല്‍സ് അടിസ്ഥാന വിലയ്ക്ക് ഇഷാന്തിനെ ടീമിലെടുത്തു.

കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ആ പേര് പോലും ആരും ഓര്‍ത്തില്ല. ഖലീല്‍ അഹമ്മദിന് പരുക്കേറ്റതിനാലും മറ്റ് പേസ് ഓപ്ഷന്‍സ് ഇല്ലാത്തതിനാലുമാണ് ഇഷാന്തിന് കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ അവസരം കിട്ടിയത്. അദ്ദേഹം അത് കൃത്യമായി മുതലാക്കുകയും ശക്തമായി തിരിച്ചുവരികയും ചെയ്തു. 4-0-19-2 എന്ന നിലയില്‍ വരവറിയിച്ച് അദ്ദേഹം തന്റെ സ്‌പെല്ലിന് ശേഷം മടങ്ങി. ഇനിയൊരു മടങ്ങിവരവ് അസാധ്യമാണെന്ന് കരുതിയിടത്ത് നിന്നാണ് ഇഷാന്ത് ശര്‍മയുടെ തിരിച്ചുവരവ് . തന്റെ കരിയറിന് തിരശ്ശീല വീണിട്ടില്ലെന്നും ഇനിയും ഒരുപാട് ദൂരം പിന്നിടാന്‍ ഉണ്ടെന്നുമുള്ള സൂചനയാണ് ഇഷാന്ത് കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ നല്‍കിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ