IPL 2023

''എനിക്ക് ഇനി എളുപ്പത്തില്‍ പടിയിറങ്ങാം, പക്ഷേ...''; വിരമിക്കലില്‍ ധോണിയുടെ മറുപടി

ഒരിക്കല്‍ കൂടി ഐപിഎല്ലിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷ നല്‍കിയാണ് ധോണി കിരീടവുമായി മടങ്ങിയത്

വെബ് ഡെസ്ക്

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ കിരീടമുയര്‍ത്തിയപ്പോള്‍ ആരാധകര്‍ കാത്തിരുന്നത് നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വാക്കുകള്‍ക്കായാണ്. ഐപിഎല്ലില്‍ നിന്ന് ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്നറിയാന്‍ നെഞ്ചിടിപ്പോടെയാണ് അവർ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് കാതോര്‍ത്തത്. എന്നാല്‍, പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. ഒരിക്കല്‍ കൂടി തിരിച്ചു വരുമെന്ന പ്രതീക്ഷ നല്‍കിയാണ് ധോണി കിരീടവുമായി മടങ്ങിയത്.

ഇത്തവണ ചെന്നൈ ഫൈനലില്‍ എത്തിയപ്പോള്‍ ധോണി ആരാധകര്‍ മാത്രമല്ല ഓരോ ക്രിക്കറ്റ് പ്രേമിയും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും കിരീടം ധോണിയുടെ കൈകളിലേയ്ക്കെത്താന്‍. ചെന്നൈ നായകന്‍ ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ സീസണിന്റെ ആദ്യം മുതല്‍ തന്നെ സജീവമായിരുന്നു. ഗുജറാത്തിനെതിരായ ചെന്നൈയുടെ ത്രസിപ്പിക്കുന്ന ജയത്തിന് ശേഷം കിരീടമുയര്‍ത്തിയപ്പോള്‍ വിരമിക്കല്‍ ഉറപ്പിച്ചിരുന്നു ആരാധകര്‍. എന്നാല്‍, വിരമിക്കല്‍ കാര്യത്തില്‍ ഒരിക്കല്‍ കൂടി ധോണി എല്ലാവരെയും ഞെട്ടിച്ചു.

വിരമിക്കല്‍ പ്രഖ്യാപിച്ച അമ്പാട്ടി റായിഡുവിനും രവീന്ദ്ര ജഡേജയ്ക്കും ഒപ്പമാണ് ധോണി അഞ്ചാം കിരീടം ഏറ്റുവാങ്ങിയത്

''വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഏറ്റവും നല്ല നിമിഷമാണിതെന്ന് എനിക്കറിയാം. എളുപ്പത്തില്‍ എനിക്ക് യാത്ര പറഞ്ഞിറങ്ങാം. പക്ഷേ വിരമിക്കാനല്ല, എന്നെ ഇത്രയധികം സ്‌നേഹിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് ഒരിക്കല്‍കൂടി മടങ്ങിയെത്താനാണ് ശ്രമിക്കുന്നത്'' ധോണി പറഞ്ഞു. ഒന്‍പത് മാസം കഠിനാധ്വാനം ചെയ്ത് മറ്റൊരു സീസണില്‍ കൂടി മത്സരിക്കുമെന്ന് തല ഉറപ്പ് നല്‍കി. ശരീരത്തിന് അത് എളുപ്പമായിരിക്കില്ല എന്നാലും കഠിനാധ്വാനം ചെയ്യുമെന്നും ഇത് തന്റെ ആരാധകർക്കുള്ള സമ്മാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഐപിഎല്‍ 16ാം സീസണില്‍ ചെന്നൈയെ അവരുടെ അഞ്ചാം കിരീടത്തിലേയ്ക്കാണ് ധോണി നയിച്ചത്. 2010, 2011, 2018, 2021 വര്‍ഷങ്ങളിലാണ് ഇതിനുമുന്‍പ് ധോണി ചെന്നൈയെ ഐപിഎല്ലില്‍ കിരീടം ചൂടിച്ചത്. ഇതോടെ കിരീടനേട്ടത്തില്‍ ധോണി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം സ്ഥാനം പിടിച്ചു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. ഫൈനല്‍ ഒരു തവണ ഫൈനല്‍ മുടക്കിയെങ്കിലും ആവേശം ഒട്ടും ചോരാതെയായിരുന്നു ഇന്നലെയും ഇരു ടീമുകളും ഏറ്റുമുട്ടിയത്.

ഇന്നലെയും മഴ പെയ്തതിനാല്‍ കളി 15 ഓവറിലേക്ക് ചുരുങ്ങിയപ്പോള്‍ 171 റണ്‍സ് വിജയ ലക്ഷ്യമാണ് ധോണിക്കും കൂട്ടര്‍ക്കും മറി കടക്കേണ്ടിയിരുന്നത്. ജഡേജ പായിച്ച ബൗണ്ടറിയിലൂടെയാണ് ചെന്നൈ കിരീടത്തില്‍ മുത്തമിട്ടത്. വിരമിക്കല്‍ പ്രഖ്യാപിച്ച അമ്പാട്ടി റായിഡുവിനും രവീന്ദ്ര ജഡേജയ്ക്കും ഒപ്പമാണ് ധോണി അഞ്ചാം കിരീടം ഏറ്റുവാങ്ങിയത്. ഫൈനലില്‍ അക്കൗണ്ട് തുറക്കാതെ പുറത്തായെങ്കിലും ഫിനിഷര്‍ വേഷത്തില്‍ ധോണി ചെന്നൈയ്ക്കായി മോശമില്ലാത്ത പ്രകടനമാണ് ഈ സീസണില്‍ കാഴ്ച വച്ചത്. എട്ട് ഇന്നിങ്‌സുകളില്‍ നിന്ന് 182.46 സ്‌ട്രൈക്ക് റേറ്റില്‍ 104 റണ്‍സാണ് ധോണി നേടിയത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം