IPL 2023

ഇതാണ് മുംബൈ!!! റണ്‍മല താണ്ടി വീണ്ടും വിജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ മൊഹാലിയിലെ ഏറ്റവും വലിയ റണ്‍ ചെയ്‌സാണ് ഇന്ന് മുംബൈ ഇന്ത്യന്‍സ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നു നടന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ പഞ്ചാബ് കിങ്‌സിനെ ആറു വിക്കറ്റിനാണ് അഞ്ചു തവണ ജേതാക്കളായ മുംബൈ തകര്‍ത്തു വിട്ടത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് അടിച്ചു കൂട്ടിയത്. കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഏഴു പന്ത് ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ മൊഹാലിയിലെ ഏറ്റവും വലിയ റണ്‍ ചെയ്‌സാണ് ഇന്ന് മുംബൈ ഇന്ത്യന്‍സ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

അക്കൗണ്ട് തുറക്കും മുമ്പേ നായകന്‍ രോഹിത് ശര്‍മ(0)യെ നഷ്ടമായ അവര്‍ക്ക് തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി കളം നിറഞ്ഞാടിയ ഓപ്പണര്‍ ഇഷാന്‍ കിഷന്റെയും മധ്യനിര താരം സൂര്യകുമാര്‍ യാദവിന്റെയും മിന്നുന്ന പ്രകടനമാണ് കരുത്തായത്. ഇഷാന്‍ 41 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 75 റണ്‍സുമായി ടോപ് സ്‌കോററായപ്പോള്‍ 31 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 66 റണ്‍സാണ് സൂര്യയുടെ സംഭാവന.

കൂറ്റന്‍ സ്‌കോര്‍ തേടിയിറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിന്റെ അഞ്ചാം പന്തില്‍ രോഹിത് പുറത്താകുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ റണ്ണൊന്നും വന്നിട്ടുണ്ടായിരുന്നില്ല. പിന്നീട് കാമറൂണ്‍ ഗ്രീനും ഇഷാനും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു. എന്നാല്‍ അത് അധികം നീണ്ടില്ല.

18 പന്തില്‍ നാലു ബൗണ്ടറികളോടെ 23 റണ്‍സ് നേടിയ ഗ്രീനിനെ വീഴ്ത്തി നഥാന്‍ എല്ലിസ് പഞ്ചാബിന് പ്രതീക്ഷ നല്‍കി. അപ്പോള്‍ മുംബൈയുടെ സ്‌കോര്‍ ആറോവറില്‍ 54. പക്ഷേ, മൂന്നാം വിക്കറ്റില്‍ ഇഷാനും സൂര്യയും ഒന്നിച്ചതോടെ കളി പഞ്ചാബിന്റെ വരുതിയില്‍ നിന്നകന്നു. മൂന്നാം വിക്കറ്റില്‍ 116 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.

ആറു പന്തിന്റെ ഇടവേളയില്‍ ഇരുവരും പുറത്താകുമ്പോഴേക്കും മികച്ച നിലയില്‍ എത്തിയ മുംബൈയ്ക്കു വേണ്ടി പിന്നീട് ടിം ഡേവിഡും തിലക് വര്‍മയും ചേര്‍ന്ന് കാര്യങ്ങള്‍ എളുപ്പമാക്കി. തിലക് 10 പന്തില്‍ ഒരു ഫോറും മൂന്നു സിക്‌സറുകളും സഹിതം 26 റണ്‍സുമായും ഡേവിഡ് 10 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 19 റണ്‍സുമായും പുറത്താകാതെ നിന്നു. പഞ്ചാബിനു വേണ്ടി നഥാല്‍ എല്ലിസ് രണ്ടും റിഷി ധവാന്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

നേരത്തെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണിന്റെ മിന്നുന്ന ബാറ്റിങ്ങാണ് പഞ്ചാബിനു തുണയായത്. 42 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 82 റണ്‍സാണ് ലിവിങ്‌സ്റ്റണ്‍ നേടിയത്.

ഇംഗ്ലീഷ് താരത്തിനു പുറമേ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ യുവതാരം ജിതേഷ് ശര്‍മ, നായകന്‍ ശിഖര്‍ ധവാന്‍ എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. 27 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 49 റണ്‍സ് നേടി ജിതേഷ് പുറത്താകാതെ നിന്നപ്പോള്‍ 20 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 30 റണ്‍സായിരുന്നു ധവാന്‍ നേടിയത്.

26 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 27 റണ്‍സ് നേടിയ മാത്യൂ ഷോര്‍ട്ടിന്റെയും ഒമ്പതു റണ്‍സ് നേടിയ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെയും വിക്കറ്റുകളാണ് ധവാനു പുറമേ പഞ്ചാബിന് നഷ്ടമായത്. മുംബൈയ്ക്കു വേണ്ടി നാലോവറില്‍ 29 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പീയുഷ് ചൗളയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. അര്‍ഷദ് ഖാനാണ് ഒരു വിക്കറ്റ്.

11.2 ഓവറലല്‍ മൂന്നിന് 95 എന്ന നിലയില്‍ പതറിയ പഞ്ചാബിന് നാലാം വിക്കറ്റില്‍ ലിവിങ്‌സ്റ്റണ്‍-ജിതേഷ് കൂട്ടുകെട്ടാണ് തുണയായത്. 52 പന്തുകളില്‍ നിന്ന് 119 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇതില്‍ 12 ബൗണ്ടറികളും ആറു സിക്‌സറുകളും ഉള്‍പ്പെടും. മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജൊഫ്ര ആര്‍ച്ചറാണ് ഇവരുടെ ബാറ്റിന്റെ ചൂടറിച്ചത്. നാലോവറില്‍ 56 റണ്‍സാണ് ആര്‍ച്ചര്‍ വഴങ്ങിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ