IPL 2023

ധവാന്‍ നയിച്ചു; രാജസ്ഥാനെതിരേ കൂറ്റന്‍ സ്‌കോര്‍ നേടി പഞ്ചാബ്

തകര്‍പ്പന്‍ അര്‍ധസെഞ്ചുറികള്‍ നേടിയ നായകന്‍ ശിഖര്‍ ധവാനും ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെയും മികച്ച ബാറ്റിങ്ങാണ് പഞ്ചാബിന് തുണയായത്.

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കൂറ്റന്‍ സ്‌കോര്‍ നേടി പഞ്ചാബ് കിങ്‌സ്. രാജസ്ഥാന്റെ രണ്ടാം ഹോംഗ്രൗണ്ടായ ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സാണ് നേടിയത്.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറികള്‍ നേടിയ നായകന്‍ ശിഖര്‍ ധവാനും ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെയും മികച്ച ബാറ്റിങ്ങാണ് പഞ്ചാബിന് തുണയായത്. ധവാന്‍ 56 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 86 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ പ്രഭ്‌സിമ്രാന്‍ 34 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 60 റണ്‍സ് നേടി.

16 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 27 റണ്‍സ് നേടിയ ജിതേഷ് ശര്‍മയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. വണ്‍ഡൗണായി ഇറങ്ങിയ ശ്രീലങ്കന്‍ താരം ഭനുക രജപക്‌സെ(1) പരുക്കേറ്റ് പുറത്തുപോയതാണ് 200 എന്ന മാന്ത്രിക സ്‌കോര്‍ കടക്കുന്നതില്‍ നിന്ന് പഞ്ചാബിനെ തടഞ്ഞത്.

മധ്യനിര താരം സിക്കന്ദര്‍ റാസ(1) പരാജയപ്പെട്ടപ്പോള്‍ ഷാരൂഖ് ഖാന്‍ 10 പന്തില്‍ 11 റണ്‍സ് നേടി പുറത്തായി. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ഒരു റണ്ണുമായി ഓള്‍റൗണ്ടര്‍ സാം കറനായിരുന്നു ധവാനു കൂട്ടായി ക്രീസില്‍. രാജസ്ഥാനു വേണ്ടി നാലേവറില്‍ 29 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറാണ് ബൗളിങ്ങില്‍ തിളങ്ങിയത്.

സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും യൂസ്‌വേന്ദ്ര ചഹാലും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ പേസര്‍ ട്രെന്റ് ബൗള്‍ട്ടിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. നാലോവറില്‍ 54 റണ്‍സ് വഴങ്ങിയ മലയാളി താരം കെ.എം. ആസിഫും നിരാശപ്പെടുത്തി.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പഞ്ചാബിന്റെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. എന്നാല്‍ സഞ്ജുവിന്റെ തീരുമാനത്തെ ഇരുകൈയ്യും നീട്ടിയാണ് പഞ്ചാബ് ഓപ്പണമാര്‍ സ്വീകരിച്ചത്. ബോള്‍ട്ടിനെയും ആസിഫിനെയും കണക്കിന് ശിക്ഷിച്ചു തുടങ്ങിയ അവര്‍ സ്‌കോര്‍ ശരവേഗത്തില്‍ ഉയര്‍ത്തി.

ആദ്യ ഓവറുകളില്‍ ധവാന്‍ താളം കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ പ്രഭ്‌സിമ്രാനാണ് ആക്രമിച്ചു കളിച്ചത്. ഓവറില്‍ 10 റണ്‍സ് എന്ന നിരക്കിലാണ് ഈ സഖ്യം സ്‌കോര്‍ ചെയ്തത്. 9.4 ഓവറില്‍ 90 കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഹോള്‍ഡറുടെ പന്തില്‍ ജോസ് ബട്‌ലറുടെ മികച്ച ക്യാച്ചിലാണ് പ്രഭ്‌സിമ്രാന്‍ പുറത്തായത്. പിന്നീട് ധവാന്റെ മികവിലായിരുന്നു പഞ്ചാബ് മികച്ച സ്‌കോര്‍ കെട്ടിപ്പടുത്തത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ