ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് ഇലവനെതിരേ ഇരുന്നൂറടിച്ചു ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇന്നു സ്വന്തം തട്ടകമായ ചെപ്പോക്ക് എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അവര്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്.
തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ ഡെവണ്‍ കോണ്‍വെയാണ് ചെന്നൈ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 52 പന്തുകളില്‍ നിന്ന് 16 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 92 റണ്‍സുമായാണ് കോണ്‍വേ അപരാജിതനായി നിന്നത്.
കിവീസ് താരത്തിനു പുറമേ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്‌വാദ്, മധ്യനിര താരം ശിവം ദുബെ എന്നിവരാണ് മികച്ച ബാറ്റിങ് കാഴ്ചവച്ച മറ്റു സൂപ്പര്‍ കിങ്‌സ് താരങ്ങള്‍. ഗെയ്ക്ക്‌വാദ് 31 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 37 റണ്‍സ് നേടിയപ്പോള്‍ ദുബെ 17 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറുകളും സഹിതം 28 റണ്‍സാണ് നേടിയത്.
മൊയീന്‍ അലി(10), രവീന്ദ്ര ജഡേജ(12), എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ അവസാന രണ്ടു പന്തുകള്‍ സിക്‌സര്‍ പറത്തിയ നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ് ടീമിനെ 200-ല്‍ എത്തിച്ചത്. ധോണി നാലു പന്തില്‍ 13 റണ്‍സുമായി കോണ്‍വേയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.
പഞ്ചാബിനു വേണ്ടി നാലോവറില്‍ 35 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ സ്പിന്ന രാഹുല്‍ ചഹാറാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ചഹാറിനു പുറമേ പേസര്‍ അര്‍ഷ്ദീപ് സിങ്, ഓള്‍റൗണ്ടര്‍ സാം കറന്‍, സ്പിന്നര്‍ സിക്കന്ദര്‍ റാസ എന്നിവരും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.