ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ലെ ഫൈനല്‍ മത്സരം വൈകിപ്പിച്ച് മഴയുടെ കളി. ഇന്ന് അഹമ്മദാബാദ് നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സുമാണ് കൊമ്പുകോര്‍ക്കുന്നത്. എന്നാല്‍ മഴയെത്തുടര്‍ന്ന് ടോസ് വൈകുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് കിരീടം നിലനിര്‍ത്താനിറങ്ങുമ്പോള്‍ നാലു തവണ ചാമ്പ്യന്മാരായ ചെന്നൈ അഞ്ചാം കിരീടം നേടി നായകന്‍ മഹേന്ദ്ര സിങ് ധോണിക്കും വിരമിക്കല്‍ പ്രഖ്യാപിച്ച മധ്യനിര താരം അമ്പാട്ടി റായിഡുവിനും യാത്രയയപ്പ് നല്‍കാനാണ് ലക്ഷ്യമിടുന്നത്.
ഈ സീസണില്‍ ഇതു മൂന്നാം തവണയാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. നേരത്തെ ഉദ്ഘാടന മത്സരത്തിലും ക്വാളിഫയര്‍ ഒന്നിലും ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നിരുന്നു. ഒരേ ടീമുകള്‍ തന്നെ ഉദ്ഘാടന മത്സരത്തിലും ഫൈനലിലും കളിക്കുന്നതും ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമാണ്. ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ജയം നേടിയപ്പോള്‍ ക്വാളിഫയര്‍ ഒന്നില്‍ ഗുജറാത്തിനെ 15 റണ്‍സിനു തോല്‍പിച്ചാണ് ചെന്നൈ ഫൈനലില്‍ കടന്നത്.
അതേസമയം ക്വാളിഫയര്‍ രണ്ടില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ മിന്നുന്ന പ്രകടനവുമായി ഗുജറാത്ത് ചെന്നൈയ്‌ക്കെതിരേ വീണ്ടുമൊരു മത്സരത്തിന് ടിക്കറ്റ് എടുത്തത്. സ്റ്റാര്‍ ബാറ്റര്‍ ശുഭ്മാന്‍ഗില്ലിന്റെ അപാര ഫോമാണ് ഗുജറാത്തിന്റെ കരുത്ത്. മികച്ച റണ്‍നേട്ടത്തിനുള്ള ഓറഞ്ച് ക്യാപ് ഗില്‍ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ എന്നിവരും ഗുജറാത്തിന്റെ ബാറ്റിങ്ങിന് ആഴം കൂട്ടുന്നു.
ഇന്നത്തെ മത്സരം മഴമൂലം ഉപേക്ഷിക്കുമെന്ന പേടി ആരാധകര്‍ക്കു വേണ്ട. കാരണം നാളെ റിസര്‍വ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മഴകാരണം മത്സരം വൈകിയാല്‍ പരമാവധി കാത്തിരുന്ന് ഒരു സൂപ്പര്‍ ഓവര്‍ എങ്കിലും നടത്താന്‍ ശ്രമിക്കും. അതിനും കഴിഞ്ഞില്ലെങ്കില്‍ മാത്രമേ റിസര്‍വ് ദിനമായ നാളെ മത്സരം നടത്തൂ.
ഓവര്‍ നഷ്ടമാകാതെ മത്സരം നടത്താന്‍ രാത്രി 9:40 വരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുള്ളില്‍ മഴ ശമിച്ചില്ലെങ്കില്‍ പിന്നീട് അഞ്ച് ഓവര്‍ മത്സരമെങ്കിലും നടത്താനാകും ശ്രമിക്കുന്നത്. രാത്രി 11:56 വരെയാണ് ഇതിനുള്ള കട്ട് ഓഫ് ടൈം. ഇതിനുള്ളിലും മഴ ശമിച്ചില്ലെങ്കിലാകും സൂപ്പര്‍ ഓവറിന് തയാറെടുക്കുക. ഇത് നടത്താന്‍ രണ്ടുമണിക്കൂര്‍ വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടുമണിക്കൂര്‍ കാത്തിരുന്നിട്ടും മത്സരം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മത്സരം നാളത്തേക്കു മാറ്റും.
ഇന്ന് മത്സരം ആരംഭിച്ച ശേഷം മഴ കളിമുടക്കുകയും പിന്നീട് പുനഃരാരംഭിക്കാന്‍ കഴിയാതെ പോകുകയും ചെയ്താല്‍ ഇന്ന് മത്സരം എവിടെ നിര്‍ത്തിയോ അവിടെ നിന്ന് നാളെ പുനരാരംഭിക്കുകയും ചെയ്യു.