ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നു നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ബാറ്റിങ് തകര്‍ച്ച. മഴയുടെ ഇടപെടലുകള്‍ക്കിടെ ഇന്ന് കാണ്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അവര്‍ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.
മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ച മീഡിയം പേസര്‍ നവീന്‍ ഉള്‍ ഹഖും സ്പിന്നര്‍മാരായ രവി ബിഷ്‌ണോയ്, അമിത് മിശ്ര എന്നിവരും ചേര്‍ന്നാണ് ബാംഗ്ലൂരിനെ എറിഞ്ഞു വീഴ്ത്തിയത്. നാലോവറില്‍ വെറും 30 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ നവീനാണ് കൂട്ടത്തില്‍ കേമന്‍.
നാലോവറില്‍ 21 റണ്‍സ് വഴങ്ങി ബിഷ്‌ണോയ് രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ മൂന്നോവറില്‍ 21 റണ്‍സ് വഴങ്ങിയായിരുന്നു മിശ്ര രണ്ടു വിക്കറ്റ് കൊയ്തത്. ഒരു വിക്കറ്റുമായി കൃഷ്ണപ്പ ഗൗതവും മികച്ച സംഭാവന നല്‍കി.
ബാംഗ്ലൂര്‍ നിരയില്‍ ഓപ്പണര്‍മാരായ നായകന്‍ ഫാഫ് ഡുപ്ലീസിസിനും മുന്‍ നായകന്‍ വിരാട് കോഹ്ലിക്കും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 40 പന്തുകളില്‍ നിന്ന് ഒരോ ഫോറും സിക്‌സറും സഹിതം 44 റണ്‍സ് നേടിയ ഫാഫ് ടോപ് സ്‌കോററായി. 30 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 31 റണ്‍സായിരുന്നു കോഹ്ലിയുടെ സംഭാവന.
ഇവര്‍ക്കു പുറമേ 16 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കിനു മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കടക്കാനായത്. മധ്യനിര താരങ്ങളായ അനുജ് റാവത്ത്(9), ഗ്ലെന്‍ മാക്‌സ്‌വെല്‍(4), സുയാഷ് പ്രഭുദേശായി(6), മഹിപാല്‍ ലോംറോര്‍(3), വനിന്ദു ഹസരങ്ക(8) എന്നിവര്‍ പരാജയപ്പെട്ടത് അവര്‍ക്കു തിരിച്ചടിയായി.