ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് താരം റിങ്കു സിങ് കാഴ്ചവച്ച മാസ്മരിക പ്രകടനത്തിന്റെ ഹാങ്ങ്ഓവറിലാണ് ക്രിക്കറ്റ് ലോകം ഇപ്പോഴും. ഇതിനിടെ റിങ്കുവിന്റെ പ്രകടനത്തിനു പിന്നില്‍ തന്റെ ബാറ്റിന് പ്രത്യേക റോള്‍ ഉണ്ടെന്ന് വെളിപ്പെടുത്തി രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് കെ.കെ.ആര്. നായകന് നിതീഷ് റാണ.
ഇന്നലെ മത്സരശേഷം അഹമ്മദാബാദ് സ്റ്റേഡയത്തില്‍ വച്ച് റാണ സംസാരിക്കുന്ന വീഡിയോയാണ് നൈറ്റ്റൈഡഴേ്സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഷെയര്‍ ചെയ്തത്.
വീഡിയോയില്‍ തന്റെ ബാറ്റ് എങ്ങനെ റിങ്കു സിങ്ങിന് ലഭിച്ചെന്നും റാണ പറയുന്നുണ്ട്. ''ഈ ബാറ്റ് എന്റേതാണ്. ഐ.പി.എല്‍. ഈ സീസണില്‍ ആദ്യ രണ്ടു മത്സരങ്ങളും ഞാന്‍ ഇതുപയോഗിച്ചാണ് കളിച്ചത്. ഈ വര്‍ഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ചാമ്പ്യന്‍ഷിപ്പിലെ എല്ലാ മത്സരങ്ങളും കഴിഞ്ഞ ഐ.പി.എല്‍. സീസണിലെ അവസാന നാലഞ്ച് മത്സരങ്ങളിലും ഞാന്‍ ഈ ബാറ്റ് ഉപയോഗിച്ചിരുന്നു. ഇന്ന്(ഇന്നലെ) ഞാന്‍ പുതിയ ബാറ്റ് എടുത്തു. അപ്പോള്‍ റിങ്കു എന്നോട് ഈ ബാറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്റെ ബാറ്റ് അവന് നല്കാന് എനിക്കു തോന്നിയില്ല. പക്ഷേ ഡ്രെസിങ് റൂമില്‍ നിന്ന് ഈ ബാറ്റ് മറ്റാരോ സ്റ്റേഡിയത്തില്‍ എത്തിക്കുകയായിരുന്നു''- റാണ പറയുന്നു.
റിങ്കുവിന് തന്റെ ബാറ്റ് ഇഷ്ടമായിരുന്നെന്നും റാണ പറഞ്ഞു. ''എനിക്കറിയാമായിരുന്നു അവന് ഈ ബാറ്റ് എടുക്കുമെന്നു. കാരണം ഇത് ലൈറ്റ്വെയ്റ്റ് ആണ്. ഹാര്‍ഡ് ഹിറ്റിങ്ങിനു പറ്റുന്നതാണ്. ഇനി ഈ ബാറ്റ് എന്റേതല്ല. അത് ഇനി റിങ്കുവിനുള്ളതാണ്'' -വീഡിയോയില്‍ കൊല്‍ക്കത്ത നായകന് വ്യക്തമാക്കി.
ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും ത്രസിപ്പിക്കുന്ന വിജയങ്ങളിലൊന്നാണ് ഇന്നലെ റിങ്കു സിങ്ങിലൂടെ കെ.കെ.ആര്. നേടിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണ്ടിയിരിക്കെ യാഷ് ദയാല്‍ എറിഞ്ഞ ഓവറിന്റെ അവസാന അഞ്ചു പന്തുകളും സിക്സര്‍ പറത്തിയാണ് റിങ്കു സിങ് കെ.കെ.ആറിനെ വിജയത്തിലെത്തിച്ചത്.