ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നു നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ രാജസ്ഥാന് റോയല്‍സിന് ബാറ്റിങ്. സ്വന്തം തട്ടകമായ ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന് നായകന് സഞ്ജു സാംസണ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
അവസാന മത്സരത്തില്‍ തോല്‍വി നേരിട്ടാണ് ഇരു കൂട്ടരും ഇറങ്ങുന്നത്. അവസാന ഓവര്‍ വരെ നീണ്ട ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ രാജസ്ഥാന് പഞ്ചാബ് കിങ്സിനോടും ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്സിനോടുമാണ് തോറ്റത്. ഇതില്‍ നിന്നു കരകയറാന്‍ ലക്ഷ്യമിട്ടാണ് ഇരുകൂട്ടരും ഇന്നിറങ്ങുന്നത്.
നിലവില്‍ ഒമ്പതു മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി പട്ടികയില്‍ ഏറെ മുന്നില്‍ ഒന്നാമതാണ് ടൈറ്റന്‍സ്. 10 പോയിന്റുമായി രാജസ്ഥാന് നാലാമതും. ഇന്നു ജയിച്ചാല്‍ ഒന്നാം സ്ഥാനത്ത് ടൈറ്റന്‍സിന് മൂന്നു പോയിന്റിന്റെ ലീഡ് നേടാം. രണ്ടും മൂന്നും സ്ഥാനരത്തുള്ള ലഖ്നൗ സൂപ്പര്‍ ജയന്റ്സിനും ചെന്നൈ സൂപ്പര്‍ കിങ്സിനും 11 പോയിന്റ് വീതമാണുള്ളത്.
അതേസമയം ഇന്നു ജയിച്ചാല്‍ ഒറ്റയടിക്ക് ടൈറ്റന്‍സിനെ മറികടന്ന് രാജസ്ഥാന് ഒന്നാമതെത്താന്‍ കഴിയും. ജയത്തിലൂടെ 12 പോയിന്റിലേ എത്തുവുള്ളുവെങ്കിലും റണ്‍നിരക്കില്‍ ടൈറ്റന്സിനെക്കാള് മികവുള്ളതിനാല്‍ ഒന്നാം സ്ഥാനം ഉറപ്പാണ്.
കഴിഞ്ഞ മത്സരത്തിലെ ഇലവനില്‍ നിന്ന് ഒരു മാറ്റവുമായാണ് രാജസ്ഥാന് ഇന്നിറങ്ങുന്നത്. മോശം ഫോമിലുള്ള ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറിനു വിശ്രമം അനുവദിച്ചപ്പോള്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ ആദ്യ ഇലവനില്‍ തിരിച്ചെത്തി. കഴിഞ്ഞ കളിയിലെ അതേ ഇലവനെ നിലനിര്‍ത്തിയാണ് ടൈറ്റന്‍സ് ഇറങ്ങുന്നത്.