ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16-ാമത് എഡിഷന് വെടിക്കെട്ട് തുടക്കം. തകര്‍പ്പന്‍ ബാറ്റിങ്ങുമായി ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്‌വാദ് ആളിക്കത്തിയപ്പോള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മികച്ച സ്‌കോര്‍.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട അവര്‍ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. 50 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒമ്പതു സിക്‌സറുകളും സഹിതം 92 റണ്‍സ് നേടിയ റുതുരാജിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് അവരെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.
റുതുരാജിനു പുറമേ 17 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 23 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ മൊയീന്‍ അലി, 18 പന്തുകളില്‍ നിന്ന് ഒരു സിക്‌സര്‍ സഹിതം 19 റണ്‍സ് നേടിയ ശിവം ദുബെ, ഏഴു പന്തില്‍ 14 റണ്‍സ് നേടി പുറത്താകാതെ നിന്ന നായകന്‍ എം.എസ്. ധോണി എന്നിവരാണ് ചെന്നൈയ്ക്കായി മികച്ച ബാറ്റിങ് കാഴ്ചവച്ചത്. ഓപ്പണര്‍ ഡെവണ്‍ കോണ്‍വെ(1), ഓള്‍റൗണ്ടമാരായ ബെന്‍ സറ്റോക്‌സ്(7), രവീന്ദ്ര ജഡേജ(1), മധ്യനിര താരം അമ്പാട്ടി റായിഡു(12) എന്നിവര്‍ നിരാശപ്പെടുത്തി.
ടൈറ്റന്‍സിനു വേണ്ടി നാലോവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ റാഷിദ് ഖാനാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റുകളുമായി അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി എന്നിവര്‍ റാഷിദിനു മികച്ച പിന്തുണ നല്‍കി. ജോഷ് ലിറ്റിലിനാണ് ഒരു വിക്കറ്റ്.
നേരത്തെ തിങ്ങിനിറഞ്ഞ കാണികള്‍ക്കു മുന്നില്‍ വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്കു ശേഷം നടന്ന ടോസ് ജയിച്ച ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കങ്‌സിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.
നായകന്റെ തീരുമാനത്തെ ന്യായീകരിക്കും വിധമായിരുന്നു ഗുജറാത്ത് ബൗളര്‍മാരുടെ തുടക്കം. മൂന്നാം ഓവറില്‍ തന്നെ ചെന്നൈ ഓപ്പണര്‍ ഡെവണ്‍ കോണ്‍വേയെ ക്ലീന്‍ ബൗള്‍ഡാക്കി ഗുജറാത്തിന് മികച്ച തുടക്കം സമ്മാനിച്ചു.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റുതുരാജും അലിയും ചേര്‍ന്ന് സൂപ്പര്‍ കിങ്‌സിനെ ട്രാക്കിലെത്തിച്ചു. 36 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ആറാം ഓവറില്‍ അലിയും തൊട്ടു പിന്നാലെ സ്‌റ്റോക്‌സും റാഷിദ് ഖാന് ഇരയായതോടെ സൂപ്പര്‍ കിങ്‌സ് വീണ്ടും തകര്‍ച്ച നേരിട്ടു.
പക്ഷേ ഒരറ്റത്ത് മിന്നുന്ന പ്രകടനം കാഴ്ചവച്ച റുതുരാജ് പിന്നീടെത്തിയ റായിഡു, ദുബെ എന്നിവരെ കൂട്ടുപിടിച്ചു സൂപ്പര്‍ കിങ്‌സിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഒടുവില്‍ അര്‍ഹിച്ച സെഞ്ചുറിക്ക് എട്ടു റണ്‍സ് അകലെ അല്‍സാരി ജോസഫിന്റെ പന്തില്‍ റാഷിദ് ഖാന്‍ പിടിച്ച് റുതുരാജ് പുറത്താകുമ്പോള്‍ സൂപ്പര്‍ കിങ്‌സ് 17 ഓവറില്‍ 151-ല്‍ എത്തിയിരുന്നു.