ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയത്തെ തുടര്‍ന്ന് ഗുജറാത്ത് താരം ശുഭ്മാന്‍ ഗില്ലിനും കുടുംബത്തിനും നേര്‍ക്ക് ബാംഗ്ലൂര്‍ ആരാധകരുടെ സൈബര്‍ അറ്റാക്ക്. ടീമിന്റെ വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു ശുഭ്മാന്റെ സഹോദരി ഷഹീല്‍ ഗില്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റാണ് ആര്‍സിബി ആരാധകരെ ചൊടിപ്പിച്ചത്.
മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി അടിച്ച് ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ജയം ഉറപ്പാക്കിയപ്പോള്‍ പുറത്ത് പോകേണ്ടി വന്നത് വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനാണ്. മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ആദ്യ നാലില്‍ കടക്കാന്‍ ബാംഗ്ലൂരിനാകുമായിരുന്നുള്ളു. എന്നാല്‍ ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനം അവരുടെ പ്രതീക്ഷകളെ തച്ചുതകര്‍ത്തു. ഈ മത്സരവേളയില്‍ പകര്‍ത്തിയ ചിത്രങ്ങളോടൊപ്പം ' എന്ത് മനോഹരമായ ദിവസം' എന്ന ഷെഹനീല്‍ ഗില്ലിന്റെ പോസ്റ്റാമണ് ആരാധകരെ ചൊടിപ്പിച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിന് താഴെ ആര്‍സിബി ആരാധകരുടെ വിദ്വേഷ കമന്റുകള്‍ നിറഞ്ഞു. ക്രിക്കറ്റ് താരത്തെയും സഹോദരിയെയും കുറിച്ചുള്ള അശ്ലീല കമന്റുകള്‍ നിറഞ്ഞതോടെ നിരവധിപ്പേര്‍ ആര്‍സിബി ആരാധകര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഇങ്ങനെയുള്ള ആളുകള്‍ ജയിലില്‍ കഴിയേണ്ടവരാണെന്നും ടോക്‌സിക് ആരാധകര്‍ കാരണം ആര്‍സിബി ഒരിക്കലും കപ്പ് ജയിക്കരുതെന്ന് ആഗ്രഹിച്ച് പോകുന്നു എന്നു വരെയുളള പോസ്റ്റുകളും ട്വിറ്ററില്‍ നിറഞ്ഞു. നിരവധി പേര്‍ ശുഭാമാനിന്റെ പ്രകടനത്തെയും ടീമിനും പ്രശംസിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു.
പ്ലേ ഓഫില്‍ കടക്കാന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ആറു വിക്കറ്റിനാണ് ബാംഗ്ലൂര്‍ പരാജയം രുചിച്ചത്. ബാംഗ്ലൂരിന്റെ തോല്‍വിയോടെ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കടന്നു. തകര്‍പ്പന്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഗില്ലും അര്‍ധസെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറുമാണ് ഗുജറാത്തിന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചത്. ഗില്‍ 52 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും എട്ടു സിക്‌സറുകളും സഹിതം 104 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 35 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 53 റണ്‍സാണ് ശങ്കര്‍ നേടിയത്.
നേരത്തെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ കോഹ്ലിയായിരുന്നു ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 61 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 101 റണ്‍സുമായി കോഹ്ലി പുറത്താകാതെ നിന്നു. ഇതോടെ ഐ.പി.എല്ലില്‍. ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോഡും കോഹ്ലി സ്വന്തം പേരിലാക്കി.