ട്വന്റി 20 ക്രിക്കറ്റിന്റെ എല്ലാ ആവേശവും കണ്ട മത്സരത്തില്‍ അവസാന പന്തില്‍ സിക്‌സറടിച്ച് രാജസ്ഥാന്‍ റോയല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അവിശ്വനീയ ജയം. രാജസ്ഥാന്റെ തട്ടകമായ ജയ്പൂരില്‍ നാലു വിക്കറ്റിനാണ് സണ്‍റൈസേഴ്‌സ് ജയം കൊയതത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ രണ്ടു വിക്കറ്റ് ന്ഷടത്തില്‍ 214 റണ്‍സാണ് നേടിയത്. മറുപടി ബാറ്റങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് അവസാന പന്തില്‍ ലക്ഷ്യം കണ്ടു. സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ സണ്‍റൈസേഴ്‌സിന് 17 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.
ആദ്യ അഞ്ചു പന്തുകളില്‍ 12 റണ്‍സ് നേടിയ സണ്‍റൈസേഴ്‌സിന് അവസാന പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍സ് വേണമായിരുന്നു. സ്‌ട്രൈക്കിലുണ്ടായിരുന്ന അബ്ദുള്‍ സമദിന്റെ സിക്‌സര്‍ ശ്രമം ജോസ് ബട്‌ലറുടെ കൈകളില്‍ ഒതുങ്ങിയതോടെ രാജസ്ഥാന്‍ താരങ്ങള്‍ ജയം ആഘോഷിക്കാന്‍ തുടങ്ങി.
എന്നാല്‍ റീപ്ലേ പരിശോധിച്ച തേര്‍ഡ് അമ്പയര്‍ നോബോള്‍ വിളിച്ചതോടെ അവരുടെ കൈയില്‍ നിന്നു വിജയം വഴുതി. തുടര്‍ന്നു ലഭിച്ച ഫ്രീഹിറ്റ് ബോള്‍ സിക്‌സറിനു പറത്തി സമദ് സണ്‍റൈസേഴ്‌സിനെ ജയത്തിലെത്തിച്ചു. ഏഴു പന്തുകളില്‍ നിന്ന് 17 റണ്‍സുമായി സമദ് പുറത്താകാതെ നിന്നു.
കൂറ്റന്‍ സ്‌കോര്‍ തേടിയിറങ്ങിയ സണ്‍റൈസേഴ്‌സിന് അന്‍മോല്‍പ്രീത് സിങ്-അഭിഷേക് ശര്‍മ കൂട്ടുകെട്ട് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 5.5 ഓവറില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. 25 പന്തില്‍ നാലു ഫോറുകളും ഒരു സിക്‌സറും സഹിതം 33 റണ്‍സ് നേടിയ അന്‍മോലിനെ മടക്കി യൂസ്‌വേന്ദ്ര ചഹാലാണ് ബ്രേക്ക്ത്രൂ സമ്മാനിച്ചത്.
എന്നാല്‍ അഭിഷേകിന് കൂട്ടായി രാഹുല്‍ ത്രിപാഠി എത്തിയതോടെ സ്‌കോര്‍ വീണ്ടും കുതിച്ചുയര്‍ന്നു. രണ്ടാം വിക്കറ്റില്‍ ഇവര്‍ 65 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ അഭിഷേകിനെ വീഴ്ത്തി രവിചന്ദ്രന്‍ അശ്വിന്‍ വീണ്ടും രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. 34 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 55 റണ്‍സാണ് അഭിഷേക് നേടിയത്.
പിന്നീട് രാഹുലും ഹെന്റ്‌റിച്ച് ക്ലാസനും ചേര്‍ന്നാണ് പടനയിച്ചത്. രാഹുല്‍ 29 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 47 റണ്‍സും ക്ലാസന്‍ 12 പന്തില്‍ രണ്ടു വീതം സിക്‌സറും ഫോറും സഹിതം 25 റണ്‍സും നേടി. ഇവര്‍ പുറത്തായ ശേഷം അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഗ്ലെന്‍ ഫിലിപ്‌സാണ് ടീമിനെ ജയത്തിനരികെ എത്തിച്ചത്. ഏഴു പന്തില്‍ ഒരു ഫോറും മൂന്നു സിക്‌സും സഹിതം 25 റണ്‍സാണ് ഫിലിപ്‌സ് നേടിയത്.
നേരത്തെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിളുമായി മിന്നുന് ബാറ്റിങ് കാഴ്ചവച്ച ഓപ്പണര്‍ ജോസ് ബട്‌ലറും നായകന്‍ സഞ്ജു സാംസണുമാണ് രാജസ്ഥാനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്ന 138 റണ്‍സാണ് രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്.
ബട്‌ലര്‍ 59 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും നാലു സിക്‌സറുകളും സഹിരം 95 റണ്‍സ് നേടി പുറത്തായപ്പോള്‍ സഞ്ജു 38 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും അഞ്ചു ബൗണ്ടറികളും സഹിതം 66 റണ്‍സ് നേടി പുറത്താകാതെ നിന്നു. 18 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 35 റണ്‍സ് നേടിയ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളും മികച്ച സംഭാവനകള്‍ നല്‍കി. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ഏഴു റണ്‍സുമായി ഷിംറോണ്‍ ഹെറ്റ്മയറായിരുന്നു സഞ്ജുവിനു കൂട്ടായി ക്രീസില്‍.