ഐപിഎല്‍ 16ാം സീസണില്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഗുജറാത്തിന് രാജകീയമായ ഫൈനല്‍ പ്രവേശം. 62 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്മാരുടെ ജയം. ഗുജറാത്ത് മുന്നില്‍ വച്ച 234 റണ്‍സ് വിജയ ലക്ഷ്യം മറികടക്കും മുന്‍പേ 171 റണ്‍സിന് മുംബൈയുടെ മുഴുവന്‍ വിക്കറ്റും വീണു.
ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയും 2.2 ഓവറില്‍ 10 റണ്‍സ് മാത്രം വിട്ട് കൊടുത്ത് അഞ്ച് വിക്കറ്റ് വാഴ്ത്തിയ മോഹിത് ശര്‍മയുടെ ബൗളിങ് മാജിക്കുമാണ് മുംബൈയുടെ കഥ കഴിച്ചത്.
വലിയ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ മുംബൈയുടെ ഓപ്പണേഴ്‌സിനെ മുഹമ്മദ് ഷമി പെട്ടന്ന് തന്നെ മടക്കി അയച്ചു. ഇഷാന്‍ കിഷന്‍ പരുക്ക് മൂലം പുറത്തായത് മുംബൈയുടെ തുടക്കത്തെ സാരമായി ബാധിച്ചു. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ നേഹല്‍ വധേരയും (4) നായകന്‍ രോഹിത് ശര്‍മയും (8) രണ്ടക്കം കടക്കും മുന്‍പേ പുറത്തായി.
മൂന്നാം വിക്കറ്റിലെ തിലക് വര്‍മ-കാമറൂണ്‍ ഗ്രീന്‍ കൂട്ടുകെട്ടാണ് മുംബൈ ഇന്നിങ്‌സിന് അടിത്തറ പാകിയത്. 14 പന്തില്‍ കൂറ്റനടിയുമായി 43 റണ്‍സെടുത്ത തിലകിനെ ബൗള്‍ഡാക്കി റാഷിദ് ഖാന്‍ മുംബൈ പ്രതീക്ഷകളെ തകര്‍ത്തു. പിന്നാലെ ഇറങ്ങിയ സൂര്യ കുമാറും ഗ്രീനിനൊപ്പം മധ്യ നിരയില്‍ കൂട്ടുകെട്ടുണ്ടാക്കി. ഇവരാണ് മുംബൈയുടെ സ്‌കോര്‍ 100 കടത്തിയത്. എന്നാല്‍ 20 പന്തില്‍ 30 റണ്‍സെടുത്ത ഗ്രീനിനെ കൂടാരം കയറ്റി ജോഷ്വ ലിറ്റില്‍ മുംബൈയുടെ പ്രതീക്ഷ തകര്‍ത്തു.
അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ കളത്തില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പുറകെ വന്നവര്‍ക്കൊന്നും പിന്തുണ നല്‍കാന്‍ സാധിക്കാത്തത് മുംബൈയുടെ പരാജയത്തിന് വഴിയൊരുക്കി 38 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറുമായി സൂര്യകുമാര്‍ 61 റണ്‍സാണ് നേടിയത്. വിഷ്ണു വിനോദ്(5), ടിം ഡേവിഡ്(2), ക്രിസ് ജോര്‍ദാന്‍(2), പീയുഷ് ചൗള(0), കുമാര്‍ കാര്‍ത്തികേയ(6) എന്നിവര്‍ നിരാശപ്പെടുത്തി. ഗുജറാത്തിനായി മുഹമ്മദ് ഷമിയും റാഷിദ് ഖാനും രണ്ട് വീതവും ജോഷ്വ ലിറ്റഇല്‍ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടൂര്‍ണമെന്റിലുടനീളം കാഴ്ചവച്ച മിന്നും ഫോം ഒരിക്കല്‍ക്കൂടി പുറത്തെടുത്ത യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ മികവില്‍ ഗുജറാത്ത് ടൈറ്റന്‍സ് കൂറ്റന്‍ സ്‌കോര്‍ അടിച്ചു കൂട്ടിയത്. 60 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും 10 സിക്സറുകളും സഹിതം 129 റണ്‍സ് നേടിയ ഗില്ലായിരുന്നു ഗുജറാത്ത് ഇന്നിങ്സിന്റെ നട്ടെല്ല്. രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശനൊപ്പം 138 റണ്‍സാണ് ഗില്‍ കൂട്ടിച്ചേര്‍ത്തത്. 31 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്സറും സഹിതം 43 റണ്‍സ് നേടിയ സായ് സുദര്‍ശന്‍ പരുക്കേറ്റ് മടങ്ങുകയായിരുന്നു.
ഇന്നിങ്സ് അവസാനിക്കുമ്പോള്‍ 13 പന്തുകളില്‍ നിന്ന് രണ്ടു വീതം സിക്സറും ബൗണ്ടറികളും സഹിതം 28 റണ്‍സുമായി നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും അഞ്ചു റണ്‍സുമായി റാഷിദ് ഖാനും പുറത്താകാതെ നിന്നു. 16 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 18 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയാണ് പുറത്തായ മറ്റൊരു ഗുജറാത്ത് താരം. മഴയെത്തുടര്‍ന്ന് വൈകി ആരംഭിച്ച മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ ഗുജറാത്തിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ഗില്ലിന്റെ മികവില്‍ ഗുജറാത്ത് കൂറ്റന്‍ സ്‌കോറിലേക്കു കുതിക്കുകയായിരുന്നു. വ്യക്തിഗത സ്‌കോര്‍ 30-ല്‍ നില്‍ക്കെ ഗില്‍ നല്‍കിയ ക്യാച്ച് ടിം ഡേവിഡ് വിട്ടുകളഞ്ഞതാണ് മുംബൈയ്ക്ക് കനത്ത തിരിച്ചടിയായത്.