ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ലെ രണ്ടാം ഫൈനലിസ്റ്റിനെ കണ്ടെത്താനുള്ള രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് മഴഭീഷണി. മത്സരം നടക്കുന്ന അഹമ്മദാബാദില്‍ വൈകുന്നേരം മുതല്‍ കനത്ത മഴയാണ്. ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മഴയ്ക്ക് ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മത്സരം ആരംഭിക്കാന്‍ ഒരു മണിക്കൂറോളം വൈകുമെന്നാണ് സൂചന.
നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സുമാണ് ക്വാളിഫയര്‍ രണ്ടില്‍ കൊമ്പുകോര്‍ക്കുന്നത്. ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് 15 റണ്‍സിനു തോറ്റതോടെയാണ് ഗുജറാത്തിന് രണ്ടാം ക്വാളിഫയര്‍ കളിക്കേണ്ടി വന്നത്. അതേസമയം പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ക്കയറിയ മുംബൈ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 81 റണ്‍സിനു തോല്‍പിച്ചാണ് ക്വാളിഫയര്‍ രണ്ടില്‍ കടന്നത്.
ഇന്നു ജയിക്കുന്ന ടീം 28-ന് നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടാന്‍ യോഗ്യത നേടും. ഇന്നത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ സൂപ്പര്‍ ഓവറിലൂടെയാകും വിജയികളെ കണ്ടെത്തുക. എന്നാല്‍ സൂപ്പര്‍ ഓവറും നടത്താന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ഗ്രൂപ്പ് റൗണ്ടിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയെ പിന്തളളി ഗുജറാത്താകും ഫൈനലിലേക്കു മുന്നേറുക.
ഓവര്‍ നഷ്ടമാകാതെ മത്സരം നടത്താന്‍ രാത്രി 9:40 വരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുള്ളില്‍ മഴ ശമിച്ചില്ലെങ്കില്‍ പിന്നീട് അഞ്ച് ഓവര്‍ മത്സരമെങ്കിലും നടത്താനാകും ശ്രമിക്കുന്നത്. രാത്രി 11:56 വരെയാണ് ഇതിനുള്ള കട്ട് ഓഫ് ടൈം. ഇതിനുള്ളിലും മഴ ശമിച്ചില്ലെങ്കിലാകും സൂപ്പര്‍ ഓവറിന് തയാറെടുക്കുക. ഇതും നടത്താന്‍ കഴിഞ്ഞില്ലെങ്കിലാണ് ലീഗ് റൗണ്ടിലെ പ്രകടനമികവിന്റെ അടിസ്ഥാനപ്പെടുത്തി ഫൈനലിസ്റ്റിനെ നിശ്ചയിക്കുന്നത്.