ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യൻ പ്രീമിയർ സീസണ്‍ 16-ന്റെ ഫൈനല്‍ മഴയെത്തുടര്‍ന്ന് ഇന്നത്തേക്കു മാറ്റിയിരുന്നു. ഇന്നും മഴ ചതിച്ചാൽ എന്ത് ചെയ്യുമെന്ന ആശങ്കയിലായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർ. എന്നാൽ പകൽ സമയത്തെ ഇതുവരെയുള്ള കാലാവസ്ഥ തെളിഞ്ഞതായതിനാൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മഴ വീണ്ടും കളിക്കില്ലെന്നാണ് പ്രതീക്ഷ. എന്നാല്‍ മഴഭീഷണി തീരെ ഒഴിഞ്ഞിട്ടുമില്ല. രാത്രിയില്‍ മഴപെയ്യാന്‍ മൂന്നു ശതമാനം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റിസർവ് ദിനമായ ഇന്നും മഴ ചതിക്കുകയാണെങ്കിൽ ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തിയ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ വിജയികളായി തിരഞ്ഞെടുക്കും. കിരീടം നേടി ഐപിഎല്ലിൽ നിന്നും വിരമിക്കാമെന്ന ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ആഗ്രഹം ഇതോടെ തകരുകയും ചെയ്യും.
ഇന്നലത്തേതിന് സമാനമായി വിജയികളെ കണ്ടെത്താൻ ഒരു ടി20 മത്സരത്തിന്റെ നിശ്ചിത സമയമായ നാലര മണിക്കൂറും അധികമായി മൂന്ന് മണിക്കൂറും ഇന്നും അനുവദിച്ചിട്ടുണ്ട്. കലാശപ്പോരാട്ടം കാണാൻ ഞായറാഴ്ച എത്തിച്ചേർന്നിരിക്കുന്ന ആരാധകർക്ക് അതേ ടിക്കറ്റുമായി തിങ്കളാഴ്ചയും മത്സരത്തിൽ പങ്കെടുക്കാമെന്ന് ഐപിഎൽ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.