CRICKET

ഐപിഎല്‍ 2024: ഹെഡ് മുതല്‍ മധുശങ്ക വരെ; ലേലത്തില്‍ തിളങ്ങാന്‍ 333 താരങ്ങള്‍

333 താരങ്ങള്‍ക്കായി 77 സ്ഥാനങ്ങളാണുള്ളത്. ഇതില്‍ 30 എണ്ണം വിദേശ താരങ്ങള്‍ക്കായുള്ളതാണ്

വെബ് ഡെസ്ക്

2024 ഇന്ത്യന്‍ പ്രീമിയർ ലീഗിന് (ഐപിഎല്‍) മുന്നോടിയായി ഡിസംബർ 19-ന് നടക്കുന്ന താരലേലത്തില്‍ പങ്കെടുക്കുന്ന 333 താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. 214 ഇന്ത്യന്‍ താരങ്ങളാണ് ഇത്തവണ ലേലത്തിനുള്ളത്. അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് രണ്ട് പേരുമുണ്ട്. 333 താരങ്ങള്‍ക്കായി 77 സ്ഥാനങ്ങളാണുള്ളത്. ഇതില്‍ 30 എണ്ണം വിദേശ താരങ്ങള്‍ക്കായുള്ളതാണ്.

ഓസ്ട്രേലിയയുടെ സൂപ്പർ താരങ്ങളായ ട്രാവിസ് ഹെഡ്, മിച്ചല്‍ സ്റ്റാർക്ക്, പാറ്റ് കമ്മിന്‍സ് ഉള്‍പ്പടെ 119 വിദേശകളിക്കാരും പട്ടികയിലുണ്ട്. 2014, 2015 സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർസിബി) ഭാഗമായിരുന്ന സ്റ്റാർക്ക് 2018-ന് ശേഷം ആദ്യമായാണ് ലേലത്തില്‍ എത്തുന്നത്. അന്താരാഷ്ട്ര മത്സരങ്ങളുടെ പ്രധാന്യം മുന്‍നിർത്തി കമ്മിന്‍സ് 2023 ഐപിഎല്ലില്‍ നിന്ന് വിട്ടുനിന്നിരുന്നു.

വിദേശതാരങ്ങളില്‍ ഏറ്റവും മൂല്യമേറിയ താരമാകാന്‍ സാധ്യതയുള്ളത് ട്രാവിസ് ഹെഡാണ്. ഓസ്ട്രേലിയയ്ക്ക് ആറാം ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ചത് ഹെഡിന്റെ മികവായിരുന്നു. 2016, 17 സീസണുകളില്‍ ഹെഡ് ആർസിബിയുടെ ഭാഗമായിരുന്നെങ്കിലും പിന്നീട് ഐപിഎല്ലില്‍ കളിച്ചില്ല. സ്റ്റാർക്ക്, കമ്മിന്‍സ്, ഹെഡ് എന്നിവരുടെ അടിസ്ഥാനവില രണ്ട് കോടി രൂപയാണ്. ജോഷ് ഹെയ്‌സല്‍വുഡ്, സ്റ്റീവ് സ്മിത്ത്, സീന്‍ അബോട്ട്, ജോഷ് ഇംഗ്ലിസ് എന്നിവരാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള മറ്റ് ഓസീസ് താരങ്ങള്‍.

ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലും രച്ചിന്‍ രവീന്ദ്രയുമാണ് ലേലത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഒരു കോടി രൂപയും 50 ലക്ഷവുമാണ് യഥാക്രമം ഇരുവരുടേയും അടിസ്ഥാന വില. 2022-ല്‍ മിച്ചല്‍ രാജസ്ഥാന്‍ റോയല്‍സിനായി രണ്ട് മത്സരങ്ങള്‍ കളിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ പേസർ ജെറാള്‍ഡ് കോറ്റ്സിയാണ് രണ്ട് കോടി രൂപ വിലയിട്ടിരിക്കുന്ന മറ്റൊരു വിദേശതാരം.

ഷാർദൂല്‍ ഠാക്കൂർ, ഹർഷല്‍ പട്ടേല്‍, ഉമേഷ് യാദവ് എന്നിവരാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരങ്ങള്‍. ഷാർദൂലിനേയും ഉമേഷിനേയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) റിലീസ് ചെയ്യുകയായിരുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് ഹർഷലിനെ റിലീസ് ചെയ്യാന്‍ ആർസിബിയെ പ്രേരിപ്പിച്ചത്.

വനിന്ദു ഹസരങ്ക, ദില്‍ഷന്‍ മധുശങ്ക എന്നിവരാണ് ലേലത്തില്‍ ടീമുകളെ ആകർഷിക്കാന്‍ സാധ്യതയുള്ള ശ്രീലങ്കന്‍ താരങ്ങള്‍. 10 ടീമുകള്‍ക്ക് 262.95 കോടി രൂപയാണ് ചെലവാക്കാന്‍ സാധിക്കുക.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം