നായകന്‍ മാറി, പുതിയ ജേഴ്സി അണിഞ്ഞു, ടീമിലും അഴിച്ചുപണികള്‍ നടത്തി... പക്ഷെ, ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ അവസ്ഥയ്ക്ക് മാത്രം മാറ്റമില്ലാതെ തുടരുകയാണ്. പ്ലേ ഓഫ് സാധ്യത സാങ്കേതികമായി അടഞ്ഞിട്ടില്ലെങ്കിലും ഏറെക്കുറെ അവസാനിച്ചതുപോലെയാണ്.
നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള ബെംഗളൂരു പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. അവശേഷിക്കുന്നത് ആറ് മത്സരങ്ങള്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് (2), പഞ്ചാബ് കിങ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പർ കിങ്സ് എന്നിവർക്കെതിരെയാണ് ബെംഗളൂരുവിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍. ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകള്‍ പരിശോധിക്കാം.
എങ്ങനെ ആദ്യ നാലില്‍ ഇടം നേടാം
അവശേഷിക്കുന്ന ആറ് മത്സരങ്ങളും ജയിക്കുകയാണെങ്കില്‍ ബെംഗളൂരുവിന് 14 പോയിന്റാകും. മറ്റ് ടീമുകളുടെ മത്സരഫലങ്ങളും അനുകൂലമാകുകയാണെങ്കില്‍ നെറ്റ് റണ്‍ റേറ്റിന്റെ സഹായമില്ലാതെ തന്നെ പ്ലേ ഓഫ് ഉറപ്പിക്കാനാകും.
ബെംഗളൂരുവിന്റെ സാധ്യതകള്‍ വർധിക്കണമെങ്കില്‍ പോയിന്റ് പട്ടികയില്‍ നിലവില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളവർ മികച്ച വിജയങ്ങളുമായി മുന്നേറുകയും മറ്റ് ടീമുകള്‍ പരാജയപ്പെടുകയും വേണം. നിലവിലെ സ്ഥിതി പരിശോധിക്കുകയാണെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഹൈദരാബാദ് എന്നിവരാണ് മുന്നിലുള്ള മൂന്ന് ടീമുകള്‍.
രാജസ്ഥാന്‍ അവശേഷിക്കുന്ന ആറില്‍ നാലും കൊല്‍ക്കത്തയും ഹൈദരാബാദും ഏഴില്‍ അഞ്ചും ജയിക്കുകയാണെങ്കില്‍ മൂന്ന് ടീമുകളുടേയും പോയിന്റുകള്‍ യഥാക്രമം 22,20,20 എന്ന നിലയിലായിരിക്കും. ഇപ്രകാരമാണെങ്കില്‍ ബെംഗളൂരുവിന് 14 പോയിന്റുമായി പ്ലേ ഓഫിലെത്താം.
ആദ്യ മൂന്നിലും എത്താം!
ഹൈദരാബാദും കൊല്‍ക്കത്തയും വന്‍ തിരിച്ചടി നേരിടുകയാണെങ്കില്‍ ബെംഗളൂരുവിന്റെ ആദ്യ മൂന്നിലെത്താനുള്ള സ്വപ്നങ്ങള്‍ പൂവണിയും. അവശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ ഇരുടീമുകളും വിജയിക്കുന്നത് ഒരു മത്സരത്തില്‍ മാത്രമായിരിക്കണം. ഈ സാഹചര്യത്തില്‍ 12 പോയിന്റാകും ഇരുടീമുകള്‍ക്കും.
മറുവശത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ് അവശേഷിക്കുന്ന ആറ് മത്സരങ്ങളില്‍ അഞ്ചും ജയിക്കണം. ഇതോടെ ലഖ്നൗവിന് 20 പോയിന്റാകും. രാജസ്ഥാനൊപ്പം ആദ്യ രണ്ടിലും ഇടം ലഭിക്കും. അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിക്കുന്ന ബെംഗളൂരു ഇതോടെ 14 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തും. ആറ് ടീമുകള്‍ക്ക് 12 പോയിന്റുമാകും.