CRICKET

IPL 2024| ചെന്നൈക്ക് റുതുരാജ വിജയം; കൊല്‍ക്കത്തയ്ക്ക് ആദ്യ തോല്‍വി

അർധ സെഞ്ചുറി നേടിയ നായകന്‍ റുതുരാജ് ഗെയ്‌ക്വാദാണ് ചെന്നൈയെ സീസണിലെ മൂന്നാം വിജയത്തിലേക്ക് നയിച്ചത്

വെബ് ഡെസ്ക്

ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് മൂന്നാം ജയം. എം എ ചിദംബരം സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്ത ഉയർത്തിയ 138 റണ്‍സ് വിജയലക്ഷ്യം 14 പന്ത് ബാക്കി നില്‍ക്കെയായിരുന്നു ആതിഥേയർ മറികടന്നത്. ചെന്നൈക്കായി നായകന്‍ റുതുരാജ് ഗെയ്‌‌ക്വാദ് (67*) അർധ സെഞ്ചുറി നേടി. കൊല്‍ക്കത്തയുടെ സീസണിലെ ആദ്യ തോല്‍വിയാണിത്.

കൊല്‍ക്കത്തയുടെ ചെറിയ സ്കോർ മറികടക്കാന്‍ കരുതലോടെ ബാറ്റ് വീശുക എന്നത് മാത്രമായിരുന്നു ചെന്നൈ ബാറ്റർമാരുടെ ഉത്തരവാദിത്തം. പവർപ്ലെയ്ക്കുള്ളില്‍ തന്നെ രച്ചിന്‍ രവീന്ദ്രയെ (15) നഷ്ടമായെങ്കിലും നായകന്‍ റുതുരാജ് മുന്നില്‍ നിന്ന് നയിച്ചു. രണ്ടാം വിക്കറ്റില്‍ ഡാരില്‍ മിച്ചലുമായി ചേർന്ന് 70 റണ്‍സ് കൂട്ടുകെട്ടാണ് റുതുരാജ് പടുത്തുയർത്തിയത്. 19 പന്തില്‍ 25 റണ്‍സ് നേടിയ മിച്ചല്‍ നരെയ്‌ന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. 45 പന്തിലായിരുന്നു ചെന്നൈ നായകന്‍ അർധ സെഞ്ചുറി തികച്ചത്.

ഡാരില്‍ മിച്ചല്‍ മടങ്ങിയെങ്കിലും ശിവം ദുബെയെ കൂട്ടുപിടിച്ച് അപകടങ്ങളില്ലാതെ റുതുരാജ് ചെന്നൈയെ മൂന്നാം വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 18 പന്തില്‍ 28 റണ്‍സ് നേടിയ ദുബെ വിജയലക്ഷ്യത്തിന് മൂന്ന് റണ്‍സ് അകലെയാണ് പുറത്തായത്. വൈഭവ് അറോറയുടെ പന്തില്‍ താരം ബൗള്‍ഡാവുകയായിരുന്നു. 58 പന്തില്‍ 67 റണ്‍സെടുത്താണ് റുതുരാജ് പുറത്താകാതെ നിന്നത്. ഒന്‍പത് ഫോറുകള്‍ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.

കൊല്‍ക്കത്ത 137-9

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് ആദ്യ പന്തില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ (0) നഷ്ടമായിരുന്നു. എന്നാല്‍ ചെപ്പോക്കിലെ വേഗത കുറഞ്ഞ വിക്കറ്റില്‍ പവർപ്ലെ കൃത്യമായി ഉപയോഗിച്ചുകൊണ്ട് സുനില്‍ നരെയ്‌നും അങ്ക്ക്രിഷ് രഘുവംശിയും ബാറ്റ് വീശി. രണ്ടാം വിക്കറ്റില്‍ 56 റണ്‍സാണ് സഖ്യം കൂട്ടിച്ചേർത്തത്. രഘുവംശിയെ (24) വിക്കറ്റിന് മുന്നില്‍ കുടുക്കി രവീന്ദ്ര ജഡേജയായിരുന്നു കൂട്ടുകെട്ട് പൊളിച്ചത്. അതേ ഓവറില്‍ തന്നെ നരെയ്‌ന്റെ (27) വിക്കറ്റും വീണു.

പിന്നീട് കൊല്‍ക്കത്ത ബാറ്റർമാരുടെ വിക്കറ്റ് വീഴ്ചയ്ക്കും പതിഞ്ഞ താളത്തിലുള്ള ബാറ്റിങ്ങിനുമായിരുന്നു ചെപ്പോക്ക് സാക്ഷ്യം വഹിച്ചത്. വെങ്കിടേഷ് അയ്യർ (3), രമണ്‍ദീപ് സിങ് (13), റിങ്കു സിങ് (9), ആന്ദ്രെ റസല്‍ (10), മിച്ചല്‍ സ്റ്റാർക്ക് (0) എന്നിവർ ചെന്നൈ ബൗളർമാരുടെ ജോലി എളുപ്പമാക്കി. 34 റണ്‍സെടുത്തെങ്കിലും സ്കോറിങ്ങിന് വേഗം കൂട്ടാനാകാതെയാണ് നായകന്‍ ശ്രേയസ് അയ്യർ മടങ്ങിയത്. 32 പന്തില്‍ നിന്നാണ് ശ്രേയസ് 34 റണ്‍സ് നേടിയത്.

ചെന്നൈക്കായി തുഷാർ ദേശ്‌പാണ്ഡെയും ജഡേജയും മൂന്നും മുസ്തഫിസൂർ റഹ്മാന്‍ രണ്ടും വിക്കറ്റ് നേടി.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും