ഐപിഎല്‍ 17-ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് ആറ് വിക്കറ്റ് ജയം. 174 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ എട്ട് പന്ത് ബാക്കി നില്‍ക്കെയാണ് ആദ്യ ജയം നേടിയെടുത്തത്. ശിവം ദുബെ (34), രച്ചിന്‍ രവീന്ദ്ര (37) എന്നിവരാണ് ചെന്നൈക്കായി തിളങ്ങിയത്.
വിജയലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് ചെന്നൈക്ക് അനിവാര്യമായിരുന്ന മികച്ച തുടക്കം നല്‍കാന്‍ രച്ചിന്‍ രവീന്ദ്രയ്ക്കായി. രച്ചിന്റെ മികവില്‍ പവർപ്ലേയില്‍ ചെന്നൈയുടെ സ്കോർ 60 കടന്നിരുന്നു. എന്നാല്‍ ലഭിച്ച തുടക്കം ഉപയോഗിക്കാന്‍ ചെന്നൈക്കായി ബാറ്റേന്തിയ ഒരു താരത്തിനുമായില്ല. ഇരുപതുകളിലും മുപ്പതുകളിലും ഒതുങ്ങി ബാറ്റർമാരുടെ സംഭാവന. 15 പന്തില്‍ 37 റണ്‍സെടുത്ത രച്ചിനും 19 പന്തില്‍ 27 റണ്‍സെടുത്ത രഹാനെയും മാത്രമാണ് സ്കോറിങ്ങിലെ കുതിപ്പിന് സഹായമായത്.
വിക്കറ്റുകള്‍ വീഴുമ്പോള്‍ റണ്‍നിരക്കില്‍ പിന്നോട്ട് പോയിരുന്നില്ല ചെന്നൈ. ശിവം ദുബെയും രവീന്ദ്ര ജഡേജയും ഇടവേളകളില്‍ ബൗണ്ടറികള്‍ ഉറപ്പാക്കി. നിർണായക ഓവറുകളില്‍ ബെംഗളൂരു ബൗളർമാർ എക്സ്ട്രാസ് നല്‍കിയും സഹായിച്ചതോടെ ചെന്നൈക്ക് കാര്യങ്ങള്‍ എളുപ്പമാകുകയായിരുന്നു. 66 റണ്‍സ് ചേർത്ത ജഡേജ-ദുബെ കൂട്ടുകെട്ട് പൊളിക്കാന്‍ ബാംഗ്ലൂരിന് സാധിച്ചതുമില്ല. ഇതോടെ ചെന്നൈ സീസണിലെ ആദ്യ ജയം ഉറപ്പിച്ചു. 28 പന്തില്‍ നിന്നാണ് ദുബെ 34 റണ്‍സെടുത്തത്. ജഡേജ 17 പന്തില്‍ 25 റണ്‍സും നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബെംഗളൂരു ബാറ്റിങ് തകർച്ച നേരിട്ടെങ്കിലും മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു. നായകന്‍ ഫാഫ് ഡുപ്ലെസിസ് (35) നല്‍കിയ തുടക്കം ഉപയോഗിക്കാനാകാതെ മുന്‍നിര തകർന്നടിഞ്ഞതോടെ 78-5 എന്ന നിലയിലേക്ക് ബെംഗളൂരു വീണിരുന്നു. എന്നാല്‍ അനൂജ് റാവത്ത്-ദിനേശ് കാർത്തിക്ക് സഖ്യമാണ് ബെംഗളൂരുവിനെ ചെപ്പോക്കില്‍ ഭേദപ്പെട്ട സ്കോറിലേക്ക് അടുപ്പിച്ചത്.
അഞ്ചാം വിക്കറ്റില്‍ 95 റണ്‍സാണ് ഇരുവരും കൂട്ടിച്ചേർത്തത്. അവസാന അഞ്ച് ഓവറില്‍ 71 റണ്‍സും കണ്ടെത്തി. 25 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 48 റണ്‍സെടുത്ത അനൂജ് അവസാന പന്തിലാണ് പുറത്തായത്. 26 പന്തില്‍ 38 റണ്‍സെടുത്താണ് കാർത്തിക്ക് പുറത്താകാതെ നിന്നത്. മൂന്ന് ഫോറും രണ്ട് സിക്സും കാർത്തിക്കിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. വിരാട് കോഹ്ലി, ഡുപ്ലെസിസ്, രജത് പാട്ടിദാർ, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ വിക്കറ്റെടുത്ത മുസ്തഫിസൂർ റഹ്മാനാണ് ചെന്നൈക്കായി ബൗളിങ്ങില്‍ തിളങ്ങിയത്.