ഐപിഎല്‍ ക്വാളിഫയർ ഒന്നില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തകർന്നടിഞ്ഞ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് 19.3 ഓവറില്‍ 159 റണ്‍സിന് പുറത്താവുകയായിരുന്നു. 55 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. മൂന്ന് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാർക്കാണ് ഹൈദരാബാദിന്റെ ബാറ്റിങ് നിരയെ തകർത്തത്.
ഗ്രൂപ്പ് ഘട്ടത്തില്‍ നിലവാരത്തിനൊത്ത് ഉയരാത്തതിന് വിമർശനം നേരിട്ട മിച്ചല്‍ സ്റ്റാർക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്തയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. അപകടകാരിയായ ട്രാവിസ് ഹെഡിനെ (0) ബൗള്‍ഡാക്കിക്കൊണ്ടായിരുന്നു സ്റ്റാർക്ക് തുടങ്ങിയത്. പവർപ്ലേയ്ക്കുള്ളില്‍ തന്നെ നിതിഷ് റെഡ്ഡി (9), ഷഹബാസ് അഹമ്മദ് (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ സ്റ്റാർക്ക് മടക്കി. അഭിഷേക് ശർമയെ (3) വൈഭവ് അറോറയും പുറത്താക്കിയതോടെ അഞ്ച് ഓവറില്‍ 39-4 എന്ന നിലയിലേക്ക് ഹൈദരാബാദ് വീണു.
പിന്നീട് രാഹുല്‍ ത്രിപാഠിയും ഹെന്‌റ്‌റിച്ച് ക്ലാസനും ചേർന്ന് ഹൈദരാബാദിനെ കരകയറ്റുകയായിരുന്നു. ഫീല്‍ഡിലെ വിള്ളലുകള്‍ ഉപയോഗിച്ചായിരുന്നു ത്രിപാഠിയുടെ സ്കോറിങ്. എന്നാല്‍ തനതുശൈലിയില്‍ കൂറ്റനടികളുമായാണ് ക്ലാസന്‍ തുടങ്ങിയത്. 30 പന്തിലായിരുന്നു ത്രിപാഠി അർധ സെഞ്ചുറി തികച്ചത്. അഞ്ചാം വിക്കറ്റില്‍ 62 റണ്‍സാണ് സഖ്യം നേടിയത്. ക്ലാസനെ (32) മടക്കി വരുണ്‍ ചക്രവർത്തിയായിരുന്നു കൂട്ടുകെട്ട് പൊളിച്ചത്.
അബ്ദുള്‍ സമദുമായുള്ള ആശയവിനിമയത്തിലെ പോരായ്മ ത്രിപാഠിയുടെ റണ്ണൗട്ടിലേക്കും നയിച്ചു. 35 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 55 റണ്‍സായിരുന്നു ത്രിപാഠിയുടെ സമ്പാദ്യം. പിന്നാലെ എത്തിയ സന്‍വീർ സിങ്ങിന്റെ (0) പ്രതിരോധം സുനില്‍ നരെയ്‌ന്‍ അനായാസം മറികടന്നു. ഹർഷിത് റാണയുടെ പന്തില്‍ സമദ് (16) ശ്രേയസ് അയ്യരുടെ കൈകളിലൊതുങ്ങിയതോടെ ഹൈദരാബാദിന്റെ അവസാന അംഗീകൃത ബാറ്ററും കൂടാരം കയറി.
ഭുവനേശ്വർ കുമാറിനെ (0) ചക്രവർത്തി വിക്കറ്റിന് മുന്നില്‍ കുടുക്കി. 24 പന്തില്‍ 30 റണ്‍സെടുത്ത് അവസാന ഓവറില്‍ മടങ്ങിയ പാറ്റ് കമ്മിന്‍സാണ് ഹൈദരാബാദിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.