CRICKET

IPL 2024| ഈഡനില്‍ ചരിത്രം; റെക്കോഡ് സ്കോർ പിന്തുടർന്ന് ജയിച്ച് പഞ്ചാബ് കിങ്സ്

വെബ് ഡെസ്ക്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചരിത്ര ജയവുമായി പഞ്ചാബ് കിങ്സ്. കൊല്‍ക്കത്ത ഉയർത്തിയ 262 റണ്‍സ് വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെയാണ് പഞ്ചാബ് മറികടന്നത്. ട്വന്റി 20യുടെ ചരിത്രത്തില്‍ പിന്തുടർന്ന് വിജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ജോണി ബെയർസ്റ്റോ (108*), ശശാങ്ക് സിങ് (68*), പ്രഭ്‌സിമ്രന്‍ സിങ് (54) എന്നിവരുടെ ഇന്നിങ്സുകളാണ് പഞ്ചാബിന്റെ ജയം അനായാസമാക്കിയത്.

അടിക്ക് തിരിച്ചടി അതായിരുന്നു ഈഡനില്‍ കൊല്‍ക്കത്തയ്ക്കെതിരെ പഞ്ചാബിന്റെ തന്ത്രം. 262 എന്ന കൂറ്റന്‍ സ്കോറിന്റെ സമ്മർദമില്ലാതെയായിരുന്നു കളത്തിലെത്തിയ പഞ്ചാബ് ബാറ്റർമാരുടെ പ്രകടനം. പവർപ്ലെയ്ക്കുള്ളില്‍ തന്നെ പഞ്ചാബിന്റെ സ്കോർ 93ലെത്തിയിരുന്നു. ആറാം ഓവറിന്റെ അവസാന പന്തിലായിരുന്നു പ്രഭ്‌സിമ്രന്‍ പുറത്തായത്. 20 പന്തില്‍ 54 റണ്‍സെടുത്ത താരത്തിന്റെ ഇന്നിങ്സില്‍ നാല് ഫോറും അഞ്ച് സിക്സും ഉള്‍പ്പെട്ടു.

പ്രഭ്‌സിമ്രന്‍ അവസാനിപ്പിച്ചിടത്ത് നിന്ന് ബെയർസ്റ്റൊ തുടർന്നു. 10 ഓവറില്‍ പഞ്ചാബിന്റെ സ്കോർ 132ലെത്തി. റൈലി റൂസോയെ കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റില്‍ 85 റണ്‍സാണ് ബെയർസ്റ്റൊ ചേർത്തത്. 26 റണ്‍സെടുത്ത റൂസോയെ നരെയ്‌നാണ് മടക്കിയത്. ശശാങ്ക് സിങ് ക്രീസിലെത്തിയതോടെ പഞ്ചാബിന്റെ സ്കോർ അനായാസം കുതിച്ചു. 45 പന്തിലായിരുന്നു ബെയർസ്റ്റൊ ശതകത്തിലെത്തിയത്. പഞ്ചാബിനായി ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമാകാനും ബെയർസ്റ്റോയ്ക്കായി.

ശേഷം ശശാങ്കിന്റെ അവസരമായിരുന്നു. ദുശ്മന്ത ചമീരയുടെ ഓവറില്‍ 18 റണ്‍സും ഹർഷിത് റാണയുടെ ഓവറില്‍ 25 റണ്‍സും സഖ്യം നേടി. ഇതില്‍ ഏഴ് റണ്‍സ് മാത്രമായിരുന്നു ബെയർസ്റ്റോയുടെ സംഭാവനം. 23 പന്തിലായിരുന്നു ശശാങ്കിന്റെ അർധ സെഞ്ചുറി. 28 പന്തില്‍ 68 റണ്‍സെടുത്ത ശശാങ്കിന്റെ ഇന്നിങ്സില്‍ രണ്ട് ഫോറും എട്ട് സിക്സും ഉള്‍പ്പെട്ടു. എട്ട് ഫോറും ഒന്‍പത് സിക്സുമായിരുന്നു 108 റണ്‍സ് പിറന്ന ബെയർസ്റ്റോയുടെ ഇന്നിങ്സിലുണ്ടായിരുന്നത്.

നേരത്തെ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. അർധ സെഞ്ചുറി നേടിയ ഫില്‍ സോള്‍ട്ട് (75), സുനില്‍ നരെയ്‌ന്‍ എന്നിവരുടെ ഇന്നിങ്സാണ് ആതിഥേയർക്ക് തുണയായത്. പഞ്ചാബിനായി അർഷദീപ് രണ്ട് വിക്കറ്റെടുത്തു. ആന്ദ്രെ റസല്‍ (12 പന്തില്‍ 24), ശ്രേയസ് അയ്യർ (10 പന്തില്‍ 28) വെങ്കിടേഷ് അയ്യർ (23 പന്തില്‍ 39) എന്നിവർ പടുകൂറ്റന്‍ സ്കോർ ഉയർത്തുന്നതില്‍ തങ്ങളുടേതായ സംഭാവന നല്‍കി

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും