ഐപിഎല്‍ 17-ാം സീസണിലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിങ്സിന് 175 റണ്‍സ് വിജയലക്ഷ്യം. ആദ്യ ബാറ്റ് ചെയ്ത ഡല്‍ഹി എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സെടുത്തത്. മധ്യനിരയുടെ തകർച്ചയ്ക്ക് ശേഷം ഇംപാക്ട് പ്ലെയറായി എത്തിയ അഭിഷേക് പോറലാണ് (പത്ത് പന്തില്‍ 32) ഡല്‍ഹിയുടെ രക്ഷകനായത്. പഞ്ചാബിനായി ഹർഷല്‍ പട്ടേലും അർഷദീപ് സിങ്ങും രണ്ട് വിക്കറ്റ് വീതം നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ഡേവിഡ് വാർണർ - മിച്ചല്‍ മാർഷ് സഖ്യം പവർപ്ലെ കൃത്യമായി വിനിയോഗിച്ചു. നാലാം ഓവറിന്റെ തുടക്കത്തില്‍ മാർഷ് (20) മടങ്ങുമ്പോള്‍ ഡല്‍ഹിയുടെ സ്കോർ 40 അടുത്തിരുന്നു. മൂന്നാമനായെത്തിയ ഷായ് ഹോപിനെ കൂട്ടുപിടിച്ച് വാർണർ റണ്ണൊഴുക്ക് തുടർന്ന്. എന്നാല്‍ ലഭിച്ച തുടക്കം മുതലാക്കാന്‍ വാർണറിനായില്ല. 29 റണ്‍സെടുത്ത താരത്തെ പുറത്താക്കി ഹർഷല്‍ പട്ടേലാണ് കൂട്ടുകെട്ട് പൊളിച്ചത്.
നാലാമനായി ക്രീസിലെത്തിയ റിഷഭ് പന്തിനെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചായിരുന്നു കാണികള്‍ വരവേറ്റത്. വൈകാതെ ഷായ് ഹോപിനെ പുറത്താക്കാനും പഞ്ചാബിനായി. 25 പന്തില്‍ 33 റണ്‍സെടുത്ത ഹോപിനെ റബാഡയാണ് പുറത്താക്കിയത്. അപകടത്തിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ കാര്യമായ ഇംപാക്ട് ഉണ്ടാക്കാന്‍ പന്തിനുമായില്ല. 18 റണ്‍സായിരുന്നു ഇടം കയ്യന്‍ ബാറ്ററുടെ സമ്പാദ്യം. പിന്നീട് ഡല്‍ഹിയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീണു.
റിക്കി ഭുയ് (3), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (5) എന്നിവർ പന്തിന് പിന്നാലെ തന്നെ കൂടാരം കയറി. 13 പന്തില്‍ 21 റണ്‍സെടുത്ത അക്സർ പട്ടേലിന്റെ ചെറുത്തു നില്‍പ്പും ഇംപാക്ട് പ്ലെയറായെത്തിയ അഭിഷേക് പോറലും ചേർന്നാണ് ഡല്‍ഹിയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. ഹർഷല്‍ പട്ടേലെറിഞ്ഞ അവസാന ഓവറില്‍ മൂന്ന് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 25 റണ്‍സാണ് പോറല്‍ നേടിയത്. 10 പന്തില്‍ 32 റണ്‍സെടുത്ത് താരം പുറത്താകാതെ നിന്നു.