ലഖ്നൗ സൂപ്പർ ജയന്റ്സിനെ 20 റണ്‍സിന് തകർത്ത് രാജസ്ഥാന്‍ റോയല്‍സിന് സീസണില്‍ വിജയത്തുടക്കം. 194 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗവിന്റെ പോരാട്ടം 173-6 എന്ന നിലയില്‍ അവസാനിച്ചു. നിക്കോളാസ് പൂരാന്‍ (64), നായകന്‍ കെ എല്‍ രാഹുല്‍ (58) എന്നിവരുടെ അർധ സെഞ്ചുറികള്‍ പാഴായി. രാജസ്ഥാനായി ട്രെന്‍ ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടി.
194 റണ്‍സ് പിന്തുടർന്ന ലഖ്നൗവിനെ ആദ്യ നാല് ഓവറുകളില്‍ തന്നെ പിടിച്ചുകെട്ടാന്‍ രാജസ്ഥാന് കഴിഞ്ഞു. ട്രെന്‍ ബോള്‍ട്ട് - നന്ദ്രെ ബർഗർ സഖ്യം ക്വിന്റണ്‍ ഡി കോക്ക് (4), ദേവദത്ത് പടിക്കല്‍ (0), ആയുഷ് ബദോണി (1) എന്നിവരെ അതിവേഗം മടക്കി. നാലാം വിക്കറ്റില്‍ ദീപക് ഹൂഡയ്ക്കൊപ്പം നായകന്‍ കെ എല്‍ രാഹുല്‍ 49 റണ്‍സ് ചേർത്തു. ഹൂഡയെ (26) മടക്കി ചഹലായിരുന്നു കൂട്ടുകെട്ട് പൊളിച്ചത്.
എന്നാല്‍ രാഹുലിനൊപ്പം നിക്കോളാസ് പൂരാന്‍ ചേർന്നതോടെ ലഖ്നൗ ട്രാക്കിലായി. രാജസ്ഥാന്‍ ബാക്ക്ഫൂട്ടിലും. ഇരുവരും കൃത്യമായ ഇടവേളകളില്‍ ബൗണ്ടറികള്‍ കണ്ടെത്തി ആവശ്യമായ റണ്‍നിരക്ക് നിലനിർത്തി. അർധ സെഞ്ചുറിക്ക് തൊട്ടുപിന്നാലെ രാഹുലിനെ പുറത്താക്കി സന്ദീപ് ശർമ രാജസ്ഥാനെ മത്സരത്തിലേക്ക് മടക്കി. 44 പന്തില്‍ 58 റണ്‍സായിരുന്നു രാഹുലിന്റെ നേട്ടം.
രാഹുലിന്റെ പുറത്താകലിന് പിന്നാലെ പൂരാന്‍ 50 കടന്നു. പക്ഷേ, മാർക്കസ് സ്റ്റോയിനിസിനെ ജൂറലിന്റെ കൈകളിലെത്തിച്ച് അശ്വിന്‍ പ്രഹരം ഇരട്ടിപ്പിച്ചു. എന്നാല്‍ സന്ദീപ് ശർമയുടേയും ആവേശ് ഖാന്റെയും മികച്ച ബൗളിങ് ലഖ്നൗവിന് വിജയം നിഷേധിക്കുകയായിരുന്നു. 41 പന്തില്‍ 64 റണ്‍സെടുത്ത് പൂരാന്‍ പുറത്താകാതെ നിന്നു.
നേരത്തെ, നായകന്‍ സഞ്ജു സാംസണിന്റെ അർധ സെഞ്ചുറി മികവിലാണ് ലഖ്നൗവിനെതിരെ രാജസ്ഥാന്‍ റോയല്‍സ് കൂറ്റന്‍ സ്കോർ ഉയർത്തിയത്. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. പുറത്താകാതെ 52 പന്തില്‍ 82 റണ്‍സാണ് സഞ്ജു സ്കോർ ചെയ്തത്. 43 റണ്‍സുമായി റിയാന്‍ പരാഗ് മികച്ച പിന്തുണ നല്‍കി.