ഐപിഎല്‍ 2024 എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ കീഴടക്കി ക്വാളിഫയർ രണ്ടിന് യോഗ്യത നേടി രാജസ്ഥാന്‍ റോയല്‍സ്. ബെംഗളൂരു ഉയർത്തിയ 173 റണ്‍സ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നില്‍ക്കെയാണ് രാജസ്ഥാന്‍ മറികടന്നത്. യശസ്വി ജയ്സ്വാള്‍ (45), റിയാന്‍ പരാഗ് (36), ഷിമ്രോണ്‍ ഹെറ്റ്‌മെയർ എന്നിവരാണ് രാജസ്ഥാന്റെ ജയം അനായാസമാക്കിയത്.
173 എന്ന ഭേദപ്പെട്ട ലക്ഷ്യത്തിലേക്ക് മികച്ച രീതിയില്‍ കരുതലോടെയായിരുന്നു രാജസ്ഥാന്‍ തുടങ്ങിയത്. ആദ്യ രണ്ട് ഓവറിന് ശേഷം യശസ്വി ജയ്‌സ്വാളും കോഹ്ലർ കാഡ്മോറും അനായാസം ബൗണ്ടറികള്‍ കണ്ടെത്താന്‍ ആരംഭിച്ചു. എന്നാല്‍ ലോക്കി ഫെർഗൂസണിന്റെ പന്തില്‍ കാഡ്മോർ (20) ബൗള്‍ഡായതോടെ കൂട്ടുകെട്ട് പൊളിയുകയായിരുന്നു. പവർപ്ലേയില്‍ 47 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടിയത്.
ശേഷം ജയ്സ്വാളും സഞ്ജു സാംസണും ചേർന്നായിരുന്നു ഇന്നിങ്സിനെ നയിച്ചത്. ബൗണ്ടറികള്‍ വിരളമായിരുന്നെങ്കിലും 35 റണ്‍സ് രണ്ടാം വിക്കറ്റില്‍ രാജസ്ഥാന്‍ ചേർത്തു. 45 റണ്‍സെടുത്ത ജയ്സ്വാളിനെ പുറത്താക്കി കാമറൂണ്‍ ഗ്രീനാണ് രണ്ടാം വിക്കറ്റ് നേടിയത്. വൈകാതെ കരണ്‍ ശർമയുടെ പന്തില്‍ സഞ്ജു (17) പുറത്താവുകയും പിന്നാലെയെത്തിയ ദ്രുവ് ജൂറല്‍ (8) റണ്ണൗട്ടാവുകയും ചെയ്തു. ഇതോടെ രാജസ്ഥാനെ സമ്മർദത്തിലാക്കാന്‍ ബെംഗളൂരുവിനായി.
വിക്കറ്റ് മറുവശത്ത് വീഴുമ്പോഴും റിയാന്‍ പരാഗ് നിലയുറപ്പിച്ചു. ഒപ്പം ഷിമ്രോണ്‍ ഹെറ്റ്‌മയറും ചേർന്നതോടെ രാജാസ്ഥാന്‍ സമ്മർദം അതിജീവിച്ചു. വിജയിക്കാന്‍ 16 റണ്‍സ് അകലെയാണ് പരാഗിനെ സിറാജ് വീഴ്ത്തിയത്. 36 റണ്‍സായിരുന്നു വലംകയ്യന്‍ ബാറ്റർ നേടിയത്. 14 പന്തില്‍ 26 റണ്‍സെടുത്ത ഹെറ്റ്മയറും തൊട്ടുപിന്നാലെ സിറാജിന് മുന്നില്‍ വീണു. എന്നാല്‍ എട്ട് പന്തില്‍ 16 റണ്‍സ് നേടിയ റോവ്മാന്‍ പവല്‍ രാജസ്ഥാന്റെ ജയം ഉറപ്പിക്കുകയായിരുന്നു.
നേരത്തെ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ബെംഗളൂരു 172 റണ്‍സ് നേടിയത്. രജത് പാട്ടിദാർ (34), വിരാട് കോഹ്ലി (33), മഹിപാല്‍ ലോംറോർ (32) എന്നിവരുടെ ഇന്നിങ്സാണ് ബെംഗളൂരുവിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. രാജസ്ഥാനായി ആവേശ് ഖാന്‍ മൂന്നും രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് വിക്കറ്റും നേടി. ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശർമ, യുസുവേന്ദ്ര ചഹല്‍ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.